ന്യൂദല്‍ഹി: നിര്‍ണായകമായ ആറ് വിഷയങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാകാതെ ലോക്പാല്‍ സമിതിയുടെ ഇന്നലെ ചേര്‍ന്ന അന്തിമ യോഗവും പിരിഞ്ഞതിനെത്തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ വീണ്ടും നിരാഹാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പൗരസമൂഹ പ്രതിനിധികളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് യോഗം അലസിപ്പിരിഞ്ഞത്. പ്രധാനമന്ത്രിയെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കരട് ബില്‍ അല്ല സര്‍ക്കാര്‍ ഇന്നലെ അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 16ന് നിരാഹാരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. ഹസാരെയുടെ നിലപാട് സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്നും ഹസാരെ മുന്നറിയിപ്പ് നല്കി.
ഗൗരവകരമായ അഭിപ്രായവ്യത്യാസത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്പാല്‍ കരടുബില്‍ തയ്യാറാക്കാനുള്ള സംയുക്ത സമിതി ഇന്നലെ യോഗം ചേര്‍ന്നത്. സമിതി ചെയര്മാന് ധനകാര്യമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഓഫീസിലാണ് അവസാന യോഗം ചേര്‍ന്നത്. കാശ്മീര്‍ സന്ദര്‍ശനത്തിലായിരുന്ന ആഭ്യന്തരമന്ത്രി പി. ചിദംബരം ഒഴികെ ഒന്‍പതംഗങ്ങളും ഇതില്‍ പങ്കെടുത്തു.
പൊതുസമൂഹപ്രതിനിധികള്‍ തങ്ങളുടെയും സര്‍ക്കാരിന്റേയും കരട് റിപ്പോര്‍ട്ടുകള്‍ തീരുമാനമെടുക്കാനായി കൈമാറുമെന്ന് യോഗത്തിന് മുമ്പുതന്നെ അറിയിച്ചിരുന്നു. രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ അഭിപ്രായമറിയിച്ചശേഷം രണ്ട് കരട് ബില്ലുകളും ഒന്നാക്കുകയും അവയിലോരോന്നിലുമുള്ള രണ്ടു കക്ഷികളുടെയും എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയ ശേഷം കേന്ദ്രമന്ത്രിസഭക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെ നടന്ന യോഗത്തില്‍ വിയോജിപ്പുണ്ടായിരുന്ന ആറ് സംഗതികള്‍ക്കൊപ്പം പുതിയ കാര്യങ്ങളും ഉടലെടുത്തിട്ടുണ്ട്. ലോക്പാല്‍ ബില്‍ സെലക്ഷന് പാനലിന്റെ സംഘാടനം, ആര്‍ക്കൊക്കെ ലോക്പാലിനെ ഒഴിവാക്കാനായി സുപ്രീംകോടതിയെ സമീപിക്കാം എന്നതിലുള്ള വിയോജിപ്പാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നിട്ടുള്ളത്. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയും ഉയര്‍ന്ന ന്യായാധിപന്മാരും വരേണ്ടതുണ്ടോ, പാര്‍ലമെന്റംഗങ്ങളുടെ സഭയിലെ പെരുമാറ്റം, ഫണ്ടിന് മാതൃക, സിബിഐയും സംസ്ഥാന ലോകായുക്തകളും ഉള്‍പ്പെടണമോ എന്നീ വിഷയങ്ങളിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്.
നേരത്തെ ഉണ്ടായിരുന്ന ആറ് അഭിപ്രായ വ്യത്യാസങ്ങളോടൊപ്പം രണ്ടെണ്ണം കൂടി വര്‍ധിച്ചതായി പൊതുപ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് പറഞ്ഞു. അതേസമയം യോഗം സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് രണ്ടുവിഭാഗങ്ങളും അഭിപ്രായപ്പെട്ടു.
ഇതിന്മുമ്പു നടന്ന ലോക്പാല്‍ ബില്‍ യോഗങ്ങളില്‍ മുന്‍ നിശ്ചയത്തോടെയായിരുന്നു സര്‍ക്കാര്‍ നിലപാടെന്ന് തങ്ങള്ക്കനുഭവപ്പെട്ടുവെന്നും രാജ്യമെമ്പാടും ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവെന്നത് ആശാവഹമായ കാര്യമാണെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
പൊതുസമൂഹം പ്രധാനമന്ത്രിയേയും ഉന്നത ന്യായാധിപന്മാരേയും എംപിമാരുടെ സഭയിലെ പെരുമാറ്റത്തേയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായി അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സിബിഐയേയും ലോകായുക്തയേയും പരിധിയില്‍ കൊണ്ടുവരാനും അവര്‍ ആഗ്രഹിക്കുന്നു.
ലോക്പാലിനെ തെരഞ്ഞെടുക്കുന്ന പാനലിനെ സംബന്ധിച്ച് ഒരു സാധാരണ പൗരന് അദ്ദേഹത്തെ നീക്കം ചെയ്യാന്‍ സുപ്രീംകോടതിയെ സമീപിക്കാനധികാരമുണ്ടെന്നും പൊതുസമൂഹം നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: