ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിയുടെ ഓഫീസിലും ചാരപ്രവര്‍ത്തനം. തന്റെ ഓഫീസിന്റെ നിര്‍ണായക ഭാഗങ്ങളില്‍ ച്യുയിങ്ങ്ഗമ്മിന്റെ രൂപത്തിലുള്ള പശയുടെ സാന്നിധ്യം കണ്ടതിനെക്കുറിച്ച് രഹസ്യാന്വേഷണമാവശ്യപ്പെട്ട് മുഖര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്ത് കഴിഞ്ഞദിവസം പുറത്തുവന്നു. മുഖര്‍ജിയുടെ ഓഫീസ് നിരീക്ഷണവിധേയമാക്കുകയായിരുന്നുവെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
മുഖര്‍ജിയുടെ സ്വന്തം ഓഫീസ്, അദ്ദേഹത്തിന്റെ ഉപദേശക ഒമിത പോളിന്റെ ഓഫീസ്, പ്രൈവറ്റ് സെക്രട്ടറി മനോജ് പാന്തിന്റെ ഓഫീസ്, ധനമന്ത്രി ഉപയോഗിച്ചിരുന്ന രണ്ട് കോണ്‍ഫറന്‍സ് മുറികള്‍, അതീവ സുരക്ഷാ സംവിധാനങ്ങളുള്ള നോര്‍ത്ത് ബ്ലോക്കിന്റെ ഗ്രൗണ്ട്ഫ്ലോറിലെ പ്രധാന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ പശ പോലുള്ള വസ്തു കണ്ടതിനെക്കുറിച്ചാണ് മുഖര്‍ജി അന്വേഷണം ആവശ്യപ്പെട്ടത്. തന്റെ ഓഫീസ് നിരീക്ഷണവിധേയമാക്കാന്‍ നടത്തിയ നീക്കമാണിതെന്ന സംശയവും കത്തില്‍ മുഖര്‍ജി പ്രകടിപ്പിച്ചിട്ടുണ്ട്.
ധനമന്ത്രാലയത്തിലെ വിവിഐപി ചേംബറുകളിലും മറ്റും പ്രത്യക്ഷനികുതി ബോര്‍ഡി (സിബിഡിടി)ന്റെ സ്വകാര്യ അന്വേഷണസംഘം നടത്തിയ അസാധാരണ പരിശോധനക്ക് പിന്നാലെയാണ് മുഖര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സിബിഡിടി. മന്ത്രാലയത്തിന്റെ നിര്‍ണായക ഭാഗങ്ങളില്‍ പശയും സൂക്ഷ്മപരിശോധനയില്‍ ഉപരിതലത്തില്‍ പൊഴികളും കണ്ട വിവരം സിബിഡിടി ഉദ്യോഗസ്ഥരും അവര്‍ കൊണ്ടുവന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുമാണ് മുഖര്‍ജിയുടെ ശ്രദ്ധയില്പ്പെടുത്തിയതെന്നറിയുന്നു. ചെറിയ ഉപകരണം ഒട്ടിച്ചുവെച്ചശേഷം പിന്നീട് എടുത്തുമാറ്റിയതാകാമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് സുരക്ഷാ പാളിച്ചയെക്കുറിച്ച് രഹസ്യാന്വേഷണം ആവശ്യപ്പെട്ട് മുഖര്‍ജി കടുത്ത ഭാഷയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. തന്റെ ഓഫീസിലുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ച വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കാനിടയുണ്ടെന്ന് മുഖര്‍ജി മുന്നറിയിപ്പ് നല്കുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നും ആരാണ് ഇതിന് പിന്നിലെന്നും കണ്ടെത്താന്‍ രഹസ്യാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിന് സിബിഡിടിയുടെ അന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ട കാര്യവും കത്തിലുണ്ട്.
2010 സപ്തംബര്‍ നാലിനാണ് സിബിഡിടി സംഘം മുഖര്‍ജിയുടെ ആശങ്കകള്‍ക്ക് വഴിതെളിച്ച വസ്തുക്കള്‍ കണ്ടെത്തിയത്. 2010 ജൂണ്‍ മധ്യത്തില്‍ ധനമന്ത്രിയുടെ ഓഫീസില്‍ ഇതേ സംഘം ആദ്യമായി പരിശോധനക്കെത്തിയപ്പോള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. പശ പോലുള്ള വസ്തു കണ്ട വിവരം അന്വേഷണസംഘം ധനമന്ത്രാലയത്തിലെയും സിബിഡിടിയിലെയും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
അജ്ഞാതവസ്തു ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിക്കുകയും ധനമന്ത്രാലയത്തിലെ സുരക്ഷ ശക്തമാക്കാന്‍ വേണ്ട നടപടികള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മുഖര്‍ജിയുടെ കത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് അദ്ദേഹവുമായി സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട്, അന്ന് കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ചന്ദ്രശേഖര്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായിരുന്ന രാജീവ് മാഥൂറിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതോടെയാണ് അജ്ഞാതവസ്തു ഫോറന്‍സിക് പരിശോധനക്ക് അയച്ചത്.
എന്നാല്‍ പശ പോലുള്ള വസ്തു ഒരുതരം ച്യുയിങ്ങ്ഗം തന്നെയെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. നോര്‍ത്ത് ബ്ലോക്കിലെ മെയിന്റനന്‍സ് സ്റ്റാഫിനെയും ശുചീകരണ ജീവനക്കാരെയുമാണ് ഐബി ഇക്കാര്യത്തില്‍ സംശയിച്ചത്. എന്നാല്‍ ഇതേപ്പറ്റി അവര്‍ റിപ്പോര്‍ട്ടൊന്നും എഴുതിയിട്ടുമില്ല. ഇതേസമയം, ധനമന്ത്രി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്, പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവരുടെ മേശകളിലും മറ്റും സന്ദര്‍ശകരോ ജീവനക്കാരോ ച്യുയിങ്ങ്ഗം പതിപ്പിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സിബിഡിടി ഉദ്യോഗസ്ഥര്‍.
തന്റെ ഓഫീസില്‍ പശപോലുള്ള വസ്തു കണ്ട സംഭവം മുഖര്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ഒട്ടേറെ വമ്പന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ധനമന്ത്രി മുഖര്‍ജിയുടെ ഓഫീസില്‍ രഹസ്യനിരീക്ഷണത്തിനുണ്ടായ നീക്കം ഗുരുതരമായ പ്രശ്നമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. പുറത്തായ വിവരങ്ങള്‍ യഥാര്‍ത്ഥമാണെങ്കില്‍ അന്വേഷിക്കണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ രണ്ടാമനാണ് മുഖര്‍ജി. സ്വന്തം മന്ത്രിമാരെ രഹസ്യമായി നിരീക്ഷിക്കുന്നത് ആരെന്ന് കണ്ടെത്തണം. ഇത് ഒട്ടേറെ അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: