Categories: Kerala

സ്വാശ്രയം: സര്‍ക്കാരിന്‌ വീണ്ടും രൂക്ഷവിമര്‍ശനം

Published by

കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ വ്യക്തമായ നിലപാടില്ലാത്ത സംസ്ഥാന സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനക്കാര്യത്തില്‍ ഫീസ്‌ സംബന്ധിച്ച അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്തു.

സ്വാശ്രയ മെഡിക്കല്‍ കോളേജ്‌ പ്രവേശനം സംബന്ധിച്ച കേസില്‍ കോടതിയെ സമീപിക്കേണ്ടത്‌ ആരാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ചെലമേശ്വര്‍, ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച്‌ ചോദിച്ചു. കോടതിയെ സമീപിക്കേണ്ടത്‌ സര്‍ക്കാരോ വിദ്യാര്‍ത്ഥികളോ അല്ലാതെ മുഹമ്മദ്‌ കമ്മറ്റിയാണോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ സമഗ്രമായ പരിഹാരം ആവശ്യമാണെന്നും സര്‍ക്കാര്‍ നിലപാട്‌ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഫീസിന്റെ കാര്യത്തില്‍ മാനേജ്മെന്റുകള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന്‌ ആരോപിച്ച്‌ കോടതിയെ സമീപിച്ച മുഹമ്മദ്‌ കമ്മറ്റിയുടെ അപ്പീല്‍ നേരത്തെ സിംഗിള്‍ബെഞ്ച്‌ റദ്ദാക്കിയതിനെതിരെ ഡിവിഷന്‍ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇത്‌ പരിഗണിക്കവേയാണ്‌ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്‌.

എന്നാല്‍ മുഹമ്മദ്‌ കമ്മറ്റിയുടെ നിയന്ത്രണം സര്‍ക്കാരിന്റെ പരിധിയിലല്ലെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയെ അറിയിച്ചു. കമ്മറ്റിയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും എജി വ്യക്തമാക്കി. മുഹമ്മദ്‌ കമ്മറ്റിയെ കയ്യൊഴിയുന്ന നിലപാടാണ്‌ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്‌. എന്നാല്‍ സര്‍ക്കാരിന്‌ ഈ വിഷയത്തില്‍ നയപരമായ നിലപാടില്ലേ എന്ന്‌ കോടതി വീണ്ടും ചോദിച്ചു. ഇതിന്‌ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല. കേസ്‌ വീണ്ടും ഈ മാസം 23 ന്‌ പരിഗണിക്കാനായി മാറ്റി.

അപ്പീലിന്റെ കാര്യത്തില്‍ കമ്മറ്റിക്കുള്ള നിയമസാധുത അന്ന്‌ കോടതി പരിശോധിക്കും. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്‌ വ്യക്തമായ നിലപാടില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ.ചെലമേശ്വര്‍, ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ്‌ സര്‍ക്കാരിന്റെ നിലപാടിലുള്ള അവ്യക്തത വിമര്‍ശിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by