Categories: India

ലോക്പാല്‍: സര്‍വകക്ഷിയോഗം വിഫലമായേക്കും

Published by

ന്യൂദല്‍ഹി: ചര്‍ച്ച ചെയ്യാന്‍ ഒരു കരട്‌ ബില്ലില്ലെങ്കില്‍ സര്‍വകക്ഷിയോഗം വിഫലമാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. അണ്ണാഹസാരെ ഉള്‍പ്പെടുന്ന പൊതുസമൂഹവും സര്‍ക്കാര്‍ അംഗങ്ങളുമായി ചര്‍ച്ച നടക്കുന്നതിന്‌ മുമ്പുതന്നെ പൊതുസമൂഹത്തിനെതിരെ പ്രതിപക്ഷകക്ഷികളെ അണിനിരത്താനുള്ള സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ ഇതോടെ തകരുകയാണ്‌.

എല്ലാ കക്ഷികളോടും കൂടിയാലോചിക്കുന്നതിന്‌ മുമ്പ്‌ സര്‍ക്കാര്‍ അവര്‍ ആഗ്രഹിക്കുന്ന ബില്ലിന്റെ കരടുമായി രംഗത്തുവരണമെന്ന്‌ ബിജെപിയും സമാജ്‌വാദിയും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ ഘട്ടത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പൊതുസമൂഹ പ്രതിനിധികളും സംശയത്തോടെയാണ്‌ കാണുന്നത്‌.

ലോക്പാല്‍ ബില്ലില്‍ ഹസാരെയുടെ പ്രതിനിധിയായ ജോയിന്റ്‌ ഡ്രാഫ്റ്റിംഗ്‌ കമ്മറ്റി അംഗം ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ഡേ സര്‍വകക്ഷിയോഗം അസംബന്ധമാണെന്നും സര്‍ക്കാരിന്‌ ഈ പ്രശ്നം നീട്ടിക്കൊണ്ടുപോകുവാനുള്ള തന്ത്രമാണെന്നും അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി ഹസാരെക്ക്‌ എഴുതിയ കത്ത്‌ പരസ്യപ്പെടുത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തി എഴുതിയിരുന്നു. സോണിയാഗാന്ധിയുടെ കത്ത്‌ താന്‍ വായിച്ചില്ലെന്നും സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച്‌ ഇനിയും സത്യഗ്രഹം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ധനമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജി, മന്ത്രിമാരായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, വീരപ്പമൊയ്‌ലി, ജോയിന്റ്‌ ഡ്രാഫ്റ്റിംഗ്‌ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗം ചേര്‍ന്നു.

സര്‍വകക്ഷിയോഗംകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌ പറഞ്ഞ ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ സര്‍ക്കാരും കോണ്‍ഗ്രസും ഈ വിഷയത്തില്‍ രണ്ടു തട്ടിലാണെന്ന്‌ കരുതുന്നതായും അഭിപ്രായപ്പെട്ടു. മറ്റൊരു ബിജെപി വക്താവായ പ്രകാശ്‌ ജാവ്ദേക്കറിന്റെ അഭിപ്രായത്തില്‍ കാബിനറ്റ്‌ അംഗീകരിച്ച ബില്ലിന്റെ കരടാണ്‌ ആദ്യം തയ്യാറാക്കേണ്ടത്‌. കരട്‌ ബില്ലില്ലാത്ത സര്‍വകക്ഷിയോഗം വെറുമൊരു സിംപോസിയമായി മാറുമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിന്റെ തോളത്തിരുന്ന്‌ പൊതുസമൂഹാംഗങ്ങളെ വെടിവെക്കാനാണ്‌ കോണ്‍ഗ്രസിന്റെ ശ്രമമെന്ന്‌ ബിജെപി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. സര്‍വകക്ഷിയോഗത്തില്‍ സന്നിഹിതനാകണമോ എന്ന കാര്യത്തില്‍ തന്റെ പാര്‍ട്ടി നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി സെക്രട്ടറിയും വക്താവുമായ മോഹന്‍സിംഗ്‌ പറഞ്ഞു. ജോയിന്റ്‌ ഡ്രാഫ്റ്റിംഗ്‌ കമ്മറ്റി ഉണ്ടാക്കിയപ്പോള്‍പ്പോലും തന്റെ കക്ഷികളുമായി ആലോചിച്ചില്ലെന്നും സര്‍ക്കാര്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇത്‌ സംബന്ധിച്ച്‌ കരടുബില്ലയക്കാതെ ചോദ്യാവലി മാത്രം അയച്ചിരിക്കുന്നത്‌ ശരിയല്ല. മന്‍മോഹന്‍സിംഗ്‌ ആദ്യം പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്‌ കീഴില്‍ കൊണ്ടുവരുന്നതിനെ അനുകൂലിച്ചു. പക്ഷേ മന്ത്രിമാര്‍ക്ക്‌ വിരുദ്ധ അഭിപ്രായമായിരുന്നു. പാര്‍ട്ടികളുമായി സംസാരിക്കുന്നതിന്‌ മുമ്പ്‌ സര്‍ക്കാര്‍ ഈ വിഷയത്തിലൊരു നിലപാടെടുക്കണം, അദ്ദേഹം തുടര്‍ന്നു.

പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമോ എന്നത്‌ മാത്രമല്ല പ്രശ്നം. ബില്ലിലെ മറ്റനേകം വസ്തുതകളും തങ്ങള്‍ക്ക്‌ പഠിക്കേണ്ടതുണ്ട്‌. സര്‍ക്കാര്‍ അതിനായി ബില്ലിന്റെ കരട്‌ തങ്ങള്‍ക്ക്‌ കൈമാറണം, സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആവശ്യപ്പെട്ടു. മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികളും ഇതേ അഭിപ്രായക്കാരാണെന്നും അദ്ദേഹം അറിയിച്ചു.

തങ്ങള്‍ക്ക്‌ കരട്‌ ബില്ല്‌ കിട്ടിയാല്‍ മാത്രമേ അതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാകൂ എന്ന്‌ സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.

സംവിധാനത്തെ പരിഹസിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ ജസ്റ്റിസ്‌ ഹെഗ്ഡേ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ ചോദ്യാവലികള്‍ നല്‍കുകയും അവര്‍ അതിന്‌ മറുപടി നല്‍കുകയും ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്‌ അകാലിദള്‍ നേതാവും പഞ്ചാബ്‌ മുഖ്യമന്ത്രിയുമായ പ്രകാശ്സിംഗ്‌ ബാദല്‍ ലോക്പാല്‍ ബില്ലിന്‌ കീഴെ പ്രധാനമന്ത്രിയെക്കൊണ്ടുവരേണ്ടെന്നും എന്നാല്‍ ഉയര്‍ന്ന നീതിപീഠങ്ങള്‍ ബില്ലിന്റെ പരിധിയില്‍ വരണമെന്നുമുള്ള അഭിപ്രായക്കാരനാണ്‌. ലോക്പാല്‍ ബില്ല്‌ പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വെക്കുമ്പോള്‍ മെമ്പര്‍മാര്‍ അവരുടെ പാര്‍ട്ടി നിര്‍ദ്ദേശങ്ങളനുസരിച്ചാവും വോട്ടു ചെയ്യുക. ഈ സാഹചര്യത്തില്‍ സര്‍വകക്ഷി യോഗത്തിനെന്താണ്‌ പ്രസക്തി? കോണ്‍ഗ്രസ്‌ പ്രശ്നം നീട്ടിക്കൊണ്ടുപോയി രാഷ്‌ട്രീയ രംഗത്ത്‌ പുകപടലം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by