Categories: India

മംഗലാപുരം വിമാന ദുരന്തം : പൈലറ്റിന് വിശ്രമം അനുവദിച്ചിരുന്നില്ല

Published by

മുംബൈ‌: മംഗലാപുരം വിമാന ദുരന്തത്തില്‍ പൈലറ്റിന് എയര്‍ ഇന്ത്യ മതിയായ വിശ്രമം അനുവദിച്ചിരുന്നില്ലെന്ന്‌ കണ്ടെത്തല്‍. കോക്ക്‌പീറ്റിലെ വോയിസ്‌ റെക്കാഡിലാണ്‌ ക്യാപ്റ്റന്‌ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്‌.

ഗ്ലൂസിക്കയുടെ മകന്‍ അലക്‌സാണ്ടര്‍ ഗ്ലൂസിക്കയുടെ മൊഴിയും ഈ വിലയിരുത്തലുകള്‍ ശരി വയ്‌ക്കുന്നു. 2010 മെയ്‌ 22നായിരുന്നു ദുബായ്‌-മംഗലാപുരം വിമാനം അപകടത്തില്‍പ്പെട്ടത്‌. ദുരന്തത്തില്‍ 158 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്‌ളാക്റ്റോ ഗ്ലൂസിക്കയുടെ അശ്രദ്ധയാണ്‌ അപകടത്തിന്‌ കാരണമായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്‌. ലാന്‍ഡിംഗിന്‌ തൊട്ടുമുമ്പിലായിരുന്നു വിമാനം തകര്‍ന്നുവീണത്‌.

അവധിക്കാല ലീവിന്‌ ശേഷമായിരുന്നു ഗ്ലൂസിക്ക ജോലിയില്‍ പ്രവേശിച്ചിരുന്നത്‌. എന്നാല്‍ വിമാനം പുറപ്പെടുന്നതിന്‌ ഏതാനും നിമിഷം മുമ്പ്‌ മാത്രമാണ്‌ മംഗലാപുരം ഫ്ലൈറ്റില്‍ ജോലിക്കുള്ള ചുമതല ലഭിക്കുന്നത്‌. പിതാവിന്റെ ഇ-മെയിലില്‍ ലഭിച്ച എയര്‍ ഇന്ത്യയുടെ ക്രൂ ചാര്‍ട്ടില്‍ ഈ ചുമതല നല്‍കിയിരുന്നതിന്റെ സൂചനകളില്ലെന്നും മകന്‍ അലക്‌സാണ്ടര്‍ വ്യക്തമാക്കുന്നു. പൈലറ്റായ അലക്‌സാണ്ടറിനും പിതാവിനും പരസ്‌പരം ഇ-മെയില്‍ പാസ്‌വേഡുകള്‍ അറിയാമായിരുന്നു.

മെയ്‌ 18 നായിരുന്നു സെര്‍ബിയയില്‍ അവധിക്കാലം ആഘോഷിച്ചതിന്‌ ശേഷം ഗ്ലൂസിക്ക തിരിച്ചെത്തിയത്‌. മെയ്‌ 23 വരെ എയര്‍ ഇന്ത്യ ഗ്ലൂസിക്കയ്‌ക്ക്‌ വിമാനം പറത്തുന്നതിനുള്ള ചുമതലയൊന്നും നല്‍കിയിരുന്നില്ലെന്നും ക്രൂ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. എന്നാല്‍ നേരത്തെ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ കാര്യമില്ലെന്നും ഈ ഷെഡ്യൂള്‍ ഇടയ്‌ക്കിടെ മാറ്റുന്നത്‌ സ്വാഭാവികമാണെന്നും എയര്‍ ഇന്ത്യാ വക്‌താവ്‌ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by