കാസര്‍കോട്: കേളുഗുഡ്ഡെയിലേക്കുള്ള മാലിന്യനീക്കം തടസ്സപ്പെട്ടതോടെ നഗരത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമായി. നഗരത്തിന്റെ പല ഭാഗത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുകയാണ്. മൂക്കുപൊത്തി വേണം നഗരത്തിലൂടെ നടക്കാന്‍ എന്നതാണ് സ്ഥിതി. ചീഞ്ഞളിഞ്ഞ മാലിന്യത്തില്‍ കൊതുകും മറ്റു രോഗാണുക്കളും തിമിര്‍ക്കുന്നു.
ബുധനാഴ്ച മുതല്‍ കേളുഗുഡ്ഡെയില്‍ മാലിന്യം കൊണ്ടു തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. കേളുഗുഡ്ഡെയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കൊണ്ടിട്ട നഗരമാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് അതില്‍ നിന്നുള്ള അഴുക്കുവെള്ളം മതിലിനു മുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയാണ്.
മലിനജലം കുടിവെള്ളമെടുക്കുന്ന കിണറുകളിലേക്കുഎത്തിയതോടെയാണ് പൊറുതിമുട്ടിയ പരിസരവാസികള്‍ മാലിന്യവണ്ടികള്‍ തടയാന്‍ തുടങ്ങിയത്.
മാലിന്യ സംസ്കരണം സംബന്ധിച്ചും സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ചും നഗരസഭ പല ഘട്ടങ്ങളിലായി തദ്ദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. ഇതും നാട്ടുകാരുടെ രോഷത്തിന് കാരണമായിട്ടുണ്ട്.
മാലിന്യനീക്കം നിലച്ചതോടെ കാസര്‍കോട് നഗരത്തില്‍ മാത്രമല്ല, വിദ്യാനഗര്‍, നുള്ളിപ്പാടി, തളങ്കര, തായലങ്ങാടി, കറന്തക്കാട് തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞളിയുകയാണ്. പുതിയ ബസ്സ്റ്റാന്റ്, ബീച്ച് റോഡ് ജംഗ്ഷന്‍ എന്നിവടങ്ങളില്‍ ആളുകള്‍ക്ക് നടന്നുപോകുവാന്‍ പറ്റാത്ത വിധത്തില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നു.
എന്തുവന്നാലും കേളുഗുഡ്ഡെയില്‍ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഈ സാഹചര്യത്തില്‍ പ്രശ്നം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാസെക്രട്ടറി പത്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: