കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ ജനജീവിതം ദുസ്സഹമായി. ശക്തമായ കാറ്റിലും മഴയിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്. നിരവധി പേര്‍ക്ക് വീട് തകര്‍ന്നും മരങ്ങള്‍ വീണും പരിക്കേറ്റു. തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കൂകളിലായി 25 ഓളം വീടുകളാണ് തകര്‍ന്നിട്ടുള്ളത്.
മയ്യില്‍, പാവന്നൂര്‍ കടവില്‍ വീടിന് മുകളില്‍ മരം വീണ് യുവതിക്ക് പരിക്കേറ്റു. മഹമൂദിന്റെ ഭാര്യ കെ.പി.അലീമ (37)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കനത്ത മഴയില്‍ വെള്ളം കരകവിഞ്ഞൊഴുകി ആറളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്-ആറളം ഫാം തൂക്കുപാലം ഒലിച്ചുപോയി. കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചതാണ് ഈ പാലം. പെരിയ ചുരത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ നിടുംപൊയില്‍-മാനന്തവാടി അന്തര്‍ജില്ലാ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരുപത്തിയഞ്ചാം മെയിലിലും ഇരുപത്തിയാറാം മെയിലിലുമാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചലിനെ തുടര്‍ന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചുരത്തിന് താഴെയുള്ള കൃഷികള്‍ നശിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ ബോയ്സ് ടൗണ്‍-കൊട്ടിയൂര്‍ വഴി തിരിച്ചുവിടുകയായിരുന്നു.
മട്ടന്നൂര്‍ ആണിക്കരയില്‍ രജിതയുടെ വീട് കാറ്റിലും മഴയിലും തകര്‍ന്നു. ശക്തമായ കാറ്റില്‍ മട്ടന്നൂര്‍, ഇരിട്ടി മേഖലകളില്‍ നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി പോലീസ്സ്റ്റേഷന് സമീപവും പേരാവൂര്‍ കല്ലേരിമല, കുന്നോത്ത്, മട്ടന്നൂര്‍ കല്ലേരിക്കര തുടങ്ങിയ സ്ഥലങ്ങളിലുമാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. പേരാവൂര്‍ തൊണ്ടിയില്‍ പാലത്തില്‍ വെള്ളം കയറിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. ഉളിക്കല്‍ എരുത് കടവില്‍ കാനായി ബാലന്റെ വീടിന്റെ ഓടുകള്‍ മരം വീണ് തകര്‍ന്നു. കണ്ണവത്ത് മുളക്കാമ്മേല്‍ സൈനബ, തില്ലങ്കേരിയിലെ മാണിക്കോത്ത് കുഞ്ഞിക്കണ്ണന്, തൃപ്പങ്ങോട്ടൂരിലെ മീത്തലെപുരയില്‍ പുഷ്പ, ദേവി, ഇടപ്പറമ്പില്‍ ചുഴലിയിലെ ചേരന് പാര്‍വ്വതി, കൊട്ടിയൂരിലെ ജൈനമ്മ, പുതിയ പുരയില്‍ വയലുങ്കല്‍ രാഗിണി, കിഴക്കെക്കര ജേക്കബ്, കോളയാട്ടെ മറിയക്കുട്ടി, പെനപ്പൊയില്‍ ചന്ദ്രന്, ചെറുവാഞ്ചേരിയിലെ അംബുജാക്ഷി നെല്ലരിച്ചാല്‍, കല്ല്യാട് തൊണ്ടി കണ്ടിയില്‍ കല്ല്യാണി, പരിയാരത്തെ കുപ്പാടത്ത് ചിണ്ടന് നമ്പ്യാര്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ചപ്പാരപ്പടവിലെ കുന്നത്ത് നകുലന്റെ വീട് തൊട്ടടുത്ത് പുതിയതായി നിര്‍മ്മിക്കുന്ന വീടിന്റെ ചുമര് ഇടിഞ്ഞുവീണ് ഭാഗികമായി തകര്‍ന്നു. കല്ല്യാട് വലിയപറമ്പില്‍ സജീവന്, കോളയാട്ടെ വി.രാജേഷ്, കണ്ണവത്തെ ശാന്ത, പെരിങ്ങത്തൂരിലെ കാക്കരത്ത് അംബിക എന്നിവരുടെ കിണറുകള്‍ ഇടിഞ്ഞു. കൊട്ടിയൂര്‍ കിഴക്കെക്കരയിലെ ജേക്കബിന്റെ തൊഴുത്തും തകര്‍ന്നിട്ടുണ്ട്. പള്ളിക്കുന്ന് ചാലാട് ദിനേശ് റോഡില്‍ മരം വീണ് മതിലിടിഞ്ഞു. ഇതുകൂടാതെ ശക്തമായ മഴയില്‍ ആയിരക്കണക്കിന് വാഴ, റബ്ബര്‍, മറ്റ് കാര്‍ഷിക വിളകള്‍ എന്നിവയും നശിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ മുളങ്കാട് റോഡില്‍ തകര്‍ന്നുവീണ് ഇരിട്ടി-ശ്രീകണ്ഠപുരം റൂട്ടില്‍ തുമ്പേനിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
പഴശ്ശി ഡാം തുറന്നുവിട്ടതിനെ തുടര്‍ന്ന് മണ്ണൂര്‍, പൊറോറ, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. ചാവശ്ശേരിയിലും പത്തൊമ്പതാം മെയില്‍-ഡാം റോഡിലും മരങ്ങള്‍ കടപുഴകി വീണ് 7 ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം വെള്ളം കയറി കൃഷി നശിച്ച വായാന്തോട് ചെക്യോട്ട് വയലില്‍ വീണ്ടും വെള്ളം കയറി.
കനത്ത മഴയില്‍ ഇരിട്ടി പുഴയില്‍ ജലവിതാനം ഉയര്‍ന്നത് ആറളം, പായം, ഇരിട്ടി, ഉളിക്കല്‍, പടിയൂര്‍, കൊട്ടിയൂര്‍, കണിച്ചാര്‍, പേരാവൂര്‍ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്.
ഇന്നലെ രാവിലെയുണ്ടായ കനത്തമഴയില്‍ തലശ്ശേരി നാരങ്ങാപ്പുറത്തെ റോഡില്‍ വെള്ളം പൊങ്ങിയതുകാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇതേതുടര്‍ന്ന് കടകള്‍ അടച്ചിട്ടു. ഉച്ചയോടെ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: