കൊച്ചി: പിറവിയോടെ തനിക്കുകൂട്ടായ അംഗവൈകല്യങ്ങളില്‍ തളരാതെ പൊരുതി മുന്നേറുന്ന പനമ്പുകാട് ഗ്രാമീണ വായനശാല ലൈബ്രേറിയന്‍ ടി.ഡി റാഫേലിനെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. തിങ്കളാഴ്ച എസ്‌ആര്‍വി സ്കൂളില്‍ ജില്ലാതല വായനവാരാചരണ ഉദ്ഘാടനവേദിയിലാണ് ലൈബ്രേറിയനായി കാല്‍നൂറ്റാണ്ടു പിന്നിടുന്ന റാഫേലിനെ ആദരിക്കുന്നത്.
ലൈബ്രറി സയന്‍സില്‍ ബിരുദാന്തര ബിരുദമുളളവര്‍പോലും ഇഷ്ടപ്പെട്ട ജോലി കിട്ടാതെ നടക്കുമ്പോഴാണ് ജന്മനാലുളള വൈകല്യങ്ങള്‍ അവഗണിച്ചു റാഫേലിന്റെ ഈ ജൈത്രയാത്ര. സാക്ഷരതാ മിഷന്റെ നാലാംതരം തുല്യത സര്‍ട്ടിഫിക്കറ്റു മാത്രമാണ് റാഫേലിനു വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ പഴയ പനമ്പുകാട്- വല്ലാര്‍പാടം ദ്വീപിലെ ബിരുദ-ബിരുദാന്തര യോഗ്യതയുളളവരുടെയൊക്കെ ഉറ്റസുഹൃത്താണ് ഇന്ന് റാഫേല്‍. ഈ അക്ഷരപ്രേമിയുടെ പ്രതിഭയാണ് അവരെ റാഫേലുമായി എന്നും അടുപ്പിച്ചു നിര്‍ത്തുന്ന ഘടകം.
ജന്മനാലുളള രോഗങ്ങളാല്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട റാഫേല്‍ 15-ാം വയസിലാണ് അക്ഷരമെന്തെന്നറിയുന്നതുതന്നെ. ആ പ്രായത്തില്‍ തന്റെ സമപ്രായക്കാരെല്ലാം സ്കൂളില്‍ പോകുന്നതു കണ്ടു വിഷമിച്ചിരിക്കാനേ റാഫേലിനു കഴിഞ്ഞിരുന്നുളളൂ. രോഗപീഡകളാല്‍ പത്തുവയസുവരെ കൈകാലുകള്‍ ചലിപ്പിക്കാന്‍ പോലുമാവാതിരുന്ന റാഫേല്‍ ആദ്യമായെന്നു നിവര്‍ന്നു നില്‍ക്കുന്നതുതന്നെ 11 -ാം വയസിലാണ്. വൈകല്യം തടസമായെങ്കിലും അയല്‍വാസികളുടെയും ബന്ധുക്കളുടെയുമൊക്കെ പരിശ്രമഫലമായി അക്ഷരലോകത്തെത്തിയ റാഫേല്‍ ഇതിനകം 18 കഥകളും 22 കവിതകളും എഴുതിയിട്ടുണ്ട്. ഇവയിലേറെയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിമഷി പുരണ്ടവയുമാണ്. ആകാശവാണിയിലൂടെയും റാഫേലിന്റെ പ്രതിഭ ശ്രോതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അക്ഷരമറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ പനമ്പുകാട് ഗ്രാമീണ വായനശാലയിലെ പതിവു സന്ദര്‍ശകനായ റാഫേല്‍ പിന്നീട് സാക്ഷരതാ യജ്ഞത്തിലൂടെയാണ് നാലാംക്ലാസ് തുല്യത നേടുന്നത്. പുസ്തകങ്ങള്‍ മാറോടു ചേര്‍ത്തു നടന്ന റാഫേലിനെതന്നെ വായനശാലയുടെ താക്കോല്‍ ഏല്‍പിച്ച് ഭാരവാഹികളും ആ പ്രതിഭയെ ആദരിച്ചു. ഇതിനകം വായനശാലയിലെ പതിനായിരത്തിലധികം പുസ്തകവും റാഫേല്‍ വായിച്ചു കഴിഞ്ഞു.
കേള്‍വിക്കു ബുദ്ധിമുട്ടില്ലെങ്കിലും റാഫേലിനു ഇന്നും സംസാരിക്കാനാകില്ല. എങ്കിലും സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്ന റാഫേല്‍ തന്റെ വികാരങ്ങള്‍ കവിതയിലൂടെ ശ്രോതാക്കളെ അറിയിക്കും. വൈകല്യങ്ങളുടെ പേരില്‍ പരിഹസിക്കപ്പെട്ടപ്പോഴാണ് ആദ്യമായി കവിതയിലൂടെ തന്റെ പ്രതികരണം റാഫേലറിയിച്ചത്. പിന്നീട് കഥയും കവിതയുമായി തന്റെ ലോകത്തെ റാഫേല്‍ അടിമുടി മാറ്റി മറിച്ചു. മനസു നൊമ്പരപ്പെടുത്തുന്ന ആദ്യകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജീവിതം മുറിവേറ്റവന്റെ അവസാനവാക്കാണ് ആത്മഹത്യയെന്നും റാഫേല്‍ എഴുതിയിരുന്നു.
ദിവസവും വൈകീട്ട് നാലു മുതല്‍ ഏഴരവരെ വായനശാല തുറന്നിരിക്കുന്ന റാഫേല്‍ ഈ പതിവു തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. ഇതിനിടയില്‍ മികച്ച സേവനം നടത്തുന്ന വികലാംഗര്‍ക്കുളള 2004 ലെ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് പുരസ്കാരം റാഫേലിനെ തേടിയെത്തി. താമസിയാതെ ലൈബ്രറി കൗണ്‍സിലും റാഫേലിന് അംഗീകാരവുമായെത്തി. ഒട്ടേറെ സംഘടനകള്‍ റാഫേലിന്റെ പ്രതിഭയെ ആദരിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടം വായനാദിനാചരണ വേളയില്‍ ആദരിക്കുന്നുവെന്നറിയിച്ചപ്പോള്‍ റാഫേല്‍ നന്ദി സൂചകമായി പലതും പറയാനൊരുങ്ങിയെങ്കിലും വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വികാരം. പ്രതികരണം ഒരു കവിതയാകട്ടെ എന്നറിയിച്ചപ്പോള്‍ ഉടന്‍ വന്നു ‘കണ്ണട’ എന്ന കവിത.
നടന്നു നടന്നെന്റെ ചെരുപ്പുതേഞ്ഞു, ദൈവത്തെകാണുമ്പോള്‍ ഞാന്‍ പറയും പുതിയൊരു ചെരുപ്പുവാങ്ങിത്തരാന്‍, വെറുതെയല്ല പകരം ഞാനൊരു കണ്ണടവാങ്ങിക്കൊടുക്കും. എന്തും ഓശാരം കിട്ടണമെന്നു കരുതുന്നവര്‍ക്കിടയില്‍ എല്ലാപ്രതിസന്ധികളെയും തരണം ചെയ്ത് റാഫേല്‍ ഇപ്പോഴും മുന്നോട്ടു നീങ്ങുക തന്നെയാണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: