അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ അമേരിക്ക വീണ്ടും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചനകള്‍. സാമ്പത്തിക മാന്ദ്യം ഭാരതം അടക്കം വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ പിടിച്ചു നിര്ത്തിയതൊഴിച്ചാല് പലരുടെയും അടിത്തറ തന്നെ ഇളകിപ്പോയി. പ്രത്യേകിച്ച് അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ കുത്തനെ കൂപ്പുകുത്തുകയാണുണ്ടായത്.
അതില്‍ നിന്ന് താന്‍ കരകയറും എന്ന മോഹനസുന്ദരവാഗ്ദാനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമ ജനതക്ക് നല്‍കിയത്. എന്നാല്‍ ആ വാഗ്ദാനം പരിപൂര്‍ണമായും പാലിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല തൊഴിലില്ലായ്മയടക്കമുള്ള പ്രശ്നങ്ങള്‍ അവരെ വീണ്ടും തുറിച്ചുനോക്കുകയാണ്. സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞതുമില്ല. എന്നാല്‍ അതിന്റെ ജാള്യത ഒബാമയില്‍ പ്രതിഫലിക്കുന്നുമുണ്ട്.
ഒബാമ വന്‍ പാക്കേജുകളാണ് അമേരിക്കക്കാര്‍ക്കായി പ്രഖ്യാപിച്ചത്. അത് രാജ്യത്തെ വളരെ വേഗം മുന്നിലേക്ക് നയിക്കുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല സമ്പന്നരായ നിക്ഷേപകരുടെ താല്പര്യങ്ങള്ക്കാണ് ഒബാമ മുന്‍തൂക്കം നല്‍കിയതെന്ന ആരോപണത്തിനാണ് ശക്തിപകര്‍ന്നത്. അല്ലെന്ന് നിഷേധിക്കുവാനും കഴിയില്ല. അതിനുള്ള തെളിവുകള്‍ അവര്‍ നിരത്തുന്നുമുണ്ട്.
ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഒബാമക്ക് പിടിച്ചു നില്ക്കാന് ഏറെ പണിപ്പെടേണ്ടി വരും. കാരണം വന്‍കിടക്കാരെ രക്ഷിക്കുവാനുള്ള അവരുടെ പാക്കേജ് അമേരിക്കയുടെ കമ്മി വര്ധിപ്പിക്കുവാനേ ഉതകിയുള്ളൂ. സര്‍ക്കാരാകട്ടെ കമ്മി നികത്തുന്നതിന് ബോണ്ടുകള്‍ ഇറക്കുകയെന്ന തന്ത്രമാണ് പയറ്റിയത്. അതുകൊണ്ടുണ്ടാകുന്ന നഷ്ടം എത്രയാണെന്ന് ആരും ചിന്തിച്ചില്ല. സാധാരണക്കാരന്റെ ചുമലില്‍ കൂടുതല്‍ ഭാരം കയേറ്റീവ്ക്കാനാണ് ഇവിടെയും ഭരണാധികാരികള്‍ ശ്രമിച്ചത്. സമ്പന്നരെ രക്ഷിക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ പാവപ്പെട്ടവന് കൂടുതല്‍ പാവപ്പെട്ടവനായി മാറുകയാണ്.
കോര്‍പ്പറേറ്റുകളുടെ ലാഭം ഉയര്‍ന്നാല്‍ സാധാരണക്കാരന് എന്തുപ്രയോജനമാണുള്ളത്. ഇത് കൂടുതല്‍ തൊഴില്‍ അവസരത്തിന് ഉപകരിക്കുമെന്നും അതുവഴി കൂടുതല്‍ വേതനം നല്കാന് കഴിയുമെന്നുമുള്ള വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. പക്ഷെ സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠം അറിയാവുന്നവര്‍ക്ക് പോലും മനസിലാക്കാന്‍ കഴിയും എന്താണിതിന്റെ യഥാര്‍ഥ പൊരുളെന്ന്.
കോര്‍പ്പറേറ്റുകളുടെ ലാഭം കുതിച്ചുയര്‍ന്നാല്‍ അതിന്റെ നേട്ടം അവര്‍ക്കുതന്നെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒബാമ ഉദ്ദേശിച്ചതുപോലുള്ള ആഗ്രഹം ഇതുവരെയുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സാമ്പത്തിക പുനരുദ്ധാരണം കൊണ്ടുദ്ദേശിച്ചത് രാജ്യത്തിന്റെ പുരോഗതിയാണെങ്കില്‍ ഉണ്ടായത് നേരെ വിപരീതമാണ്. സാമ്പത്തിക ശക്തികള്‍ വന്‍ ശക്തികളായി ഉയരുകയാണുണ്ടായത്. ഇപ്പോഴും അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയെന്ന് ഒബാമക്ക് പോലും അവകാശപ്പെടാന്‍ കഴിയില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഡെമോക്രാറ്റുകാരും ഇക്കാര്യത്തില്‍ ഒരേ തന്ത്രമാണ് പയറ്റുന്നത്. അമേരിക്കയെ വീണ്ടും വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുവാനാണ് തങ്ങള്‍ കഠിനമായി യത്നിക്കുന്നതെന്നാണ് ഇരുപാര്‍ട്ടിക്കാരും ഒരുപോലെ അവകാശപ്പെടുന്നത്. ഇത്രയും വലിയ രക്ഷാപാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോഴും അതിന്റെ യാഥാര്‍ഥ്യം കാണാന്‍ ഒബാമക്ക് കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയില്ല.
സാമ്പത്തികമായ തകര്ച്ചക്കുത്തരവാദികളായവരെ ശിക്ഷിക്കുന്നതിന് പകരം രക്ഷിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് വഴി തിരിക്കുകയേ ഉള്ളൂ. സമ്പന്നരുടെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടുമ്പോള്‍ സാധാരണക്കാരന് അവഗണിക്കപ്പെടുകയാണ്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തിടത്തോളം കാലം സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറാന്‍ കഴിയില്ലെന്ന് അമേരിക്കയിലെ സാമ്പത്തിക വിദഗ്ധര്‍ ഒരുപോലെ പറയുന്നുണ്ട്. പക്ഷെ അത് വേണ്ടിടത്ത് ചെന്നെത്തുന്നില്ലെന്നതാണ് സത്യം.
കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും മേല്‍ കൂടുതല്‍ നികുതി ചുമത്താന്‍ ഒബാമ തയ്യാറാകുകയാണെങ്കില്‍ ഒരു പരിധിവരെ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരന് കുറെക്കൂടി മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുണ്ടാകും. എന്നാല്‍ അതിന് ഒബാമ തയ്യാറാകുന്നില്ലെന്നതാണ് അടുത്ത കാലത്തെ ചിത്രം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഏതെങ്കിലും തരത്തില്‍ കണ്ണില്‍പ്പൊടിയിടാനാണ് ഒബാമ ശ്രമിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിക്കുമെന്നുതന്നെയാണ് കരുതുന്നത്.
അമേരിക്കയുടെ സാമ്പത്തിക പരാജയത്തിന് കാരണം മേല്പറഞ്ഞ കാരണങ്ങള്‍ മാത്രമല്ല ഉള്ളത്. കഴിഞ്ഞ ഒരു ദശകത്തോളമായി എതിരാളികളെ ഒതുക്കാന്‍ എത്ര കോടി ഡോളര്‍ ചെലവഴിച്ചു എന്നതിന് യഥാര്‍ഥ കണക്കില്ലെന്നതാണ് സത്യം. ഏറ്റവും ഒടുവില്‍ അഫ്ഗാനിസ്ഥാനെതിരെ മാത്രമുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. അപ്പോള്‍ ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോള്‍ അമേരിക്കയുടെ സാമ്പത്തിക മാന്ദ്യത്തിന്റെ ചിത്രം പുറത്തുവരും. കഴിഞ്ഞ തവണത്തെപ്പോലെ അടുത്ത തെരഞ്ഞെടുപ്പിലും ഇരുകൂട്ടരും പയറ്റുക ഈ തന്ത്രം തന്നെയായിരിക്കും.
അതേപോലെതന്നെയാണ് ഭീകരവാദികളെ നേരിടുന്നതിനായി ചെലവഴിക്കുന്ന ലക്ഷങ്ങളും. തങ്ങളെ സാമ്പത്തികമായി തകര്‍ത്തതിന് പിന്നില്‍ ഭീകരവാദികളുടെ പെന്റഗണ്‍ ആക്രമണമായിരുന്നുവെന്ന തിരിച്ചറിവാണ് അതിന്റെ കാരണം. ലോകത്തെ വന്‍ ശക്തികളാണ് തങ്ങളെന്നും വെല്ലുവിളിക്കാന്‍ ആരുമില്ലെന്നും അഹങ്കരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭീകരവാദികള്‍ അമേരിക്കയെ ഞെട്ടിച്ചത്. അതില്‍ നിന്ന് വിമുക്തമാകാന്‍ അവര്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇതിനെ മേറ്റ്ല്ലാത്തതിനേക്കാള് ഉപരിയായി ഒരു വെല്ലുവിളിയായി തന്നെ അമേരിക്ക കണ്ടു. ബിന്‍ലാദന്റെ വധത്തോടെ ആ ലക്ഷ്യവും പൂര്‍ത്തീകരിച്ചതിന്റെ സാഫല്യത്തിലാണ് ഒബാമ. തെരഞ്ഞെടുപ്പുകാലത്ത് സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇക്കാര്യത്തില്‍ ഒബാമക്ക് അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിയും. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഉപയോഗിക്കുന്നതും ഈ വാദം തന്നെയായിരിക്കും.
-കെകെപിജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: