പോലീസില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നു എന്നും ഇതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളായിരിക്കും എന്നുമുള്ള ഹൈക്കോടതി നിരീക്ഷണം ഇന്നത്തെ സാഹചര്യത്തില്‍ വളരെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്. അടുത്തകാലത്ത് പോലീസ് കോണ്‍സ്റ്റബിളാകാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറിലധികം പേര് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്നും കോടതി ഉത്തരവിന്റെ ബലത്തിലാണ് അവര്‍ പരിശീലനം പൂര്‍ത്തിയാക്കിയതെന്നും കോടതി നിരീക്ഷിക്കുന്നു. ക്രിമിനല്‍ വാസനയുള്ളവര്‍ അധികാരം കയ്യാളിയാല്‍ ഉണ്ടാകാവുന്ന തിക്തഫലത്തിന്റെ അനുഭവക്കാഴ്ചകള്‍ ഇന്ന് കേരളത്തില്‍ സുലഭമാണ്. ഷീല വധക്കേസില്‍ പ്രതിയായ സമ്പത്തിന്റെ കസ്റ്റഡി മരണം കേരള പോലീസ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. കസ്റ്റഡിമരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സാധാരണയായി മാറിക്കഴിഞ്ഞു. മാഫിയാ-ഗുണ്ടാ സംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്കി പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പി ഇപ്പോള്‍ ജയിലിലാണ്. കൊല്ലത്ത് എസ്ഐയെ തലയ്ക്കടിച്ച് കൊന്നത് ഒരു എഎസ്ഐയും ഗുണ്ടയും ചേര്‍ന്നാണ്.
പോലീസിനെതിരെയുള്ള പരാതികള്‍ അടുത്തകാലത്ത് വളരെയധികം വര്‍ധിച്ചുവരുന്നതായി നിരീക്ഷിച്ച കോടതി ഇത് അവസാനിപ്പിക്കാന്‍ നിയമപരമായ ഒരു പുതിയ കാഴ്ചപ്പാട് കൂടിയേ തീരൂവെന്ന് അഭിപ്രായപ്പെടുന്നു. കേരളത്തില്‍ പോലീസ്-ക്രിമിനല്‍ ബന്ധം വ്യാപകമായ ചര്‍ച്ചാവിഷയമാണെങ്കിലും പോലീസുകാര്‍ രാഷ്ട്രീയ ചട്ടുകങ്ങളായി മാറുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകുക വളരെ വിരളമാണ്. ടോമിന് ജെ. തച്ചങ്കരിയെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും ഈ സര്‍ക്കാര്‍ കുറ്റാരോപിതനായ ഈ പോലീസ് ഓഫീസറെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. പോലീസ്-ഗുണ്ടാ ബന്ധവും ചിരകാലമായി കേരളത്തില്‍ തെളിഞ്ഞുകഴിഞ്ഞതാണ്. മുത്തൂറ്റ് ജോര്‍ജ് വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ്തന്നെ എസ് ആകൃതിയിലുള്ള കത്തി ഉണ്ടാക്കി ഒളിപ്പിച്ചുവെച്ച സംഭവവും വാര്‍ത്തയായിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നതിന് മുന്‍പ് കൊല ചെയ്തത് എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചായിരുന്നു എന്നാണ് അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞത്.
ജയിലുകളില്‍പ്പോലും പോലീസുകാര്‍ ക്രിമിനലുകളുമായി ബന്ധം സ്ഥാപിക്കുകയും അവര്‍ക്ക് മദ്യവും മയക്കുമരുന്നുംവരെ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് എസ്ഐ കൊല്ലപ്പെട്ട സംഭവത്തില്‍ എഎസ്ഐക്കൊപ്പം അറസ്റ്റിലായത് പുള്ളിക്കാ ഷാജിയായിരുന്നു. ഇയാളുടെ സംഘമാണ് പോലീസുദ്യോഗസ്ഥര്‍ക്ക് മദ്യവും മറ്റ് സൗകര്യങ്ങളും എത്തിച്ചുകൊടുത്തതത്രേ. സംസ്ഥാനത്തെ പല പോലീസ്സ്റ്റേഷനുകളിലും പോലീസ്-മാഫിയാ ബന്ധത്തോടൊപ്പം പോലീസ്-ഗുണ്ടാ-രാഷ്ട്രീയ കൂട്ടുകെട്ടും പ്രബലമാണ്. രാഷ്ട്രീയനേതാക്കള്‍ക്ക് താല്പര്യമുള്ള കേസുകളിലെ അന്വേഷണം തേഞ്ഞുമാഞ്ഞുപോകുന്നതും സാധാരണയാണ്. പോലീസ് സംവിധാനം ക്രിമിനല്വല്ക്കരിക്കപ്പെട്ടിട്ടുള്ളത് കേരളത്തില്‍ മാത്രമല്ല. മുംബൈയിലെ പ്രസിദ്ധ ക്രൈം റിപ്പോര്‍ട്ടര്‍ ജെ. ഡേയുടെ വധത്തിന് പിന്നിലും പോലീസ്-അധോലോക ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. യുപിയില്‍ പോലീസ്സ്റ്റേഷനില്‍ പോലീസുകാര്‍ കൂട്ടബലാല്‍സംഗം ചെയ്തുകൊന്നത് പതിനാലുകാരിയായ കുട്ടിയെയായിരുന്നു. ഇതില്‍ സിബിഐ അന്വേഷണം നടത്താം എന്ന് യുപി മുഖ്യമന്ത്രി മായാവതി പറഞ്ഞുകഴിഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീസ് സംവിധാനം ജനങ്ങള്‍ക്കുതന്നെ ഭീഷണിയായി മാറരുത്. പോലീസിനെതിരായ കേസുകള്‍ കോടതിയിലെത്തുന്നതിന്റെ എണ്ണം വര്‍ധിക്കുന്നു എന്ന കോടതി നിരീക്ഷണം തന്നെ പോലീസില്‍ കുറ്റവാസന പെരുകുന്നു എന്നതിന് തെളിവാണ്. പോലീസില്‍ ക്രിമിനല്‍ബന്ധമുള്ള ഓഫീസര്‍മാരുടെ ലിസ്റ്റ് വിളിച്ചുവരുത്തണമെന്ന് ഒരു മുന്‍ എംഎല്‍എയും ഹര്‍ജി നല്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പോലീസ് നിയമങ്ങളിലും നിയമനങ്ങളിലും മാറ്റങ്ങള്‍ ആവശ്യംതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: