”മനുഷ്യന് പ്രകൃതിയിലെ കണ്ണികളില്‍ ഒന്നുമാത്രമാണ്. അതല്ലെന്ന് തെറ്റിദ്ധരിച്ചതിന്റെ കഥയാണ് ശാസ്ത്രത്തിന്റെയും യന്ത്ര പരിഷ്കൃതിയുടെയും ആധുനിക ചരിത്രം. മനുഷ്യ സമൂഹത്തിന്റെ മിക്ക കെടുതികളും ഈ തെറ്റിദ്ധാരണയില്‍ തുടങ്ങുന്നു. അതിനെ നീക്കം ചെയ്യാന്‍, മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ട പുതിയ ഉള്‍ക്കാഴ്ചകള്‍ ശാസ്ത്രം നേടേണ്ടിയിരിക്കുന്നു.”
അന്ധനും അകലങ്ങള്‍ കാണുന്നവനും തമ്മിലെ പ്രകാശദൂരം അറിയാമായിരുന്ന ഒ.വി. വിജയന്റെ ഈ വാക്കുകളാണ് പാലക്കാട്ടെ വസതിയിലിരുന്ന് അനുജത്തി ഒ.വി. ഉഷ കൊറോണക്കാലത്തെ ലോക്ഡൗണിനോട് പ്രതികരിച്ചപ്പോള്‍ ഓര്മ വന്നത്.
”ഇന്ത്യയാകെ അടച്ചിട്ടിരിക്കുന്നു. ഇത് പുതിയൊരു അനുഭവമാണ്. ലോകചരിത്രത്തില്‍ തന്നെ ഇങ്ങനെയൊന്ന് ഉണ്ടെന്നു തോന്നുന്നില്ല. വരാന്‍ പോകുന്ന വലിയൊരു മാറ്റത്തിന്റെ സൂചന ഇതിലുണ്ട്. ഒരുപാട് പതിറ്റാണ്ടുകള്‍ക്കുശേഷം സംഭവിക്കാന്‍ പോകുന്ന മാറ്റമാണിത്. വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നീണ്ട നിരയാണ് ഈ മൂന്നാഴ്ചക്കാലം മനുഷ്യര്‍ക്ക് നല്‍കുക.”
വീട്ടിലിരിക്കുന്നത് ഉഷടീച്ചര്‍ക്ക് പുതിയ കാര്യമല്ല. വളരെക്കാലമായി യാത്രകള്‍ അധികമൊന്നുമില്ല. പാലക്കാട്ടെ ചേച്ചിയുടെ വീട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് മുന്‍പ് വന്നതാണ്. പിന്നീടായിരുന്നല്ലോ ലോക്ഡൗണ്‍.
”ഇപ്പോള്‍ പുറത്തു പോകാതിരിക്കുന്നതിലാണ് നമ്മുടെയും മറ്റുള്ളവരുടെയും രക്ഷ. ഇതൊരു പ്രൊട്ടക്ടീവ് മെഷറാണ്. ഒരു പരിധിവരെ രോഗവ്യാപനം തടയാന്‍ ഇതുകൊണ്ട് കഴിഞ്ഞു. മറ്റൊരു കാര്യം പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റമാണ്. പ്രകൃതിക്ക് സെല്‍ഫ് ഹീലിങ്ങിനുള്ള കഴിവുണ്ട്. ഓസോണ്‍ പാളിയിലെ വിള്ളല്‍ താനെ ഇല്ലാതാവുന്നു എന്നല്ലേ ഇപ്പോള്‍ കേള്‍ക്കുന്നത്.”
കേള്‍ക്കാന്‍ കൊതിച്ചിരുന്നതും, എന്നാല്‍ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയിരുന്നതുമായ ചില വിവരങ്ങള്‍ ഈ ലോക്ഡൗണ്‍ കാലത്ത് തന്നെ തേടിയെത്തുന്നതില്‍ ആഹ്ലാദവതിയാണ് ടീച്ചര്‍.
”ഉത്തരാഖണ്ഡില്‍ ഗംഗാതീരത്ത് വീടുള്ള സുഹൃത്ത് ഇന്നലെ വിളിച്ചിരുന്നു. അദ്ഭുതകരമായ ഒരു വാര്‍ത്തയാണ് അറിയിച്ചത്. നദി തെളിഞ്ഞിരിക്കുന്നു. അടിത്തട്ടു കാണാം. ഇങ്ങനെയൊരു കാഴ്ച അവരുടെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. യമുനയുടെ കറുപ്പുനിറവും ഇപ്പോള്‍ മാറിയിരിക്കുന്നുവത്രേ. ദല്‍ഹിയിലെ പൊടിപടലങ്ങള്‍ ഒതുങ്ങിയിരിക്കുന്നു. പഞ്ചാബിലെ ജലന്തറില്‍നിന്ന് നോക്കിയാല്‍ അങ്ങുദൂരെ മൈലുകള്‍ക്കപ്പുറം ഹിമാലയ നിരകള്‍ കാണാമെന്ന് വാര്‍ത്ത വന്നിരിക്കുന്നു!”
തെളിഞ്ഞ പ്രഭാതങ്ങള്‍, കുളിര് തെന്നല്‍, ഉന്മേഷം പൂണ്ട വൃക്ഷ ശിഖരങ്ങള്‍, മാധുര്യമൂറുന്ന കിളിനാദങ്ങള്‍, ആവോളം ശ്വസിക്കാന്‍ തോന്നുന്ന പ്രാണവായു… ഇതുപോലെ പാലക്കാടിന്റെ പ്രകൃതിയും മടക്കയാത്രയിലാണോ? പനമ്പട്ടകളില്‍ വീശിയടിക്കുന്ന കാറ്റ് ഖസാക്കിന്റെ ഓര്മകള്കൊണ്ടുവരുന്നുണ്ടോ? ഇതിഹാസകാരന്റെ അനുജത്തിയും കാതോര്‍ക്കുകയാണ്.
ALSO READ:
അവശനെങ്കിലും ഐക്യദീപം തെളിച്ചു
കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’
പ്രതികരിക്കാൻ ഇവിടെ എഴുതുക: