ലോക്ഡൗണ്‍ കാലത്തും വിഖ്യാത ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന്റെ പതിവു ദിനചര്യകള്‍ക്ക് മാറ്റമില്ല. ”കാര്യമായ വായനയില്ല. സാധാരണ അഞ്ച് ദിനപത്രങ്ങള്‍ വായിക്കുമായിരുന്നു. കുറെക്കാലമായി അതിന് കഴിയുന്നില്ല. വാര്‍ധക്യത്തിന്റെതായ ചില പ്രശ്നങ്ങളുണ്ട്. എഴുതാനും വായിക്കാനും വലിയ ആഗ്രഹമുണ്ടെങ്കിലും ശരീരവും മനസ്സും അതിനൊപ്പം നില്ക്കുന്നില്ല. ഭക്ഷണം കുറച്ചേ കഴിക്കുന്നുള്ളൂ. പ്രഭാത ഭക്ഷണം മാത്രമാണ് കാര്യമായി കഴിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഉറക്കം കൂടി. ഏകാന്തതയോട് താല്‍പ്പര്യമില്ല. കൂടെ മക്കളും മറ്റുമുള്ളപ്പോള് എഴുതാനും വായിക്കാനും താല്പ്പര്യമായിരുന്നു.” ഭാര്യ പ്രേമയാണ് ഇങ്ങനെ പറയുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് എംജിഎസിന് കൂട്ട് പഴയ ചില സിനിമാപ്പാട്ടുകളാണ്-മെലഡികള്‍. പുതിയ കാലത്തെ പാട്ടുകള്‍ ഇഷ്ടമല്ല. അര്‍ത്ഥരഹിതം, ശബ്ദകോലാഹലം. അപ്പോഴും കവിതയോടുള്ള ഇഷ്ടം തുടരുന്നു. കുമാരനാശാന്റെ കവിതകളാണ് ഏറെയിഷ്ടം. ഭാര്യ പ്രേമയോട് ഇതിനെക്കുറിച്ചൊക്കെ സംസാരിച്ചിരിക്കും. എങ്കിലും പൊതുവായ മടിയുണ്ട്. ക്ഷീണം ബാധിച്ചിരിക്കുന്നു. ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നുണ്ട്.
എംജിഎസ് പറയുന്നു: ”ലോക്ഡൗണിനെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഏറ്റവും ഉചിതമായിരുന്നു. ലോകം നിര്‍ത്താതെയുള്ള ഓട്ടത്തിലായിരുന്നുവല്ലോ. ആപത്തു വരുമ്പോള്‍ ഒറ്റക്കെട്ടാവാന്‍ നമുക്ക് കഴിയണം. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് സ്വന്തം വീടുകളില്‍ നമ്മള് സുരക്ഷിതരായി കഴിയാനുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഈ വയസ്സുകാലത്ത് ഞാനും ചെറുദീപം കൊളുത്തി. അതില്‍ വലിയ സന്തോഷമുണ്ട്.”
ഓര്മ കുറയുകയാണോയെന്ന് എംജിഎസിന് തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ”ചില ലേഖനങ്ങളൊക്കെ എഴുതണമെന്ന് വിചാരിക്കുന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല. അപൂര്‍വം ചില സുഹൃത്തുക്കള്‍, അവരും പ്രായമായവരാണ്-വിളിക്കാറുണ്ട്. പിന്നെ എന്റെ വിദ്യാര്‍ത്ഥികള്‍ സാറിന്റെ ശബ്ദമൊന്ന് കേള്‍ക്കണം എന്നു പറഞ്ഞ് വിളിക്കുന്നു. ചിലരൊക്കെ സംശയങ്ങള്‍ ചോദിക്കാറുണ്ട്. ഈ മഹാമാരിയെയും നാം അതിജീവിക്കേണ്ടതുണ്ട്. എല്ലാവരും സര്‍ക്കാരുകളുടെ നിര്‍ദ്ദേശം പാലിച്ച് വീടുകളില്‍ കഴിയണം.”
ALSO READ:
കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’
പ്രതികരിക്കാൻ ഇവിടെ എഴുതുക: