ഇന്ത്യ ചൈന അതിര്‍ത്തി
തര്‍ക്കങ്ങള്‍; ഒരു പഠനം
അര്ജ്ജുന് മുരളി
ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട്. 1962 ഒക്ടോബറില്‍ ചൈന ഇന്ത്യക്കെതിരെ യുദ്ധം നടത്തുന്ന വരെ എത്തി കാര്യങ്ങള്‍. ജനാധിപത്യ മര്യാദകള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്ത തികച്ചും ഏകാധിപത്യ രീതിയില്‍ ഭരണം നടത്തുന്ന ചൈന സര്‍ക്കാര്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കുമെന്ന് കരുതുന്നത് അബദ്ധമാകും. ഇപ്പോള്‍ ലഡാക്കില്‍ അകാരണമായി ചൈന ഇന്ത്യന്‍ സൈന്യത്തിന് നേരെ നടത്തുന്ന പ്രകോപനം ഈ രാജ്യത്തിന്റെ ഏകാധിപത്യ ഫാസിസിസ്റ് മുഖം അന്താരാഷ്ട്ര സമൂഹത്തിനു കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ അവസരം നല്കുന്നു.
1949ല്‍ കമ്മ്യൂണിസ്റ്റ് രാജ്യമായി മാറിയ ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആത്മാര്‍ത്ഥമായി ശ്രമിച്ചു. അതിന്റെ ഭാഗമായി 1954ല്‍ ഇന്ത്യ-ചൈന സൗഹൃദം ശക്തിപ്പെടുത്താനായി പഞ്ചശീല തത്ത്വങ്ങളില്‍ പ്രധാനമന്ത്രി നെഹ്രുവും ചൈനീസ് പ്രീമിയര്‍ ചൗ എന്‍ലായിയും ഒപ്പുവച്ചു. ഇതൊക്കെയാണെങ്കിലും ചൈന ഒരിക്കലും ഇന്ത്യ-ചൈന അതിര്‍ത്തി ആയ മക്മോഹന്‍ ലൈന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. മക്ള്മോഹന് ലൈന്‍ അരുണാചല്‍ പ്രദേശ് അതിര്‍ത്തിയായിരുന്നെങ്കില്‍ അക്സായിചിന് ഉള്‍പ്പെടുന്ന കശ്മീര്‍ മേഖലയിലും അവര്‍ അവകാശവാദം ഉന്നയിച്ചു. ടിബറ്റന്‍ കലാപത്തിന് ശേഷം ഇന്ത്യ ദലൈ ലാമക്കു അഭയം കൊടുത്തതും 1959ന് ശേഷം ഇന്ത്യ സ്വീകരിച്ച ഫോര്‍വേഡ് പോളിസിയും അവരെ ചൊടിപ്പിച്ചു. തുടര്‍ന്നു ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി തവണ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.
ജവാഹര്‍ലാല്‍ നെഹ്റു 1962ല്‍ ലണ്ടനില്‍ കോമണ്‍വെല്‍ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ തക്കം നോക്കി അരുണാചല്‍ പ്രദേശിലും അക്സായിചിന് മേഖലയിലും ചൈന ആക്രമണം അഴിച്ചുവിട്ടു. ആയിരത്തിമുന്നൂറോളം സൈനികരെയാണ് ഇന്ത്യക്കന്ന് നഷ്ടമായത്. പ്രധാനമന്ത്രി നെഹ്രു ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ ഏകപക്ഷീയ ആക്രമണം നിറുത്തി പിന്മാറിയില്ലെങ്കില് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ ഫിററ്സ്ജെറാള്ഡ് കെന്നഡിയുടെ താക്കീതില്‍ ഭയന്ന് ചൈന അരുണാചലില്‍ നിന്നും മുഴുവനായി പിന്മാറിയെങ്കിലും അക്സായി ചിന് പ്രദേശം അവര്‍ വിട്ടുകൊടുത്തില്ല. അങ്ങനെ ഏകദേശം 38000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന ഭൂപ്രദേശം ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇന്നും അതവരുടെ കൈവശം ഇരിക്കുന്നു. ചൈനയെ ഒരുകാരണവശാലും വിശ്വസിക്കരുതെന്ന് ആവര്‍ത്തിച്ചു രാജേന്ദ്ര പ്രസാദ്, രാജാജി, ആചാര്യ കൃപലാനി എന്നിവര്‍ നെഹ്രുവിനു മുന്നറിയിപ്പ് കൊടുത്തെങ്കിലും അദ്ദേഹത്തിന് ചൈനയെ വിശ്വാസമായിരുന്നു. ഒടുവില്‍ ആ വിശ്വാസത്തെ ചതിച്ചു കൊണ്ട് ചൈന ആക്രമണം അഴിച്ചു വിട്ടപ്പോള്‍ അദ്ദേഹം ഞെട്ടിപോയി. പ്രതിരോധവകുപ്പിന്റെ കെടുകാര്യസ്ഥത ഈ യുദ്ധം ലോകത്തിനു തുറന്നു കാണിച്ചു പ്രതിരോധസേനയെ ശക്തമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയില്ല എന്ന ശക്തമായ പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോന് രാജിവെച്ചു. ഹിമാലയന്‍ മേഖലയില്‍ ശീതകാലത്തു തണുപ്പിനെ പ്രതിരോധിക്കാന്‍ കെല്പുള്ള വസ്ത്രങ്ങള്‍ പോലും സൈന്യത്തിന് ആവശ്യത്തിന് ലഭ്യമല്ലായിരുന്നു എന്നുള്ള വസ്തുത ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ചൈനയുടെ വിശ്വാസവഞ്ചന പ്രധാനമന്ത്രി നെഹ്റുവിനെ മാനസികമായും ശാരീരികമായും തകര്‍ക്കുകയും ഒരു പരിധി വരെ 1964 മെയ് മാസം അദ്ദേഹത്തിന്റെ മരണത്തിനു വരെ ഇത് കാരണമായി എന്നും പറയപ്പെടുന്നു.
ചൗ എന്ലൈയുടെ ചൈനീസ് സര്‍ക്കാര്‍ നെഹ്രുവിന്റെ മരണശേഷം 1967ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ സിക്കിമിലും ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചു. എന്നാല്‍ ഇക്കുറി ലഫ്റ്റനന്റ് ജനറല്‍ ജഗ്ജിത് സിംഗ് അറോറയുടെ കീഴില്‍ ഇന്ത്യന്‍ സൈന്യം ചൈനക്ക് ചുട്ട മറുപടി നല്കി. 350 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും 450 ചൈനീസ് സൈനികര്‍ക്കു ഗുരുതരമായി പരുക്കേക്കുകയും ചെയ്തപോള്‍ ഇന്ത്യ അഭിമാനകരമായ വിജയം നേടി. നാഥുല യുദ്ധം അല്ലെങ്കില്‍ ചോല യുദ്ധം എന്നും ഈ ഏറ്റുമുട്ടല്‍ അറിയപ്പെടുന്നു.
20 കൊല്ലത്തിനു ശേഷം 1987ല്‍ ആയിരുന്നു ലി പെങ്ങിന്റെ ചൈനയും ഇന്ത്യയും തമ്മില്‍ പ്രശ്നമുണ്ടായത്. 1986ല്‍ ഇന്ത്യ അരുണാചല്‍ പ്രദേശിന് സംസ്ഥാന പദവി നല്‍കിയത് ചൈനക്ക് രുചിച്ചില്ല. ഇത് വകവെക്കാതെ ഇന്ത്യ തവാങ്ങില്‍ ശക്തമായ സൈനികവിന്യാസം നടത്തി. ഇതും ചൈനയെ ചൊടിപ്പിച്ചു .ജനറല്‍ സുന്ദര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന് ചെക്ബോര്ഡിന്റെ ഭാഗമായി കൂടുതല്‍ സൈനികരെ ഹതുങ്ലയില് വിന്യസിച്ചു .അതിനായി അത്യാധുനിക ഹെലികോപ്റ്റര്‍ ആയ എംഐ-26 ഉപയോഗിച്ചത് ചൈനയെ ഭയപ്പെടുത്തി. സുലു ലാ, ബും ലാ എന്നീ പ്രദേശങ്ങളില്‍ ഇന്ത്യന്‍ ചൈനീസ് മിലിറ്ററി നേര്‍ക്കുനേര്‍ എന്തിനും തയ്യാറായി നിന്നതു ലോകത്തെ മുള്‍മുനയില്‍ നിറുത്തിയ ദിനങ്ങളായിരുന്നു. ഒടുവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എന്‍ഡി തിവാരി ചൈനീസ് പ്രീമിയറുമായി നടത്തിയ ചര്‍ച്ചയില്‍ മഞ്ഞുരുകുകയും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തീരുമാനിച്ചത് മൂലം ഒരു യുദ്ധം ഒഴിവാകുകയും ചെയ്തു.
1996ല്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് (എല്‍ എ സി) പരസ്പര സമ്മത പ്രകാരം ഇന്‍ഡ്യയ്ക്കും ചൈനക്കും ഇടയില്‍ നിലവില്‍ വരുകയും പരസ്പരവിശ്വാസം വളര്‍ത്തുവാനുള്ള നിരവധി നടപടികള്‍ ഇരു രാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്തു . 2013ല്‍ ലഡാക്കിലെ ദൗലത് ബെഗ് ഓള്‍ഡി എന്ന സ്ഥലത്തു ചൈനീസ് മിലിറ്ററി അതിക്രമിച്ചു കയറി ക്യാമ്പ് സ്ഥാപിച്ചു .തൊട്ടടുത്ത ദിവസം ഐ ടി ബി പി ഇത് കണ്ടുപിടിക്കുകയും 300 മീറ്റര്‍ മാറി ഇന്ത്യന്‍ സൈന്യത്തിന്റെ ക്യാമ്പ് സ്ഥാപിക്കുകയും ചെയ്തു . അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ പ്രകോപനപരമായ നീക്കമായിട്ടാണ് ഇന്ത്യ ഇതിനെ കണ്ടത് . 20 ദിവസത്തോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷം ഈ പ്രശ്നവും ഒത്തുതീരുകയും ചൈന പിന്മാറുകയും ചെയ്തു. 2017 ല്‍ സിക്കിമിനോട് ചേര്‍ന്ന ഡോക് ലാമില്‍ ഇന്ത്യ-ഭൂട്ടാന് അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത തര്‍ക്കം. ഇന്ത്യക്കൊപ്പം ഭൂട്ടാനും ചൈനയുടെ ഈ ഏകപക്ഷീയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി 2017 ജൂണില്‍ ഓപ്പറേഷന് ജൂണിപ്പറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഇത് തടയുവാനായി സിക്കിം അതിര്‍ത്തി കടന്ന് നീങ്ങി. ഓഗസ്റ്റ് അവസാനം ഇന്ത്യയും ചൈനയും പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്ന് പ്രഖ്യാപിക്കുകയും സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തു. ഇന്‍ഡ്യയുടെയും അന്താരാഷ്ട്രസമൂഹത്തിന്റെം സമ്മര്‍ദ്ദത്തിന് ചൈന ഡോക്ലമില്‍ വഴങ്ങിയെന്നും അതിന്റെ ഫലമായി മുട്ടുമടക്കി എന്ന് വേണം കരുതാന്‍. എന്നാല്‍ ചൈനയെ ഒരിക്കലും വിശ്വസിക്കാനാവില്ല എന്ന സത്യം അടിവരയിടുന്നതായി ഈ സംഭവവും .
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ 2020 മെയ് മാസത്തില്‍ ചൈന വീണ്ടും പഴയ സ്വഭാവം പുറത്തെടുക്കുകയാണ്. അതിര്‍ത്തി (എല്‍ എ സി)കടന്നു പോകുന്ന തര്‍ക്കപ്രദേശമായ പാന്ഗോങ് സൊ തടാകം പൂര്‍ണമായി കൈവശപ്പെടുത്തി സിയാച്ചിന്‍ മേഖലയില്‍ ഇന്ത്യയുടെ സുരക്ഷാ സന്നാഹങ്ങളെ അപകടത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ശക്തമായ സൈനികവിന്യാസം നടത്തി ഇന്ത്യ ചൈനക്ക് മറുപടി നല്‍കിക്കഴിഞ്ഞു. സിക്കിമിലും അതിര്‍ത്തി കടന്നു വന്നു ചൈന പ്രകോപനം സൃഷ്ടിച്ചു. ഇന്ത്യന്‍ കരസേനയിലെ ഒരുദ്യോഗസ്ഥന് കൈക്കരുത്ത് കാണിച്ചപ്പോള്‍ അവര്‍ പിന്‍വാങ്ങിയെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലഡാക്കില്‍ ഗള്വാന് താഴ്വാരത്തില്‍ ഇന്ത്യ നിര്‍മിക്കുന്ന റോഡാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്. സൈനികനീക്കം സുഗമമാക്കുന്ന റോഡ് നിര്‍മാണം ചൈനക്ക് രുചിക്കുന്നില്ല എന്നതാണ് വാസ്തവം. നേപ്പാളില്‍ നിന്നുള്ള അപസ്വരങ്ങളും തുടര്‍ന്നവര്‍ മാപ്പ് മാറ്റിവരക്കുകയും ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ അവരുടേതായി രേഖപ്പെടുത്തുകയും, ഇതിനു ഭരണഘടനാസാധുത നല്കാന് ശ്രമിക്കുന്നതിനു പിന്നില്‍ വേറൊരു രാജ്യം ഉണ്ടെന്നുള്ള ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പ്രസ്താവന ചൈനയുടെ കരങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് ഉറപ്പിക്കുന്നു. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെയും ശക്തമായ നീക്കങ്ങള്‍ ചൈനയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. കൂടുതല്‍ സൈന്യവിന്യാസം നടത്തി റോഡ് നിര്‍മ്മാണം മുന്നോട്ടുകൊണ്ടുപോയി ഇന്ത്യ നിലപാട് കടുപ്പിച്ചപ്പോള്‍, യുദ്ധ സന്നദ്ധരായിരിക്കുവാന്‍ ആദ്യം സൈന്യത്തോട് പറഞ്ഞ ചൈന ഭരണകൂടം ഇപ്പോള്‍ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ സ്റ്റേബിള്‍ എന്ന പ്രസ്താവനയുമായി രംഗം തണുപ്പിക്കാനാണ് ശ്രമിക്കുന്നത്. നേപ്പാളും ഭരണഘടനാഭേദഗതി നല്കുന്ന തീരുമാനം മരവിപ്പിച്ചു .എങ്കിലും ഇന്ത്യ ജാഗ്രത കുറച്ചിട്ടില്ല.
തത്കാലത്തേക്ക് സ്ഥിതി ശാന്തമാകുന്നുണ്ടെങ്കിലും ചൈന എന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യത്തിന്റെ നീക്കങ്ങളെ ഇന്ത്യ എന്നും കരുതലോടെ വീക്ഷിക്കണമെന്ന് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. അവസരം ഒത്തുവന്നാല്‍ അവര്‍ തനിസ്വരൂപം പുറത്തെടുക്കുമെന്നും ഇന്ത്യയെ ഏതുവിധേനയും ദ്രോഹിക്കാന്‍ ശ്രമിക്കുമെന്നും സ്പഷ്ടമാണ്. അതിര്‍ത്തിയിലെ ചൈനയുടെ അതിക്രമങ്ങള്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയുമെങ്കിലും നമ്മുടെ രാജ്യത്തിന്റെ പാസ്സ്പോര്‍ട്ടുള്ള ചിലര്‍ ചൈന സ്നേഹം പ്രകടിപ്പിക്കുന്നതിനെയും സൈന്യത്തെ അവഹേളിക്കുന്നതിനെയും ശക്തമായി നേരിടുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: