അച്ഛന്റെയും മകന്റെയും മേലെ നിയന്ത്രണം വെയ്ക്കാനായി ശഹാജിയെ ബീജാപ്പൂരില്‍ തന്നെ നിര്‍ത്തി. അതുകൊണ്ട് ശിവാജിക്ക് ബീജാപ്പൂരുമായി സംഘര്‍ഷത്തിന് സാധിച്ചില്ല. ഏതാണ്ട് നാല് വര്‍ഷം ശിവാജി കോട്ടകളുടെ ജീര്‍ണോദ്ധാരണം, കൃഷി വികസനം, ലഘു ഉദ്യോഗങ്ങളുടെ വളര്‍ച്ച എന്നിവയില്‍ ശ്രദ്ധിച്ചു. ഗോബ്രാഹ്മണ സംരക്ഷകനായി എല്ലായിടത്തും ശിവാജി അറിയപ്പെട്ടു. (ഗോവ് ഭൗതികാഭിവൃദ്ധിയുടെയും ബ്രാഹ്മണന് ആദ്ധ്യാത്മിക ഉയര്‍ച്ചയുടേയും പ്രതീകമാണല്ലോ) ജയില്‍ മോചിതനായ ശഹാജി തന്റെ നിഷ്ഠാവാന്മാരായ രണ്ട് സേനാനായകന്മാരെ, കാന്ഹോജി ജേധേ, ദാദാജി ലാഹകാര് എന്നിവരെ സ്വരാജ്യത്തിന്റെ സഹായികളായി ശിവാജിയുടെ അടുത്തേക്കയച്ചു. ഇവരുടെ വരവോടുകൂടി ആയിരം ആനകളുടെ ബലം ലഭിച്ചതുപോലെ ശിവാജിക്ക് അനുഭവപ്പെട്ടു. സ്വരാജ്യത്തിന് വേണ്ടി ജീവന് സമര്‍പ്പിക്കുന്നതിലായിരുന്നു കാന്ഹോജിയും ധന്യത കണ്ടെത്തിയിരുന്നത്.
1654-ല്‍ വായി പ്രദേശത്തിന്റെ സുബേദാര്‍ അഫ്സല്‍ഖാന്‍ ആയിരുന്നു. ഈ പ്രദേശത്തിന്റെ തന്നെ ഭാഗമായിരുന്ന ജാവലിയുടെ ഭരണകര്‍ത്താവ് ചന്ദ്രശേഖരമോറേയും. ‘ജാവലി’ സഹ്യാദ്രിയുടെ ഉയര്‍ന്ന പര്‍വത പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു വനനിബിഢമായിരുന്നു ഈ പ്രദേശം. ശിവാജി പലതവണ മോറേയോട് ഹിംന്ദവി സ്വരാജ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ സഹയോഗിയാകാന് അഭ്യര്‍ത്ഥിച്ചിരുന്നു. മോറേയാകട്ടെ ശിവാജിയെ ഒരു വിദ്രോഹിയായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. 1656-ല്‍ അഫ്സല്‍ഖാനെ ബീജാപ്പൂരില്‍ തിരിച്ചുവിളിച്ചു. ഈ അവസരം നഷ്ടപ്പെടുത്താതെ ശിവാജി ജാവലി പ്രദേശം കൈവശപ്പെടുത്തി. ചന്ദ്രശേഖരമോറേയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അഞ്ചാറ് കോട്ടകളും ശിവാജിയുടെ കൈയില്‍ വന്നു. ജാവലിയുടെ ദുര്‍ഗം നിലനിന്നിരുന്നിടത്ത് അജയ്യമായ ഒരു കോട്ട പണിയാന്‍ ശിവാജി നിശ്ചയിച്ചു. നിര്‍മാണച്ചുമതല മോറോപന്ത് പിംഗളയെ ഏല്‍പ്പിച്ചു. ‘പ്രതാപഗഡ്’ എന്നായിരുന്നു ഈ ദുര്‍ഗത്തിന് നാമകരണം ചെയ്തിരുന്നത്. ആദില്‍ശാഹി സേന കൊങ്കണ പ്രദേശത്തേക്ക് പോകുന്നത് ഈ പര്‍വത നിരകളുടെ താഴ്വാരം വഴിയായിരുന്നു. അതിന്റെ മേലെ നിയന്ത്രണം വെയ്ക്കുന്ന ദൃഷ്ടിയിലും ഈ ദുര്‍ഗം വളരെ മഹത്വമുള്ളതായിരുന്നു.
സൂപാ പ്രദേശം കീഴ്പ്പെടുത്തിയതിനു പുറകിലും ഒരു കഥയുണ്ട്. സംഭാജിമോഹിതേ എന്ന പേരില്‍ ശിവാജിക്ക് വകയില്‍ ഒരമ്മാവനുണ്ടായിരുന്നു. ദുഷ്ടനും അഹങ്കാരിയുമായിരുന്നു മോഹിതേ. ജനങ്ങളോട് എല്ലായിപ്പോഴും കലഹിക്കുമായിരുന്നു. മോഹിതേയുടെ സൂപാഗ്രാമവും ശിവാജിയുടെ അധികാര ക്ഷേത്രത്തിലായിരുന്നു. മോഹിതേയുടെ ശല്യം സഹിക്കവയ്യാതെ തിമ്മാജി കുല്‍കര്‍ണി എന്ന സൂപാ നിവാസി, ശഹാജിയുടെ അടുത്തുചെന്ന് മോഹിതേയുടെ ദുര്നടപടികളെക്കുറിച്ച് പരാതിപ്പെട്ടു. ശഹാജി തിമ്മാജിക്ക് ന്യായം കിട്ടത്തക്കവിധം നടപടികളെടുക്കണം എന്ന് കാണിച്ച് ശിവാജിക്ക് ഒരു കത്ത് എഴുതിക്കൊടുത്തു. എന്നാല്‍ ഈ എഴുത്ത് ലഭിക്കുന്നതിന് മുന്‍പുതന്നെ സംഭാജി മോഹിതേയുടെ ദുര്‍വ്യവഹാരം അടിച്ചമര്‍ത്താന്‍ നിശ്ചയിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സൈനികരുമായി ശിവാജി സൂപാഗ്രാമത്തില് പോയി. നേതാവിന്റെ മകനാണ് വരുന്നത് എന്നതുകൊണ്ടുതന്നെ കോട്ടയുടെ കാവല്ക്കാര് ആദരവോടുകൂടി ശിവാജിയേയും കൂട്ടുകാരേയും അകത്ത് പ്രവേശിപ്പിച്ചു. അകത്ത് കടന്ന അനന്തരവന് അമ്മാവനോട് ദീപാവലിയുടെ സമ്മാനമായി സൂപാ, പരഗണ എന്നീ പ്രദേശങ്ങള്‍ തനിക്ക് വിട്ടുതരണമെന്ന് പറഞ്ഞു. അഹങ്കാരിയായ അമ്മാവന് ശിവാജിയുടെ ആവശ്യം തള്ളിക്കളഞ്ഞു. ആ നിമിഷം ശിവാജി സൈനികര്‍ക്ക് ആജ്ഞകൊടുത്തു, മോഹിതയെ ബന്ധനസ്ഥനാക്കാന്‍ അമ്മാവനെ ബന്ധിച്ച് അയാളുടെ കോട്ട കൈവശപ്പെടുത്തി. അതിനുശേഷം ബന്ധമുക്തനാക്കി ശഹാജിയുടെ അടുത്തേക്ക് അയച്ചു. അപ്പോഴാണ് തിമ്മാജി, ശഹാജി കൊടുത്തയച്ച എഴുത്തുമായി ശിവാജിയുടെ അടുത്തെത്തിയത്. അപ്പോഴേക്കും തിമ്മാജിക്ക് ന്യായം ലഭിച്ചുകഴിഞ്ഞിരുന്നു. ശഹാജിയുടെ അടുത്ത് മോഹിതോ, ശിവാജിയെ കുറ്റപ്പെടുത്തി ഏറെ പറഞ്ഞു. എന്നാല്‍ ശഹാജി അതിന് ഒരു മറുപടിയും പറഞ്ഞില്ല. ഏറെ താമസിയാതെ ശഹാജിയെ ആദില്‍ശാഹ കര്ണാടകത്തിലേക്കയച്ചു.
1656ല്‍ ബീജാപ്പൂരിന്റെ ആദില്‍ശാഹ മഹമ്മദ് അന്തരിച്ചു. മരിക്കുന്നതിനു മുന്‍പ് മഹമ്മദ് ആദില്‍ശാഹ തന്റെ സര്‍ദാര്‍മാര്‍, സുബേദാര്‍മാര്‍, മന്ത്രി പരിഷത്തിലുള്ളവര് എല്ലാവരേയും വിളിച്ചുവരുത്തി. അദ്ദേഹത്തിന്റെ പൂര്‍ത്തീകരിക്കാനാകാത്ത സ്വപ്നം അവരുടെ മുന്നില്‍വച്ചു. മുഴുവന്‍ കര്‍ണാടകവും ഇസ്ലാമീകരിക്കണം എന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ആ കാര്യം നിങ്ങളെല്ലാവരും ചേര്‍ന്ന് പൂര്‍ത്തീകരിക്കണം എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിച്ചു. മഹമ്മദിന് ശേഷം അദ്ദേഹത്തിന്റെ പുത്രന് അലി ബീജാപ്പൂരിന്റെ ആദില്ശാഹിയായി ഭരണഭാരമേറ്റു.
1657-ല്‍ നല്ലൊരവസരം ശിവാജിക്ക് ലഭിച്ചു. സാമ്പത്തിക ഞെരുക്കം കാരണം ബീജാപ്പൂര്‍ സുല്‍ത്താന്‍ ഉത്തരകൊങ്കണത്തിന്റെ കല്യാണ്‍ സുബേദാര്‍ക്ക് ഒരു ആജ്ഞാപത്രമയച്ചു. മുഴുവന്‍ ഖജാനയും എടുത്ത് ബീജാപ്പൂരില്‍ എത്തിക്കുക എന്നതായിരുന്നു ആജ്ഞാപത്രം. ചാരന്മാരില്‍നിന്ന് ഈ വിവരം ശിവാജിക്ക് ലഭിച്ചു. ഉത്തരകൊങ്കണം പിടിച്ചെടുക്കാനുള്ള പദ്ധതി തയ്യാറാക്കി. സുബേദാര്‍ മുല്ലാ അഹമ്മദ് പുരന്ദര്‍ ദുര്‍ഗത്തിന്റെ മാര്ഗത്തില്കൂടി ബീജാപ്പൂരില്‍ പോകുകയായിരുന്നു. സ്വരാജ്യത്തിന്റെ സൈന്യം ആദില്‍ശാഹയുടെ ഈ ഖജാനകള്‍ പിടിച്ചെടുത്ത് രാജ്ഗഡില് എത്തിച്ചു. അതേസമയം ആബാജി സോനദേവ്, ശ്യാംരാവ് നീലകണ്ഠ, ദാദാജിബാപു എന്നിവര്‍ ചേര്‍ന്ന് ഉത്തരകൊങ്കണം ആക്രമിച്ചു, കല്യാണ്‍, ഭിവംഡീ എന്നീ കോട്ടകള്‍ കീഴടക്കി. ചൗള്‍, തലേ, രാജമാചി, ലോഹഗഡ്, തുംഗതികോന എന്നീ ദുര്‍ഗങ്ങളും ജയിച്ച് മറാഠാ ദുര്ഗാധിപന്മാരെ നിശ്ചയിച്ചു. ആബാജി സോനദേവനെ ശിവാജി ഉത്തര കൊങ്കണത്തിന്റെ ഭരണാധികാരിയായി നിശ്ചയിച്ചു. സ്വയം ശിവാജി കൊങ്കണത്തില്‍ പോയി ചിപലൂന്, രാജാപൂര്‍ എന്നിവ കീഴടക്കിക്കൊണ്ട് ദക്ഷിണകൊങ്കണത്തില് നിന്നും ഇസ്ലാമിക ഭരണത്തെ പിഴുതെറിഞ്ഞു.
കൊങ്കണത്തില്‍ മുരുഡിന്നടുത്ത് സമുദ്രത്തില്‍ അഭേദ്യമായ ഒരു ജലദുര്‍ഗം ഉണ്ടായിരുന്നു. ജംജിരാ എന്നായിരുന്നു അതിന്റെ പേര്. അവിടെ ‘അബിസിനിയാ’ക്കാരനായ ഒരു സിദ്ദിയായിരുന്നു ഭരണകര്‍ത്താവ്. കൊങ്കണ പ്രദേശം ശിവാജി കീഴടക്കിയതില്‍ ജംജിരയിലെ സിദ്ദി ശക്തമായെതിര്‍ത്തു. ശിവാജി രാജാപൂര്‍ എത്തിയപ്പോള്‍ അവിടെ ബാലാജീ, ചിമാജീ, ശാംജീ എന്നീ സഹോദരന്മാര് അവരുടെ അമ്മയുമായി ശിവാജിയെ കാണാന്‍ അവിടെ ചെന്നു. ഇവരുടെ അച്ഛന് ആവജീ ചിത്രേ സിദ്ദിയുടെ സേനയിലായിരുന്നു. സിദ്ദി അതിക്രൂരമായി ആവജിയെ കൊന്നുകളഞ്ഞു. ഇദ്ദേഹത്തിന്റെ പത്നി ഗുലാബായിയേയും മൂന്നു മക്കളേയും അടിമച്ചന്തയില്‍ വില്‍ക്കാനായി മസ്ക്കറ്റില്‍ പോകുന്ന കപ്പലില്‍ കയറ്റിവിട്ടു. ഗുലാബായിയുടെ ഒരു സഹോദരന് രാജാപൂരില്‍ ഉണ്ടായിരുന്നു. ഗുലാബായി, കപ്പലിന്റെ കപ്പിത്താനുമായി സംസാരിച്ച് രാജാപൂരില്‍ ഇറക്കിവിട്ടാല്‍ പകരമായി ധാരാളം ധനം തരാമെന്നു ഉറപ്പിച്ചു. അതനുസരിച്ച് കപ്പിത്താന് ഗുലാബായിയേയും മൂന്നു മക്കളേയും രാജാപൂരില്‍ ഇറക്കി. ഗുലാബായിയുടെ സഹോദരന് വന്നു ധനം നല്കി തന്റെ സഹോദരിയേയും പുത്രന്മാരെയും വീണ്ടെടുത്തു. ഗുലാബായി, സിദ്ദിയുടെ അത്യാചാരത്തില്‍ നിന്നും ഹിന്ദുക്കളെ രക്ഷിക്കണമെന്ന് ശിവാജിയോടപേക്ഷിച്ചു. ശിവാജി ആ കുടുംബത്തെ തന്റെ സംരക്ഷണത്തിലാക്കി.
ഗുലാബായിയുടെ മൂത്തമകന് ബാലാജീ ആവജീ വളരെ ബുദ്ധിമാനായിരുന്നു. ബാലാജിയുടെ കയ്യക്ഷരങ്ങള്‍ വളരെ മനോഹരങ്ങളായിരുന്നു. എഴുത്തുകുത്തുകള്‍ നടത്തുന്നതില്‍ അതീവ സമര്‍ത്ഥനായിരുന്നു. ശിവാജി ബാലാജിയെ സ്വരാജ്യ കാര്യാലയത്തിന്റെ വരവ് ചെലവ് കണക്കെഴുതി സൂക്ഷിക്കുന്ന (ചിട്ണീസ്) ചുമതല ഏല്‍പ്പിച്ചു. ശിവാജിക്ക് മനുഷ്യരുടെ വിശേഷ കഴിവുകള്‍ കണ്ടെത്താനും, ഉചിതമായ സ്ഥലത്ത് വിനിയോഗിക്കാനുമുള്ള പ്രത്യേക കഴിവുകള്‍ ഉണ്ടായിരുന്നു.
ശിവാജി ഇപ്രകാരം ചെറുതും വലുതുമായ യുദ്ധങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ രാജമാതാ ജീജാബായി ഗര്‍ഭിണിയായ തന്റെ പുത്രവധു സയീബായിയെ പുരന്ദര്കോട്ടയിലേക്ക് കൊണ്ടുപോയി. അവിടെ വൈദ്യന്മാരും മരുന്നുകളും പ്രസവ ചികിത്സ നടത്തുന്ന പ്രശിക്ഷിതരായ സേവികമാരും ഉണ്ടായിരുന്നു. 1657 മെയ് മാസത്തില്‍ (ജ്യേഷ്ഠ ശുക്ല ദ്വാദശി) രാജകുമാരന് ജനിച്ചു. രാജമാതാ ജീജാബായി, പടറാണി മാതാസയീബായി എന്നല്ല, കോട്ടയിലെ സമസ്ത ജനങ്ങള്‍ക്കും ഏറെ സന്തോഷമുള്ള ദിവസമായിരുന്നു അത്. ശിവാജിക്ക് മൂന്ന് പുത്രിമാര്‍ക്കു ശേഷം ജനിച്ച പുത്രനായിരുന്നു ഇത്. 1655 ല്‍ രത്നഗിരിയിലെ കനകദുര്‍ഗത്തില്‍ വച്ച് അപ്പാഖാനുമായി നടന്ന യുദ്ധത്തില്‍ ശഹാജിയുടെ മൂത്തമകനായ സംഭാജിയെ അഫ്സല്‍ഖാന്‍ ചതിച്ചുകൊന്നിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി പുത്രന് സംഭാജി എന്നു പേരിട്ടു.
ഈ കാലഘട്ടത്തില്‍ മുഗള്‍ചക്രവര്‍ത്തി ഷാജഹാന്റെ പുത്രനായ ഔറംഗസേബ് ദക്ഷിണരാജ്യങ്ങളുടെ പ്രതിനിധിയായിരുന്നു. ബീജാപ്പൂര്‍ സുല്‍ത്താന്റെ മരണവാര്‍ത്തയറിഞ്ഞ് സമയം കളയാതെ ദക്ഷിണഭാരതം മുഴുവന്‍ കീഴടക്കാന്‍ ഔറംഗസേബ് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെ ശിവാജിയും പുതിയ ദുര്‍ഗങ്ങള്‍ കീഴടക്കാന്‍ തന്റെ സേനാനായകന്മാരെ നാലുപാടും വിന്യസിച്ചിരിക്കുകയായിരുന്നു. രാജനീതികുശലനായ സോനോപന്ത് ഡബീര്ജിയെ രാജദൂതനായി ഔറംഗജേബിന്റെ അടുത്തേക്കയച്ചു. ബീജാപ്പൂരില്‍ നിന്ന് പിടിച്ചെടുത്ത കോട്ടകള്‍, പ്രദേശങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്ക് അംഗീകാരം വാങ്ങുക എന്നതായിരുന്നു സോനോപന്തിന്റെ യാത്രോദ്ദേശ്യം. ഇവ പിടിച്ചെടുത്തത് ബീജാപൂരിന്റെ കയ്യില്‍നിന്ന്. ശിവാജിയുടെ ബുദ്ധി വാളിന്റെ മൂര്ച്ചപോലെ തീക്ഷ്ണമായിരുന്നു. ഔറംഗസേബിനേയും ദില്ലി സിംഹാസനത്തേയും പുകഴ്ത്തിയുള്ള ശിവാജിയുടെ പത്രം ലഭിച്ച ഔറംഗസേബ് സന്തോഷത്തോടെ അംഗീകാരം കൊടുത്തു. ഒപ്പം ശിവാജി തന്റെ സുഹൃത്താണെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.
ഈ പ്രക്രിയകള്‍ക്കുശേഷം ചാരന്മാരില്‍നിന്നും ശിവാജിക്ക് വിലപ്പെട്ട ഒരു വിവരം കിട്ടി. ഔറംഗസേബിന്റെ അധീനതയിലുള്ള ജുന്നര്‍ പ്രദേശത്തെ ധനത്തെ സംബന്ധിച്ചായിരുന്നു അത്. ശിവാജി ഉടന്‍ തന്റെ മിത്രങ്ങളുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കി. ഉടന്‍ സൈന്യം
മുഗള്‍ പ്രദേശത്തുകൂടി തങ്ങളുടെ കുതിരകളെ പായിച്ചു. ഔറംഗസേബും ശിവാജിയും മിത്രങ്ങളാണെന്ന് കരുതിയ മുഗള സൈനികര്‍ ശിവാജിയെ വഴിക്കെവിടെയും തടഞ്ഞില്ല. ജുന്നര്‍ നഗരത്തിലെത്തിയ ശിവാജിയും കൂട്ടരും മുഗള്പക്ഷക്കാരാണെന്ന കാരണത്താല്‍ മുഗള സൈനികര്‍ നിശ്ചിന്തരായിരുന്നു.
അവര്‍ മദ്യപാനത്തിലും മറ്റും മുഴുകിയിരുന്നു. ശിവാജി അര്‍ദ്ധരാത്രിയില്‍ ഏണിവെച്ച് കോട്ടക്കകത്ത് പ്രവേശിച്ചു. മറ്റു സൈനികര്‍ നഗരത്തിലെ ധനം മുഴുവന്‍ സംഗ്രഹിച്ചെടുത്തു. അവിടുത്തെ എഴുന്നൂറിലധികം കുതിരകളുടെ പുറത്ത് കയറ്റി മുഴുവന്‍ ധനവുമായി പുരന്ദര്‍ ദുര്‍ഗത്തിലേക്ക് പോയി. ഔറംഗസേബ് കൂടനീതിയുടെ മൂര്‍ത്തരൂപമായിരുന്നു. അങ്ങനെയുള്ള ഔറംഗസേബിനെ ശിവാജി വീഴ്ത്തി എന്നത് എല്ലാവരേയും ആശ്ചര്യഭരിതരാക്കി.
ഔറംഗസേബ് ക്രോധംകൊണ്ട് അടിമുടി വിറച്ചു, ശിവാജിയുടെ സൈന്യത്തെ തകര്ത്തുവരാനായി സൈന്യത്തിന് നിര്‍ദ്ദേശം കൊടുത്തു. എന്നാല്‍ ആജ്ഞാപത്രം തയ്യാറാക്കുന്നതിനു മുന്‍പായി ശിവാജിയുടെ സന്ദേശവുമായി രഘുനാഥപന്ത് കോരഡേ ഔറംഗസേബിന്റെ മുന്നിലെത്തി. അദ്ദേഹം പശ്ചാത്താപംകൊണ്ട് നമ്രശിരസ്കനായ ശിവാജിയുടെ കത്ത് ഔറംഗസേബിനെ ഏല്‍പ്പിച്ചു. കത്തില്‍ ശിവാജി താന്‍ ചെയ്ത തെറ്റില്‍ അതിയായി ദുഃഖിക്കുന്നു എന്നും, ക്ഷമ യാചിക്കുന്നു എന്നെല്ലാം വിശദമായി എഴുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ ജുന്നറില്‍ നിന്ന് അപഹരിച്ച ധനത്തിന്റെ വിഷയത്തില്‍ ഒരക്ഷരം പോലും എഴുതിയിരുന്നില്ല.
അദ്ഭുതമെന്നു പറയട്ടെ, ഔറംഗസേബും വളരെ ഉദാരതയോടെ ശിവാജിയുടെ അപരാധം ക്ഷമിച്ചു. താങ്കളുടെ പശ്ചാത്താപം കണ്ട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. ഇനി തുടര്‍ന്നും നമ്മുടെ പരസ്പര വിശ്വാസം നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നതായും എഴുതിയ മറുപടിയും ശിവാജിക്ക് കൊടുത്തയച്ചു. ആശ്ചര്യം, ഔറംഗസേബിന്റെ സ്വഭാവത്തില്‍ ഈ ഉദാരത എവിടുന്നുവന്നു!
ഇതിന് കാരണമുണ്ടായിരുന്നു. ഔറംഗസേബിന്റെ പിതാവായ ഷാജഹാന് ദില്ലിയില്‍ വളരെയധികം അസ്വസ്ഥനാണെന്ന വാര്‍ത്ത വന്നു. പിതൃഭക്തിയുടെ മൂര്‍ത്തിമദ്ഭാവമായ ഔറംഗസേബ് പിതാവിനെ ശുശ്രൂഷിക്കാനായി ദില്ലിയിലേക്കോടി. മുഗള്‍ രാജാക്കന്മാരുടെ പതിവനുസരിച്ച്, രോഗത്തിന്റെ കഷ്ടതകള്‍ അനുഭവിക്കാതെയും, രാജ്യഭാരത്തിന്റെ ചിന്തകള്‍ ബാധിക്കാതെയും എത്രയും പെട്ടെന്ന് അവരെ സ്വര്ഗത്തിലേക്കയക്കുന്ന പ്രവൃത്തി അവര്‍ നിഷ്ഠയോടെ പാലിച്ചുവരുന്നുണ്ടായിരുന്നു. ഔറംഗസേബിനാകട്ടെ പിതാവിന്റെ കൂടെ ജ്യേഷ്ഠസഹോദരന്മാരെയും സ്വര്ഗത്തിലേക്കയക്കണമായിരുന്നു. ഈ സന്ദിഗ്ദ്ധ അവസരം നോക്കിയാണ് ശിവാജി ജുന്നര്‍ പ്രകരണം നടത്തിയതും, ഔറംഗസേബ് ക്ഷമിച്ചതും. എന്നാല്‍ ഔറംഗസേബ് ഒരിക്കലും ഈ സംഭവം മറക്കുകയോ പൊറുക്കുകയോ ചെയ്തിരുന്നില്ല.
ശിവാജി ഒരു കൈകൊണ്ട് ബീജാപ്പൂര്‍ സിംഹാസനത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയും, മറുകൈകൊണ്ട് ദില്ലി ശാസനത്തിന്റെ മൂക്ക് മുറിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരാക്രമ ക്ഷേത്രം തെക്കുനിന്ന് വടക്കുവരെ, സമഗ്രം ഹിന്ദുസ്ഥാനം വ്യാപിക്കുന്നതായിരുന്നു. 1658ലായിരുന്നു ഈ സംഭവം നടന്നത്.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: