ഭാരതീയ പൊതുസമൂഹത്തില്‍ നവീനചിന്തയുടെ സന്ദേശവാഹകനായിരുന്നു നിത്യചൈതന്യയതി. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍(യതി) ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. ആധ്യാത്മിക ചിന്തകനായിരുന്നെങ്കിലും ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പാതയില്‍ സഞ്ചരിച്ച യതി മറ്റു സന്യാസിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു. തത്വചിന്ത, ശാസ്ത്രം, മതം, വിദ്യാഭ്യാസം, മന:ശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട അദ്ദേഹം കര്‍മ്മയോഗിയും ജ്ഞാന യോഗിയുമായിരുന്നു. ഒരു പ്രത്യേക ചിന്താപദ്ധതിയുടെ കള്ളിയില്‍ ഒതുക്കി നിര്‍ത്താനാവാത്തവിധം വിപുലമായ രചനാ ജീവിതവും ദര്‍ശനവും വഴി കേരളീയ സാംസ്കാരിക ജീവിതത്തില്‍ നിറഞ്ഞുനിന്നു. നല്ല ഒരു ചിത്രകാരനും വയലിനിസ്റ്റും കൂടിയായിരുന്നു കലയെയും സംഗീതത്തെയും പ്രകൃതിയെയും സ്നേഹിച്ച അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്ന സന്യാസിയും അദ്ദേഹമാണ്. നന്മയെയും തിന്മയെയും പാപത്തെയും പുണ്യത്തെയും ദ്വന്ദങ്ങളെയുമെല്ലാം ഒരു മഹാമേരുവിനെപ്പോലെ യതി പരിരംഭണം ചെയ്തു. പീഡിതര്‍ക്കും പാപികള്‍ക്കും അഭയമേകി.
സഹചരന്മാരുടെ ജീവിതം എങ്ങനെ മധുരോദാരമാക്കാമെന്നതായിരുന്നു യതിയുടെ മനനവിഷയങ്ങളില്‍ മുഖ്യം. ധ്യാനസുന്ദരമായ ജീവിതം, കാവ്യപുഷ്ക്കലമായ മനസ്സ്, മനോവാക്കായ സാമഞ്ജസ്യം, ആത്മബോധവും ഭൂതഭൗതികതയും, സരളമാര്‍ഗം… എന്നിങ്ങനെ പ്രഭാഷണവിഷയങ്ങളിലോരോന്നിലും ആനന്ദചിത്തത തുളുമ്പി. അറിവ് ദുഖമില്ലാതെ ജീവിക്കാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന്. ഒരു മതത്തിനും ദൈവത്തിനും യതി കീഴടങ്ങിയില്ല. സയന്‍സായിരുന്നു മതം. ശാസ്ത്രീയമായ അറിവിന്റെ വെളിച്ചത്തില്‍ പരിശോധിച്ചശേഷമേ ഏതു കാര്യവും ഉറപ്പിക്കുമായിരുന്നുള്ളൂ. ഗീതാസ്വാധ്വായത്തില്‍നിന്ന് ബൃഹദാരണ്യകത്തിലത്തെിയപ്പോഴേക്കും അദ്ദേഹത്തിന്റെ ശാസ്ത്രദൃഷ്ടി അദ്ഭുതകരമാംവണ്ണം ഗഹനമായി. ഗ്രന്ഥഭാഷ്യങ്ങള്‍ മാനുഷികതയുടെ മുന്‍കുതിപ്പുകളായിരുന്നു. ജീവിതോന്മുഖമല്ലാത്ത വ്യാഖ്യാനങ്ങളെ പുറംകൈകൊണ്ട് തട്ടിമാറ്റി. സത്യസന്ധനും ധീരനും ബുദ്ധിമാനുമായിരിക്കുക എന്നതായിരുന്നു യതിയുടെ സന്യാസമാര്‍ഗം. ധനത്തിലും സ്നേഹത്തിലും മറ്റാരേക്കാളും അദ്ദേഹം ധൂര്‍ത്തനായി. തന്റെ വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനുപോലും പലപ്പോഴും മൗനസമ്മതമേകി.
അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ആംഗലേയത്തില്‍ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും ‘ലോക പൗരന്മാ!രുടെ ലോക ഗവര്ണ്മെന്റ്’ എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ദൈവം ഒരു നാമമല്ല, ക്രിയയാണെന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാത്ത തത്ത്വം നുണ. സാഹിത്യവും ചിത്രരചനയും ധ്യാനവും പ്രാര്‍ഥനയും സംഗീതവും പൂന്തോട്ടനിര്‍മാണവുമെല്ലാം വെറും ടൈംപാസ് ആണെന്നും ആത്യന്തിക ലക്ഷ്യം ആത്മതത്ത്വത്തില്‍ ഉറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’ ഊര്‍ധമൂലമധശാഖി’യായിരുന്ന ഒരു മഹാശ്വത്ഥമായിരുന്നു നിത്യചൈതന്യ യതി.
അദ്ദേഹം 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ സമാധി പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: