അക്കിത്തം മഹാകവിയായി മാറുന്നതിന് മുന്‍പ് തന്നെ അദ്ദേഹവുമായുള്ള പരിചയം ഓര്‍ക്കുകയാണ് ചരിത്രകാരനായ ഡോ.എം.ജി.എസ് നാരായണന്. ആകാശവാണി ”കോഴിക്കോട് നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ അക്കിത്തത്തെ പരിചയമുണ്ട്. ഉറൂബും കടവനാട് കുട്ടികൃഷ്ണനും എന്‍.എന്‍. കക്കാടും തുടങ്ങി സമൃദ്ധമായിരുന്നു അന്ന് കോഴിക്കോട്ടെ ആകാശവാണി നിലയം. ആ സുവര്‍ണ കാലത്തെക്കുറിച്ച് നല്ല ഓര്‍മകളാണുള്ളത്” എം.ജി. എസ് പറയുന്നു.
കവിയും നിരൂപകനും ഭാഷാപണ്ഡിതനുമായിരുന്ന ആര്. രാമചന്ദ്രന്റെ തളിയിലെ വീട്ടിലെ കോലായയില്‍ ആരംഭിച്ച സാഹിത്യ സദസില്‍ അക്കിത്തവുമുണ്ടായിരുന്നു മലയാള സാഹിത്യ ചരിത്രത്തില്‍ കോലായ ഇടം പിടിച്ചത് സാഹിത്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടാണ്. ”കോലായ എന്ന പേരില്‍ ഞങ്ങള്‍ കുറച്ച് പേര് ഒരുമിച്ച് കൂടിയിരുന്നു. ആര്. രാമചന്ദ്രന്റെ വീട്ടില്‍. രാവിലെ തുടങ്ങി രാത്രി വൈകും വരെ. വീട്ടുകാര്‍ക്ക് ഇഷ്ടക്കേടൊന്നുമില്ലെങ്കിലും പിന്നീടത് കോലായ എന്ന പേരില്‍ തന്നെ സദസ്സ് ഹോട്ടലുകളിലേക്ക് മാറി. സമൃദ്ധമായിരുന്നു ആ ദിനങ്ങള്‍. സാഹിത്യപരമായാലും സദ്യയുടെ കാര്യത്തിലായാലും. കോലായ ചര്‍ച്ചകളിലെ ചിലത് പുസ്തക രൂപത്തില്‍ ഇറങ്ങിയിട്ടുണ്ട്. ടൂറിംഗ് ബുക്സ്റ്റാള്‍ ഒക്കെ തുടങ്ങുന്ന കാലമായിരുന്നു അത്”. ‘
ആകാശവാണിക്കാലം മുതല്‍ അക്കിത്തത്തിന്റെ കവിതകള്‍ വായിച്ചു തുടങ്ങിയിരുന്നുവെന്ന് പറയുന്നു എംജിഎസ്. ”ലളിതമാണവ. സംസ്കാര സമ്പൂര്‍ണ്ണമായ കവിതകള്‍. രസികത്വം തുളുമ്പുന്ന കവിത. അന്നും ഇന്നും അങ്ങിനെ തന്നെ” എം.ജി.എസ്. പറയുന്നു.
എം.ജി.എസ്. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: