ഒരാഴ്ച മുമ്പ് കണ്ട് പിരിഞ്ഞതാവും, പക്ഷേ കുറേ നാളായല്ലോ കണ്ടിട്ട് എന്നു പറഞ്ഞ് അക്കിത്തം വിളിപ്പിക്കും ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയെ. അത്രയകലെയല്ലാത്തതിനാല് എടപ്പാളില്‍നിന്ന് കുമരനെല്ലൂര്‍ക്ക് അദ്ദേഹം എത്തും. ചിലപ്പോള്‍ അക്കിത്തം അങ്ങോട്ടു പോകും. അത്രയ്ക്ക് ദൃഢമാണ് അവര്‍ തമ്മിലുള്ള ബന്ധം.
ഡോ. ചാത്തനാത്ത് പതിനെട്ടാം വയസില്‍ അധ്യാപകനായി, കോഴിക്കോട് നന്മണ്ട ഹൈസ്കൂളിലായിരുന്നു. കവിതയെഴുതമായിരുന്നു, വായിക്കാന്‍ ആകാശവാണിയില്‍ പോയി. അവിടെ കണ്ട് തുടങ്ങിയതാണ് അക്കിത്തവുമായി ബന്ധം. പിന്നെ 1977 ല്‍ വള്ളത്തോള്‍ വിദ്യാപീഠം തുടങ്ങിയപ്പോള്‍ അത് ഏറെ അടുത്തു. ആദ്യം അദ്ദേഹം അംഗമായി. പിന്നീട്തുടങ്ങി ഇപ്പോഴും അധ്യക്ഷനാണ് ട്രസ്റ്റിന്റെ. ചാത്തനാത്ത് തുടരുന്നു: ‘ഇപ്പോള്‍ 18 മറിച്ചിട്ട 81 ആയി എനിക്ക്. കവിക്ക് 90 കഴിഞ്ഞല്ലോ. ഞങ്ങള്‍ ഒന്നിച്ച് കവിത ചര്‍ച്ച ചെയ്ത നാളുകള്‍, ജീവിതം വിശകലനം ചെയ്ത ദിവസങ്ങള്‍, ലോകഭാവി ചര്‍ച്ച ചെയ്ത സന്ദര്‍ഭങ്ങള്‍ എത്രയെത്ര. കൂടിക്കാഴ്ചകളുടെ ഇടവേളകള്‍ നീണ്ടാല്‍ രണ്ടുപേര്‍ക്കും അസ്വസ്ഥതകളാണ്.
ഒരിക്കല്‍ ഞങ്ങള്‍ ഇരുവരും ഇക്കാര്യം പറഞ്ഞു. കൃത്യമായ ഉത്തരം എനിക്ക് തോന്നിയില്ല. പക്ഷേ അദ്ദേഹം പറഞ്ഞു, ”ഞാന്‍ അച്യുതന്, താനും അച്യുതന്, അതുതന്നെ കാര്യം.” ഞങ്ങള്‍ ചിരിച്ചു. അവിടെയും തീരുന്നില്ല, രണ്ടുപേരും മീനത്തിലെ ഭരണി. കൊടുങ്ങല്ലൂര്‍ ഭരണിതന്നെ.
മലയാള കവിതയെ കാല്‍പ്പനികതയില്‍നിന്ന് ആധുനികതയിലേക്ക് നയിച്ച അക്കിത്തത്തിന്റെ കവിതകളുടെ ദര്‍ശനം സ്നേഹമാണ്. സ്നേഹത്തിന്റെ വെളിച്ചം- അതില്‍ കണ്ണീരാണ് പ്രതീകം. സങ്കടത്തിന്റെ, ആനന്ദത്തിന്റെ, വാല്‍സല്യത്തിന്റെ, സ്നേഹത്തിന്റെ കണ്ണീര്.
ഞങ്ങള്‍ തമ്മിലുള്ള സ്നേഹദാര്ഢ്യത്തിന് കാരണം ഭൗതികമായ ഒന്നും രണ്ടുപേരും ആ സ്നേഹത്തില്‍നിന്ന് ഇച്ഛിക്കുന്നില്ല എന്നതാണ്. അതെ, അക്കിത്തം പറഞ്ഞ ദര്‍ശനം പ്രവൃത്തിലായതാണ് ഈ ബന്ധം: ‘നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാല്‍…”
ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: