അമേരിക്കയില്‍ ഏറ്റവും അടുത്തറിയാന്‍ കഴിഞ്ഞ നഗരം ന്യൂയോര്‍ക്കാണ്. രണ്ടു പതിറ്റാണ്ടിനിടയില്‍ 15 എട്ടുതവണ അമേരിക്ക കാണാന്‍ അവസരം കിട്ടിയപ്പോള്‍ എല്ലാപ്രാവശ്യവും അന്തിയിറങ്ങിയ മഹാനഗരം. ഒരുതവണ ആറ് മാസം താമസിക്കുകയും ചുറ്റിനടന്നുകാണുകയും ചെയ്ത ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം.ഒരു ആഗോള നഗരത്തിലെ ഏതുവിലാസത്തിലും സ്വന്തമായി എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കു നല്കിയ ന്യൂയോര്‍ക്ക്.
ലോകത്തിന്റെ സാമ്പത്തിക, വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വന്‍നഗരമാണെന്നു പറയാം. ഈ നഗരം കേന്ദ്രീകരിച്ചുള്ള വാണിജ്യ, സാമ്പത്തിക, നിയമ, മാദ്ധ്യമ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നു.
ബ്രോങ്ക്സ്, ബ്രൂക്ക്ലിന്‍, മന്‍ഹാട്ടന്‍, ക്വീന്‍സ്, സ്റ്റേറ്റന്‍ ദ്വീപുകള്‍ എന്നീ അഞ്ച് ഉപനഗരങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഹഡ്സണ്‍ നദിക്കരയിലെ ന്യൂയോര്‍ക്ക് നഗരം . അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം ചതുപ്പും പാറയും നിറഞ്ഞ് ആദിവാസികള്‍ പാര്‍ത്തിരുന്ന പ്രദേശമായിരുന്നു . പുതിയ ന്യൂയോര്‍ക്കിന്റെ ചരിത്രം 1524 ല്‍ ഫ്രഞ്ച് പര്യവേഷകന് ജിയോവാനി ഡാ വേരസാനോ കണ്ടെത്തിയപ്പോള്‍ മുതല്‍ ആരംഭിക്കുന്നുവെങ്കിലും ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞ് ഡച്ച് അധീനതയിലായിരുന്നപ്പോഴാണ് ശ്രദ്ധേയമാകുന്നത്. ന്യൂ ആംസ്റ്റര്‍ ഡാം എന്നായിരുന്നു അന്നത്തെ പേര്. മാന്‍ഹട്ടന്റെ തെക്കന്‍ മൂലയിലായിരുന്നു അന്നത്തെ കുടിയേറിപ്പാര്‍ക്കല്‍. ഡച്ച് കൊളോണിയല്‍ ഡയറക്ടര്‍ മാന്‍ട്ടന്‍ ദ്വീപ് ഫ്രഞ്ചു കാരില്‍ നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നു ചരിത്രം. പിന്നീട് 1664 ല്‍ ബ്രിട്ടീഷുകാര്‍ പിടിച്ചടക്കി ന്യൂയോര്‍ക്ക് ആക്കി നാമകരണം ചെയ്തു.
കലുഷിതമായിരുന്നു ന്യൂയോര്‍ക്കിന്റെ ആദ്യകാല ചരിത്രം. പകര്‍ച്ച വ്യാധികളും കലാപങ്ങളും യുദ്ധങ്ങളുമൊക്കെയുണ്ടായി. ആഭ്യന്തര കലാപ കാലത്ത് ലോംഗ് ഐലന്‍ഡില്‍ ഉഗ്രയുദ്ധങ്ങള്‍ നടന്നു. കുടിയേറ്റങ്ങളാണ് നഗരത്തിന്റെ സ്വഭാവം രൂപീകരിച്ചത്. ആഫ്രിക്കന്‍ അമേരിക്കക്കാരുടെ പ്രിയ നഗരമാണ് ന്യൂയോര്‍ക്ക് അന്നും ഇന്നും. യൂറോപ്പിന്റെ എല്ലാ ഭാഗത്തുനിന്നും ഏഷ്യയില്‍ നിന്നുമൊക്കെയുള്ള കുടിയേറ്റം ന്യൂയോര്‍ക്കിലേക്കുണ്ടായി. ലോകമഹായുദ്ധം മുതല്ക്കേ ഈ നഗരം പ്രബലമായ ആഗോള വാണിജ്യകേന്ദ്രമായിരുന്നു. വിഷ്വല്‍ ആര്‍ട്ടിലെ ഹാര്‍ലെം നവോത്ഥാനം, ചിത്രകലയിലെ അമൂര്‍ത്ത (അബ്സ്ട്രക്റ്റ്) എക്സ്പ്രഷനിസം, ഹിപ്പ് ഹോപ്പ് സംഗീതം തുടങ്ങിയ പല സാംസ്കാരിക മുന്നേറ്റങ്ങളുടെയും ജന്മസ്ഥലം ന്യൂയോര്‍ക്ക് നഗരം ആയിരുന്നു. ഡച്ച് കുടിയേറ്റക്കാര്‍ 1625ല്‍ ആണ് ഈ നഗരം സ്ഥാപിച്ചത്. അന്നുമുതല്‍ നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവാഹം ഈ നഗരത്തിന്റെ സാംസ്കാരിക ജീവിതത്തെ സജീവമാക്കി
നൂറുകണക്കിന് പ്രശസ്തമായ കാഴ്ചബംഗ്ലാവുകളും സാംസ്കാരിക വേദികളും അവതരണവേദികളുമുള്ള ഈ നഗരം ലോകത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നാണ്.. 22 ദേശീയപാര്‍ക്കുകള്‍,4 ദേശീയ സാംസ്ക്കാരികകേന്ദങ്ങള്‍, 262 ദേശീയ ചരിത്രസ്മാരകങ്ങള്‍ , എണ്ണിയാലൊടുങ്ങാത്ത മറ്റുകാഴ്ചകള്‍. ആളുകളെ വല്ലാതെ വശീകരിക്കുന്ന നഗരത്തില്‍ സംഗീതം, സാഹിത്യം, പത്രപ്രവര്‍ത്തനം, ചിത്രകല, നാടകം, ബിസിനസ്, ഫാഷന്‍, സര്‍വകലാശാലകള്‍, ഗവേഷണം തുടങ്ങി എല്ലാമുണ്ട്. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ന്യൂയോര്‍ക്കായതില്‍ അത്ഭുതമില്ല.
2003 ല്‍ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ ആദ്യമായി കാണാന്‍ ആഗ്രഹിച്ചതും കണ്ടതും ലോക വ്യാപാര കേന്ദ്രം അഥവാ വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലമായിരുന്നു.2001 സെപ്റ്റംബര്‍ 11ന് അല്‍ഖ്വയ്ദയുമായി സംഘം വിമാനങ്ങള്‍ ഇടിച്ചു തകര്‍ത്ത ട്വിന്‍ ടവറുകള്‍ നിന്ന സ്ഥലം വേലികെട്ടിമറച്ചിട്ടുണ്ട്.ഗൗണ്ട് സീറോ എന്നിപ്പോള്‍ അറിയപ്പെടുന്ന ഇവിടെ ലോകത്തെ എറ്റവും വലിയ കെട്ടിടം നിന്നു എന്നു സങ്കല്പക്കാനേ വയ്യ.പിന്നീട് പലതവണയും ഗൗണ്ട് സീറോയിലെത്തിയെങ്കിലും ആദ്യത്തെയത്ര വികാരവായ്പ് അനുഭവപ്പെട്ടില്ല.അമേരിക്കക്കാരും അഭിമാനത്തിനും അഹങ്കാരത്തിനുമേറ്റ അടി മറക്കാന്‍ ശ്രമിക്കുകയാണ്.
ന്യൂയോര്‍ക്കിന്റെ മാത്രമല്ല അമേരിക്കയുടെ തന്നെ പ്രതീകമാണ് ലിബര്‍ട്ടി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി. ഫ്രെഡറിക് ബാര്‍ത്തോള്‍ഡി രൂപകല്‍പ്പനചെയ്ത ഈ ശില്പം അമേരിക്കയ്ക്ക് ഫ്രഞ്ചുകാര്‍ നല്കിയ സമ്മാനം. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമന്‍ ദേവതയായ ലിബര്‍ത്താസിന്റെ രൂപമായാണ് പ്രതിമ. വലത്തുകൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യില്‍ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 6, 1776 എന്നെഴുതിയ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകമായാണ് പ്രതിമ നില്‍ക്കുന്നത്. ഇരുമ്പ് ചട്ടക്കൂടില്‍ ചെമ്പ് പാളികള്‍ പൊതിഞ്ഞാണ് 93 മീറ്റര്‍ ഉയരമുള്ള നിയോക്ലാസിക്കല്‍ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്. ഭീകരാക്രമണമുണ്ടാകുന്നതിനു മുന്‍കാലങ്ങളില്‍ പ്രതിമയുടെ മുകളിലുള്ള ലൈറ്റ് ഹൗസ് വരെ പ്രവേശനമുണ്ടിയിരുന്നു. ഇപ്പോള്‍ നിയന്ത്രിച്ചിരിക്കയാണ്. വലിയൊരു പീഠത്തിലാണ് പ്രതിമയുടെ സ്ഥാനം സ്വാതന്ത്ര്യത്തിന്റെ ദേവതയാണ് ലിബേര്‍ട്ടാസ്.പ്രതിമയുടെ തറയുണ്ടാക്കാന്‍ ജോസഫ് പുലിറ്റ്സര്‍ അടക്കമുള്ള പ്രമുഖരാണ് ധനശേഖരണം നടത്തിയത്.
ന്യൂയോര്‍ക്കിന്റെ അന്തസ്സാണ് എംപയര്‍ സ്റ്റേറ്റ് ബില്ഡിഗ്. 1930 മാര്‍ച്ചില്‍ പണിയാരംഭിച്ച ഈ മന്ദിരം 1931ല്‍ പൂര്‍ത്തിയാക്കി. 102 നിലകളും 381 മീറ്റര്‍ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തില്‍ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1951ല്‍ ഇതിന്റെ മുകളില്‍ 67.67 മീറ്റര്‍ ഉയരമുള്ള ഒരു ടെലിവിഷന്‍ ഗോപുരം കൂടെ പണിതു. എഴുപതിലധികം എലിവേറ്ററുകളുണ്ട് കെട്ടിടത്തിന്. മുകളിലെത്തിയാല്‍ ഏതാണ്ട് ന്യൂയോര്‍ക്ക് മുഴുവന്‍ കാണാം. മുകളിലെ ഡെക്കില്‍ കെട്ടിടത്തിന്റെ ചരിത്രം ചിത്രങ്ങളിലൂടെ വിവരിക്കുന്നു.
ലോകസാമ്പത്തികസംവിധാനത്തെ നിയന്ത്രിക്കുന്ന ന്യൂയോര്‍ക്കിന്റെ മറ്റോരു പ്രതീകമാണ് വാള്‍സ്ട്രീറ്റിലെ ചാര്‍ജിങ് ബുള്‍ (കുത്താന്‍ വരുന്ന കാള). അമേരിക്കയുടെ സാമ്പത്തിക പുരോഗതിയുടെയും പ്രതീക്ഷയുടെയും ചിഹ്നമത്രെ മൂന്ന് ടണ്ണിലധികം ഭാരം വരുന്ന സ്വര്‍ണനിറമുള്ള ഓട്ടുനിര്‍മിതമായ തിളങ്ങുന്ന കാള.. ഓഹരികമ്പോളമായ വാള്‍സ്ട്രീറ്റിനടുത്ത് ബൗളിങ് ഗ്രീന്‍ പാര്‍ക്കിലെ ഈ കാളക്കൂറ്റനെ 1987 ലെ സ്റ്റോക് മാര്‍ക്കറ്റ് ഇടിവിനുശേഷം മൂന്നര ലക്ഷം ഡോളര്‍ മുടക്കി ഓര്‍ട്ടിയോ ഡി മോഡികാ എന്ന ഇറ്റാലിയന്‍ അമേരിക്കന്‍ ഉണ്ടാക്കിയതാണ്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചാണ്.
ന്യൂയോര്‍ക്കിലെ ദേശീയ സ്മാരകമാണ് വാള്‍സ്ട്രീറ്റിലുള്ള ഫെഡറല്‍ ഹാള്‍. അമേരിക്കയുടെ ആദ്യ പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിംങ്ടണ്‍ പ്രതിജ്ഞയെടുത്തത് ഫെഡറല്‍ ഹാളിലായിരുന്നു. 1700ല്‍ പണിത ഫെഡറല്‍ ഹാള്‍ 1842ല്‍ അമേരിക്കയുടെ ദേശീയ സ്മാരകമായി. ജോര്‍ജ് വാഷിങ്ടണിന്റെ കൂറ്റന്‍ പ്രതിമ സ്മാരകത്തിന് മുമ്പിലുണ്ട്. വാഷിംങ്ടണ്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഉപയോഗിച്ച ബൈബിളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ വിപ്ലവകാലത്ത് കോണ്‍ഫെഡറേഷന്‍ കോണ്‍ഗ്രസിന്റെ കേന്ദ്രമായി ഹാള്‍ പ്രവര്‍ത്തിച്ചു. ജുഡീഷ്യറിയുടെ നിയമം ഉള്‍പ്പെടെ നിരവധി നിയമം നിര്‍മ്മാണത്തിനും രൂപം നല്‍കിയത് ഈ ഹാളില്‍ വെച്ചാണ്.
ടൈംസ് സ്ക്വയര്‍ ന്യൂയോര്‍ക്കിന്റെ ഹൃദയമായ മാന്‍ഹട്ടന്റെ ഹൃദയമാണ്. 1904 ല്‍ ന്യൂയോര്‍ക്ക് ടൈംസ് , ഹെഡ് ക്വാര്‍ട്ടേഴ്സ് ഇങ്ങോട്ടുമാറ്റിയപ്പോഴാണ് ഈ പേരുണ്ടായത്. അതിനുമുമ്പ് 43 ഡ് സ്റ്റ്രീറ്റ് പടത്തലവന്മാരുടെ പാളയമായിരുന്നു. ലൈറ്റുകളുടെ വര്‍ണ്ണപ്രഭയില്‍ നില്ക്കുന്ന വാണിജ്യ കേന്ദ്രം. സൈന്‍ ബോര്‍ഡുകള്‍ മിന്നിത്തിളങ്ങുകയാണ് എവിടെയും. ആദ്യം കടന്നു ചെല്ലുന്നവര്‍ക്ക് സ്ഥലജല വിഭ്രാന്തിയുണ്ടായില്ലെങ്കില്‍ അത്ഭുതം. ചില സൈന്‍ ബോര്‍ഡുകളില്‍ കാഴ്ചക്കാരുടെ ചിത്രങ്ങള്‍ പോലും പ്രതിഫലിക്കുന്നു. . സാംസ്കാരിക ഷോകളും സിനിമകളും സ്ട്രീറ്റ് പെര്‍ഫോമര്‍മാരും ഭിക്ഷക്കാരും സെക്സ് ഷോപ്പുകളുമൊക്കെയുണ്ട് ടൈം സ്ക്വയറില്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നാടകം ഉള്‍പ്പെടെയുള്ള കലകളുടെ രംഗവേദിയായിരുന്ന ബ്രോഡ്വേയിലെ ടൈംസ് സ്ക്വയര്‍ .ലോക കലാകാരന്മാരുടെ സംഗമവേദിയായിരുന്നു. ഇവിടെ ചാര്‍ലി ചാപ്ലിനടക്കമുള്ളവര്‍ നിത്യ സന്ദര്‍ശകരായിരുന്നു. എ ആര് റഹ്മാന്റെ പ്രശസ്തമായ *ബോംബേ ഡ്രീംസ്* എന്ന സംഗീതാവിഷ്ക്കാരം അദ്ദേഹത്തോടൊപ്പം ഇരുന്ന് കാണാന്‍ കഴിഞ്ഞത് അഭിമാനകാര്യമായി നില്ക്കുന്നു.
അമേരിക്കയിലെ പ്രസിദ്ധമായ തുരങ്കങ്ങളിലൊന്നാണ് ന്യൂയോര്‍ക്ക് നഗരത്തെയും ന്യൂ ജെഴ്സിയേയും ബന്ധിപ്പിക്കുന്ന ലിങ്കണ് തുരങ്കം..അമേരിക്കയിലെ ഏറ്റവും തിരക്കേറിയ റോഡ് ഗതാഗതമാണ് ഈ തുരങ്കത്തിലൂടെ കടന്നുപോകുന്നത്. ഹഡ്സണ്‍ നദിക്കിയിലൂടെയാണ് ഈ തുരങ്കം എന്നതും ശ്രദ്ധേയമാണ്. ന്യൂയോര്‍ക്കിന്റെ അഭിമാനസ്തംഭമാണ് ബ്രൂക്ലിന്‍ പാലം. 1883 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഇതായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കപ്രസര്‍ പാലം. പ്രതി ദിനം ലക്ഷത്തോളം വാഹനങ്ങളാണ് പാലത്തിലൂടെ കടന്നു പോകുന്നത്. മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം എണ്ണപ്പെടുന്ന സ്ഥലമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയംഅമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വേദി. ഉയര്‍ന്ന തലത്തിലുള്ള വിനോദത്തിനുള്ള ആഗോള ഐക്കണ്‍. അന്തസ്സിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന വിനോദ വേദി. പ്രധാനമന്ത്രിയായശേഷം ആദ്യമായി അമേരിക്കയിലെത്തിയ നരേന്ദ്രമോദിയുടെ പൊതു പരിപാടി ഇവിടെയായിരുന്നു
ന്യൂയോര്‍ക്കിന്റെ ഏറ്റവും മനോഹരമായ കാഴ്ച ഹഡ്സണ്‍ നദിക്കപ്പുറം ന്യൂജഴ്സിയിലെ വീഹോക്കനില്‍ ഹാമില്ടണ് പാര്‍ക്കില്‍നിന്നാണ്. ഹഡ്സണ്‍ നദിയാണ് ന്യൂജഴ്സി സംസ്ഥാനത്തേയും ന്യൂയോര്‍ക്ക് നഗരത്തെയും വേര്‍തിരിക്കുന്നത്. നദിക്കരയില്‍നിന്നാല്‍ അങ്ങേക്കരയിലെ മാനംമുട്ടുന്ന കെട്ടിടങ്ങളുടെ നല്ല കാഴ്ചയാണ്. ലോകത്ത് പ്രചരിക്കുന്ന ന്യൂയോര്‍ക്കിന്റെ ചിത്രങ്ങളില്‍ മികച്ചതെല്ലാം തന്നെ ഹാമില്ടണ് പാര്‍ക്കില്‍ നിന്ന് എടുത്തവയാണ്.
ന്യൂയോര്‍ക്കില്‍ എന്റെ ഒറ്റക്കുള്ള യാത്രകള്‍ സബ് വേ എന്നറിയപ്പെടുന്ന അണ്ടര്‍ഗൗണ്ട് ട്രെയിനുകളിലായിരുന്നു. ചിലസ്ഥലങ്ങളില്‍ സബ് വേ റോഡിനുമുകളിലൂടെയും പോകും. കൊച്ചിയിലെ മെട്രോ ട്രയിന്‍ തന്നെയാണീ സബ് വേ .2004 ല്‍ സബ് വേയുടെ 100ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഞാന്‍ ന്യൂയോര്‍ക്കിലുണ്ട്. 100 വര്‍ഷത്തിനു ശേഷമാണ് നമ്മള് അത്തരമൊരു സംവിധാനത്തെകുറിച്ച് ആലോചിക്കുന്നത് എന്നറിയുമ്പോഴാണ് വികസനത്തില്‍ അമേരിക്ക എത്രമുന്നില്‍ എന്നു മനസ്സിലാകുന്നത്.
ന്യൂയോര്‍ക്കില്‍ മിക്കതവണയും എനിക്ക് ആഥിത്യം തന്ന വെങ്കിട് ശര്‍മ്മ, സഹോദരന് മഹാദേവന്, കുടുംബാംഗത്തെപ്പോലെ എന്നെ കാണുന്ന രാജു നാണു, *ശ്രീ* എന്ന വിളിയില്‍ സ്നേഹം വഴിഞ്ഞോഴുക്കുന്ന ഗോപിച്ചേട്ടന് എന്ന ഗോപിനാഥപിള്ള, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, പത്മകുമാര്‍,അരവിന്ദാക്ഷന്, ബാബുരാജ് ,വാസുദേവ് പുളിക്കല്‍, ഉണ്ണികൃഷ്ണപിള്ള, നിഷാ പിള്ള, രാമചന്ദന്‍ നായര്‍, ഡോ.എ.കെ.ബി.പിള്ള, ഗോവിന്ദന് ജനാര്ദ്ദനന്.ഗോപിനാഥ കുറുപ്പ്, ഷിബു.ഗണേശ് നായര്‍, രാജീവ്, രത്നമ്മബാബുരാജ്,ഗോപാലന് നായര്‍, ഷിബു ദിവാകരന്, ഡോ.രഞ്ജിനിപിള്ള, മധു, ഇവരുടെയൊക്കെ കുടുബാംഗങ്ങള്‍………എനിക്ക് സ്വന്തമെന്നു പറയാവുന്ന ന്യൂയോര്‍ക്ക് മലയാളികളുടെ പട്ടിക നീണ്ടതാണ്.
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: