തിരുവനന്തപുരം: അനധികൃതമായി കൈവശം വച്ചിരിക്കുന്ന കോടികളുടെ പാട്ടക്കുടിശികയുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ ഉത്തരവ്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലകാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആറു കോടിയിലധികം രൂപ പാട്ടക്കുടിശിക വരുത്തിയ ഭൂമി വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിക്രമങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുപിടിക്കാന്‍ ഉത്തരവിടുന്നത്. കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വൈഎംസിഎ കൈവശം വച്ചിരിക്കുന്ന 84.825 സ്ഥലമാണ് വൈഎംസിഎയുടെ അവകാശവാദം തള്ളി തിരിച്ചെടുക്കാന്‍ ഉത്തരവായത്.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് 1930 ലും 1934 ലും നടപ്പാക്കിയ ഉടമ്പടി കരാര്‍ പ്രകാരം 99 വര്‍ഷത്തേക്ക് കുത്തകപാട്ടമായി ലഭിച്ചതാണ് ഭൂമിയെന്നാണ് വൈഎംസിഎയുടെ അവകാശവാദം. എന്നാല്‍ സ്വതന്ത്രാനന്തരം നിലവില്‍ വന്ന കേരള ലാന്‍ഡ് അസെന്‍മെന്റ് ആക്ട്, 1960 ലെ വ്യവസ്ഥകള്‍ കുത്തകപാട്ട ചട്ടങ്ങള്‍ റദ്ദാക്കിയിരുന്നു. പുതിയ ചട്ടങ്ങള്‍ അനുസരിച്ച് പാട്ട കാലാവധി പുതുക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കണമായിരുന്നു. എന്നാല്‍ വൈഎംസിഎ ഇതിന് തയാറാവുകയോ പാട്ടകുടിശിക അടയ്ക്കുകയോ ചെയ്തില്ല.
1985 നു ശേഷം പാട്ടകുടിശിക ഇനത്തില്‍ തന്നെ 6.03 കോടി രൂപയാണ് അടയ്ക്കാനുള്ളത്. ഇതേത്തുടര്‍ന്ന് 2007 ല്‍ കളക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്കി. ഇതിനെതിരെ വൈഎംസിഎ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ വാദം കേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വൈഎംസിഎ നല്കിയ റിവിഷന്‍ പെറ്റീഷനില്‍ വാദം കേട്ടശേഷമാണ് സര്‍ക്കാര്‍ വൈഎംസിഎയുടെ വാദഗതികള്‍ തള്ളി ഉത്തരവിറക്കിയത്.
25 കോടിയിലധികം രൂപ വിലവരുന്ന ഭൂമി കൈക്കലാക്കിയ വൈഎംസിഎ ഇവിടം വാണിജ്യആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്കി ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 25 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊല്ലത്ത് ലക്ഷങ്ങള്‍ വാടക നല്കി സ്വകാര്യകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണിത്. മതപരമായ കാര്യങ്ങള്‍ക്ക് എന്നു പറഞ്ഞ് പാട്ടത്തിന് നേടിയ ഭൂമിയാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പാട്ടത്തിനു നല്കുന്ന വസ്തു മറിച്ചു മറ്റാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കരുതെന്ന നിയമവും വൈഎംസിഎ ലംഘിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് വൈഎംസിഎ ഓഫ് ഇന്ത്യ, ബര്‍മ ആന്‍ഡ് സിലോണ്‍ എന്ന വിദേശ സൊസൈറ്റിയുടെ കീഴിലാണ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്നും അവരുടെ വാദം കേട്ടില്ല എന്ന വൈഎംസിഎയുടെ വാദം അവര്‍ക്ക് കൂടുതല്‍ വിനയായി.
വിദേശ സൊസൈറ്റിയുടെ ഭൂമി കൈവശം വച്ച് വാണിജ്യആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ഫെറ, ഫെമ നിയമങ്ങളുടെ ലംഘനമാണെന്നും ഉത്തരവിലുണ്ട് ഇത്തരം വിദേശ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ ക്രിയവിക്രയം നടത്താനാവില്ല. പാട്ടക്കുടിശിക അടയ്ക്കാനോ പാട്ടം പുതുക്കുന്നതിനോ അപേക്ഷ നല്‍കാതെ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയായിരുന്നു വൈഎംസിഎ ചെയ്തതെന്നും ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ ഇവര്‍ക്ക് ഇനി പാട്ടം പുതുക്കി നല്കിയാലും ഇവര്‍ ഭൂമി നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും ഡോ. എ. ജയതിലക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരം വൈഎംസിഎ, ട്രിവാന്‍ഡ്രം ക്ലബ്, മന്നം ക്ലബ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പാട്ടക്കുടിശിക അടയ്ക്കാതെ കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകളില്‍ ഇവര്‍ക്കെതിരായ നടപടികള്‍ ചുവപ്പുനാടയില്‍ കുടുങ്ങുകയാണ് പതിവ്. കൊല്ലം വൈഎംസിഎയ്ക്കെതിരായ റവന്യു അധികൃതരുടെ ഉത്തരവ് നടപ്പാവുമോയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: