അതിജീവനത്തിന്റെ പാതയിൽ – ഭാഗം 1
അതിജീവനത്തിന്റെ പാതയിൽ – ഭാഗം 2
അതിജീവനത്തിന്റെ പാതയിൽ – 6
April 5
അല്പസമയത്തിനകം ഹസ്ബന്റിനെ വിളിപ്പിക്കുകയും എന്റെ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ അദ്ദേഹത്തെ അവർ ബോധ്യപ്പെടുത്തുകയും ചെയ്തു… എന്റെ ശരീരത്തിൽ എന്തോ കാരണവശാൽ രക്തം കട്ടയാവുകയും അത് ശ്വാസകോശത്തിലേക്ക് ഉള്ള pulmonary വെയ്ൻൽ ചെന്ന് അടയുകയും ചെയ്തിരിക്കുകയാണ്…. അത് അലിയിച്ചു കളയുക വളരെ പ്രയാസമാണ്…, ഇൻജക്ഷൻ നൽകിയാൽ അത് ചിലപ്പോൾ വേറെ ഏതെങ്കിലും ഭാഗത്ത് ബ്രയിനിലോ മറ്റോ ചെന്ന് അടിയുകയും കൂടുതൽ അപകടകരമായ അവസ്ഥയിൽ ആവുകയും ചെയ്യും.
അതുകൊണ്ട് തൽകാലം പെട്ടന്ന് തന്നെ ഐസിയുവിലെയ്‌ക്ക് മാറ്റുകയും 24 മണിക്കൂർ ഒബ്സർവേഷനിൽ വെയ്‌ക്കുവാനും തീരുമാനം ആയതായി അവർ അറിയിച്ചു.
നഴ്സ് വന്ന് എന്നെ ഇളം പച്ച വസ്ത്രങ്ങൾ ധരിപ്പിച്ചു… എന്നിട്ട് സ്ട്രക്ചറിൽ കയറ്റി ഐസിയു വിലേക്ക് മാറ്റുകയും ചെയ്തു.
അനിവാര്യമായത് സംഭവിക്കും എന്ന് അദ്ദേഹത്തിനും ബോധ്യമായി. വേണ്ടപ്പെട്ടവരെ എല്ലാം അദ്ദേഹം വിളിച്ച് അറിയിക്കുകയും മോനോട് പെട്ടന്ന് തന്നെ വരാൻ വിളിച്ച് പറയുകയും ചെയ്തു…
ഞാനും എന്റെ വിധിയെ സ്വീകരിക്കുവാൻ തയ്യാറായി നീണ്ട് നിവർന്ന് കട്ടിലിൽ കയറിക്കിടന്നു…
ആറടി അടുത്ത് പൊക്കം ഉള്ളത് കൊണ്ട് എന്റെ കാൽ പാദം കട്ടിലിനു വെളിയിൽ നീണ്ട് കിടന്നു.
വെള്ള വസ്ത്രം ധരിച്ച നഴ്സ് വന്ന് എന്റെ ശരീരം മുഴുവൻ പലതരം ട്യൂബുകൾ ഒട്ടിച്ചു വയ്‌ക്കുകയും ശ്വസിക്കാൻ ഓക്സിജൻ മാസ്ക് ഘടിപ്പിക്കുകയും പിന്നെ എന്തൊക്കെയോ ചെയ്യുകയും ചെയ്തു…പലതരം ലൈറ്റുകളും നിറങ്ങളും കാഴ്ചകളും അനുഭവങ്ങളും പെട്ടന്ന് തന്നെ എന്നെ തളർത്തി .ഞാൻ പതുക്കെ മയങ്ങിത്തുടങ്ങി.
ഗായത്രീ മന്ത്രം
ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത്
ഗായത്രീ മന്ത്രാർത്ഥം
ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം.
ഗായത്രി വിദ്യയുടെ മന്ത്രം ആണ്…
അത് വിദ്യയുടെ മാത്രം അല്ല ബുദ്ധിയുടെയും അതിജീവനത്തിന്റെയും മന്ത്രം കൂടി ആണ്. ഈ മന്ത്രം ജപിച്ചാണ് എന്റെ പൂർവികർ അവരുടെ മോശം സമയം തരണം ചെയ്തത്…ഞാനും എന്റെ വിദ്യാലയത്തിന് ഗായത്രി എന്ന് പേരിട്ടത് കാലത്തെ അതിജീവിക്കണം എന്ന് കരുതി തന്നെ ആണ്. കാലം മാറിയാലും ലോകം മാറിയാലും ഗായത്രി നിത്യ സത്യമായി നിലനിൽക്കും.
ഗൗഢസാരസ്വത ബ്രാഹ്മണരുടെ ഉപാസനാ മന്ത്രം ഗായത്രി ആണ്. അവർ ശിവനെയും വിഷ്ണുവിന്റെയും ശക്തിയെയും ഗണപതിയെയും ഒരേ സമയം ആരാധിച്ചു.
തലമുറകൾ ആയി ഗായത്രി മന്ത്രം മക്കൾക്ക് കൈമാറി കൊണ്ട് ഇരിക്കുന്നു…കലികാല പീഡകളിൽ നിന്ന് മുക്തി നേടാനും…അതിജീവിക്കാനും ഗായത്രി ജപിക്കുവാൻ ആണ് പൂർവികർ നമ്മളോട് പറയുന്നത്.
ഗൗഡ സാരസ്വത സമൂഹം പഞ്ചാബ് മുതൽ കശ്മീർ വരെ ഉള്ള ഭാഗങ്ങളിൽ സരസ്വതി നദിയുടെ തീരത്ത് വസിച്ചിരുന്നവർ ആണ്… നദി വറ്റിയപ്പോൾ അവരിൽ ഒരു വിഭാഗം കാശ്മീരിൽ അധിവസിച്ചു… അവരെ കശ്മീരി പണ്ഡിറ്റ് എന്ന് വിളിച്ചു. പഞ്ചാബിൽ നിന്ന് ദ്വാരകയിൽ വസിച്ച് ദ്വാരക കടൽ എടുത്തപ്പോൾ ഗോവയിൽ എത്തി അവിടെ പോർച്ചുഗീസുകാരുടെ ഇങ്ക്യൂസിഷൻ മൂലം കേരള കർണാടക എന്നിവിടങ്ങളിൽ അഭയം തേടിയവർ ഗൗഡ സാരസ്വത ബ്രാഹ്മണര്‍ എന്ന് അറിയപ്പെടുന്നു. ഭാരതത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ അത് സ്വായത്തമാക്കി വിവിധ മേഖലകളിൽ ഈ സമൂഹം ഉയർന്നു വന്നു. വിവിധ കാലഘട്ടങ്ങളിൽ വിവിധ മേഖലകളിൽ ഇവർ വൈദ്ഗ്ദ്യം തെളിയിച്ചിരുന്നു. അത് കൊണ്ട് തന്നെ അവർ എല്ലാക്കാലത്തും മുഗളൻമാരുടെയും ക്രിസ്റ്റ്യാനികളുടെയും ഇസ്ലാമിക ഭീകര വാദികളുടെയും ആക്രമണത്തിന് പാത്രമായി..
ഞാനും ഇപ്പോൾ ഈ കേരളത്തിലും ഈ സമൂഹത്തിന്റെ ഭാഗം ആയതു കൊണ്ട് മാത്രം കാശ്മീരിലെ പോലെ തന്നെ തീവ്രവാദികളുടെയും ഇസ്ലാമിക് ഭീകര വാദികളുടെയും ആക്രമണത്തിന് ഇരയാവുകയാണ്… കാശ്മീരിൽ നടന്നത് പോലെ ഫത്വ, ഭീഷണി, മൃഗങ്ങളെ കൊന്നു കിണറ്റിലും കുളത്തിലും ഇടുക… സാമൂഹികമായി ,സാമ്പത്തികമായി ബഹിഷ്കരിക്കുക… ഒറ്റപ്പെടുത്തുക
വസ്തുക്കൾ വിറ്റ് പോകാൻ ആവശ്യപ്പെടുക… തുടങ്ങി എല്ലാ കാര്യങ്ങളും ഞങ്ങള്ക്ക് അനുഭവിക്കേണ്ടി വന്നു.
അതിജീവനത്തിന്റെ കാലഘട്ടത്തിൽ കുലദേവത ഞങ്ങളുടെ രക്ഷയ്‌ക്ക് എത്തും എന്ന വിശ്വാസത്തിൽ മാത്രം ആണ് ഞങ്ങള് ഇപ്പോൾ നിലനിൽക്കുന്നത്. ഞാൻ എന്ന ഒരു വ്യക്തിയെ അല്ല കശ്മീരിലെ പോലെ ഒരു സമൂഹത്തെ ആണ് അവർ ഇല്ലാതാക്കാൻ ശ്രമിച്ചത്.
എന്റെ കുറിപ്പുകൾ വായിക്കുമ്പോൾ ഇത് ഓർമ്മ ഉണ്ടാവണം. കാശ്മീരിൽ നിന്ന് തുടങ്ങി… ഇന്ത്യയുടെ ഏറ്റവും മുകളിൽ നിന്ന് പലായനം ചെയ്തു ഏറ്റവും താഴെ കേരളത്തിൽ എത്തി. ഇനി ഓടാൻ ഇടം ഇല്ല… കടലിൽ ചാടുക മാത്രം വഴി ഉള്ളൂ…അത് കൊണ്ട് തിരിഞ്ഞു നിൽക്കാം എന്ന് തീരുമാനിച്ചു.
അതിജീവനത്തിന്റെ പാതയിൽ – 7
April 5
ഐസിയു വിൽ
പിന്നീട് ഞാൻ ഉണരുന്നത് രാത്രി ആണ്… എനിക്ക് എതിരെ ബെഡിൽ കിടക്കുന്ന രോഗി മുസംബി ജ്യൂസ്ന് വേണ്ടി വാശി പിടിക്കുകയും നഴ്‌സിനോട് ചൂടാകുകയും ചെയ്തു… സുഖം ഇല്ലാതെ ഐസിയുയില് കിടക്കുന്ന ഒരാൾക്ക് തണുത്ത മുസംബി ജ്യൂസ് കൊടുക്കുവാൻ സാധ്യമല്ലെന്ന് അവർ അറിയിച്ചു… എന്നാല് പുറത്ത് നിൽക്കുന്ന മകനെ വിളിക്കുവാൻ അയാള് അജ്ഞാപിച്ചു.
ഐസിയു ആണ് വയ്യാത്ത വേറെയും രോഗികൾ ഉണ്ട് എന്ന് നോക്കാതെ അയാള് ബഹളം വച്ചു. ഒടുവിൽ മകൻ എത്തി… കാര്യം കേട്ടപ്പോൾ രാത്രി ഇത്രയും വൈകി കടകൾ ഒന്നും ഇല്ലാത്ത സ്ഥലത്ത് എവിടെ നിന്ന് ജ്യൂസ് കിട്ടും എന്ന് മകൻ ചോദിച്ചു… എനിക്ക് അത് അറിയേണ്ട ജ്യൂസ് കിട്ടിയേ മതിയാവൂ എന്ന് അയാള് വീണ്ടും ബഹളം വെക്കുകയും ചെയ്തു… വിഷമത്തോടെ മകൻ പുറത്ത് പോയി… അവർ തമ്മിൽ ഉള്ള സംസാരത്തിൽ ആ മനുഷ്യൻ GSB (ഗൗഡ സാരസ്വത ബ്രാഹ്മണൻ) ആണ് എന്ന് എനിക്ക് മനസ്സിലായി.
എനിക്ക് അയാളോട് സംസാരിക്കാതിരിക്കുവാൻ ആയില്ല… മുഖത്തെ മാസ്ക് മാറ്റി ഞാൻ അദ്ദേഹത്തെ കൊങ്കണി ഭാഷയിൽ മാമു എന്ന് അഭിസംബോധന ചെയ്തു. ക്രിട്ടിക്കൽ സ്റ്റേജിൽ ഉള്ള ഞാൻ സംസാരിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി… അയാള് പെട്ടെന്ന് ബഹളം നിർത്തി എന്നെ ശ്രദ്ധിച്ചു…
ഞാൻ ഭാഷയിൽ സാവകാശം സംസാരിച്ചു തുടങ്ങി.. “മാമു തുമ്മി ഏക് ദോർക്കോ നെയ് വേ ? അഗ്നി ഉപാസന കൊറ്ചോ? “
താങ്കൾ ഒരു കൊങ്കണി അല്ലേ ഗായത്രി ഉപാസകന്‍ … അഗ്നിയെ ഉള്ളിൽ കൊണ്ട് നടക്കുന്നവർ… വയസ്സായി ചുമതലകൾ എല്ലാം തീർന്നു. ഇപ്പോൾ രോഗിയായി മോശം അവസ്ഥയിൽ നിൽക്കുന്നു.താങ്കൾ. എന്തുകൊണ്ട് താങ്കളുടെ പിതാവ് കൈമാറി തന്ന അമൂല്യമായ ഗായത്രി ജപിക്കുന്നില്ല ? ഇത്തരം അവസ്ഥകൾ അതിജീവിച്ച് മുന്നോട്ട് പോവാൻ താങ്കളുടെ പൂർവികർ ആശ്രയിച്ചു പോന്ന അമൂല്യമായ ആ മന്ത്രത്തെ എന്തുകൊണ്ടാണ് ഇപ്പൊൾ ഉപയോഗിക്കാത്തത് ?
അയാള് നിശബ്ദനായി… ഞാൻ ഭാഷയിൽ സംസാരിച്ചത് കൊണ്ടാണോ അതോ അതീവ ഗുരുതര അവസ്ഥയിൽ എന്നിൽ നിന്ന് ഇത്തരം സംസാരം ഉണ്ടായത് കൊണ്ടാണോ അയാള് നിശബ്ദനായത് എന്നറിയില്ല… ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കുകയും ഉറങ്ങാൻ തയ്യാറെടുക്കുകയും ചെയ്തു…
അൽപ സമയം കഴിഞ്ഞപ്പോൾ നഴ്സ് എന്റെ അടുത്ത് വന്നു… എന്നെ എറണാകുളത്ത് ഉള്ള അമൃത ആശുപത്രിയിൽ ഷിഫ്റ്റ് ചെയ്യൂകയാണ്… അവർ റിപ്പോർട്ട് ചോദിച്ചു വിളിച്ചിരുന്നു എന്ന് പറഞ്ഞു… അത് കഴിഞ്ഞപ്പോൾ ഹോസ്പിറ്റൽ ഇന് ചാർജ് നേരിട്ട് വന്നു… എന്തുകൊണ്ടാണ് ഞാൻ ഷിഫ്റ്റ് ചെയ്യാൻ പോകുന്നത് എന്നും എനിക്ക് ഹോസ്പിറ്റലിലെ ട്രീറ്റ്മെന്റില്‍ പരാതി ഉണ്ടോ എന്നും അന്വേഷിച്ചു.
ശരിക്കും അപ്പോഴാണ് ഞാൻ വീണ്ടും എന്നെക്കുറിച്ച് ചിന്തിച്ചത്… അവസാനമായി ചേർത്തല സ്കൂൾ ബിൽഡിംഗ് നിർമ്മാണത്തിന് വേണ്ടി മാറ്റി വെച്ച കിട്ടിയ തുക മാത്രമേ ബാങ്കിൽ അപ്പോള് ഉള്ളൂ… ഇപ്പോൾ തന്നെ വലിയ ഒരു തുക ടെസ്റ്റുകൾക്കും ചിലവുകൾക്കും ആയി അതിൽ നിന്ന് എടുത്ത് കഴിഞ്ഞു… മോൻ ജോലിയിൽ ട്രെയിനി ആയത് കൊണ്ട് ചെറിയ ഒരു തുക മാത്രമേ അവന് കിട്ടുകയുണ്ടായിരുന്നുള്ളൂ… അവന്റെ താമസവും ഭക്ഷണവും കഴിച്ചു മിച്ചം ഒന്നും കാണാൻ സാധ്യത കുറവാണ്… ഈ അവസ്ഥയിൽ ആംബുലൻസില്‍ അല്ലാതെ വേറെ മാർഗ്ഗത്തിൽ ഷിഫ്റ്റ് ചെയ്യാൻ സാധിക്കില്ല.
വീണ്ടും ടെസ്റ്റുകൾ… ഇതെല്ലാം ചെയ്താലും പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവാൻ സാധ്യതയില്ല… എനിക്ക് മതിയായി. ഞാൻ ഹസ്ബന്റി നെ കാണണം എന്ന് ആവശ്യപ്പെടുകയും ഇനി ഒരു ചികിത്സ എനിക്ക് ആവശ്യമില്ല എന്നും എനിക്ക് ഇവിടെ നിന്ന് മാറാൻ താൽപര്യം ഇല്ല എന്നു അദ്ദേഹത്തോട് പറയുകയും ചെയ്തു…
അതിജീവനത്തിന്റെ പാതയിൽ – 8
April 6
ജനിച്ചു വളർന്നത് പാലക്കാട് ആണെങ്കിലും അതിൽ കൂടുതൽ കാലം ഞാൻ ജീവിച്ചത് മണ്ണഞ്ചേരിയില്‍ ആണ്… ഈ നാടും ഇവിടെ ഉള്ള കുഞ്ഞുങ്ങളും ആണ് ആദ്യം മനസ്സിൽ വന്നത്… ഇവിടെ വന്ന് മാസങ്ങൾ കഴിയുമ്പോൾ തന്നെ ഇവിടത്തെ കുഞ്ഞുങ്ങള്ക്ക് ശരിയായ വിദ്യാഭ്യാസം കിട്ടുന്നില്ല എന്നൊരു തോന്നൽ ഉള്ളിൽ ഉയർന്നിരുന്നു… ചെറിയ പ്രായത്തിൽ തന്നെ മോഷണം, മയക്കു മരുന്ന്, തുടങ്ങിയ പ്രവർത്തനങ്ങളിൽ കുഞ്ഞുങ്ങൾ ഏർപ്പെട്ടിരുന്നു… അവർക്ക് അത് തെറ്റാണ് എന്ന് പോലും അറിയില്ലായിരുന്നു… കുഞ്ഞുങ്ങളെ എങ്ങിനെ വളർത്തണം എങ്ങിനെ അവരെ മുന്നോട്ട് കൊണ്ടു പോകണം എന്ന് മാതാപിതാക്കൾക്കും അറിയില്ലായിരുന്നു. ഒരു നല്ല വിദ്യാലയം ഈ കുഞ്ഞുങ്ങളെയും നാടിനെയും നേരായ മാർഗ്ഗത്തിൽ നയിക്കും എന്ന് എനിക്ക് തോന്നി. പക്ഷേ സ്വന്തമായി ഞാൻ ഒരു വിദ്യാലയം തുടങ്ങും എന്നോ അത് വലിയ ഒരു സ്ഥാപനം ആയി വളരും എന്നോ ഞാൻ ഒരിക്കലും കരുതിയില്ല….
എന്നാല് വിധി എനിക്കായി ഒരുപാട് കാര്യങ്ങള് കരുതി വച്ചിരുന്നു…
മണ്ണഞ്ചേരി ഒരു കൊച്ചു ഗ്രാമമാണ്… ഒരു വശത്ത് കായലും മറുവശത്ത് കടലും ചുറ്റപ്പെട്ട പഞ്ചസാര പോലെ ഉള്ള വെള്ള മണ്ണ് പുതച്ച കൊച്ചു ഗ്രാമം. വഴിയുടെ ഇരുവശത്തും പല നിറത്തിൽ ഉള്ള ചെമ്പരത്തിയും ഇലച്ചെടികളും കൊണ്ട് അതിര് തിരിച്ച ഓടിട്ട കൊച്ചു വീടുകൾ… ചെറിയ ചായക്കടകൾ…. കൊച്ചു കൊച്ചു പീടികകൾ… പഴുത്ത കായക്കുലകളും അച്ചാർ പാക്കറ്റുകളും അതിന് മുന്നിൽ തൂങ്ങി കിടന്നു… ആളുകൾ നാട്ടു വിശേഷങ്ങൾ ചർച്ചചെയ്യാൻ നിത്യേന കൂടുന്ന ഇടങ്ങൾ ആണിവ. സമാധാനപ്രിയരും നിഷ്കളങ്കരുമായ ആളുകൾ…
തൊണ്ട് അഴുകിച്ച് തല്ലി നാരാക്കി കൈകൊണ്ടും റാട്ട് കയറു പിരിച്ചും ജീവിതം നെയ്യുന്ന കുടുംബങ്ങൾ… വീടുകളിൽ ആടും കോഴിയും നടക്കുന്നത് കാണാം. ഞായറാഴ്ച ഉച്ചയ്‌ക്ക് സിനിമ കാണാനും വൈകിട്ട് സീരിയൽ കാണാനും ടിവി ഉള്ള വീടുകളിൽ ചുറ്റും ഉള്ള വീട്ടുകാർ മുഴുവനും ഒത്ത്കൂടും… ഒരു വീട്ടിൽ കല്യണമോ മറ്റ് വിശേഷങ്ങളോ ഉണ്ടെങ്കിൽ പന്തൽ കെട്ടാനും അലങ്കരിക്കാനും മുതൽ എല്ലാവരും ഉണ്ടാവും…
ജാതി മത വിത്യാസം ഇല്ലാതെ എല്ലാവരും എല്ലായിടത്തും പോവുകയും വരികയും ചെയ്യും…വീടുകൾക്ക് ഇടയിൽ അതിര് തിരിക്കുന്ന വേലികളോ മതിലുകളോ ഇല്ല… വീടുകളുടെ മുറ്റത്ത് കൂടെ നടന്ന് മറ്റ് വീടുകളിലേക്ക് എല്ലാവർക്കും ചെല്ലാം…
പതിനഞ്ച് മിനിറ്റ് നടന്നാൽ പ്രധാന റോഡിൽ എത്തുകയും അവിടെ നിന്ന് ആലപ്പുഴയിലേക്ക് ഉള്ള പ്രൈവറ്റ് ബസും ആണ് യാത്രാ മാർഗ്ഗം… വല്ലപ്പോഴും വരുന്ന ട്രാൻസ്പോർട്ട് ബസുകളും കാണാം.
ഇതൊക്കെ ആയാലും മണ്ണഞ്ചേരിക്ക് എന്ത് കൊണ്ടോ മറ്റ് നാടുകളിൽ വളരെ മോശം പേര് ആയിരുന്നു… ദരിദ്രരുടെയും പാചകക്കാരുടെയും നാട്… മോഷ്ടാക്കളുടെ നാട് എന്നൊക്കെ ഒരു പ്രചരണം ഉണ്ടായിരുന്നു… അത് കൊണ്ട് തന്നെ വിവാഹ ആലോചന വന്നപ്പോൾ എല്ലാവരും എതിർത്തു… എന്നെ ഭയപ്പെടുത്തുകയും ചെയ്തു….
വളരെ പെട്ടന്നാണ് ഞാൻ ഈ നാടുമായി ഇണങ്ങിയത്…. പുല്ല് പോലും മുളയ്‌ക്കാത്ത പഞ്ചാര മണ്ണിൽ കിഴങ്ങ് വർഗ്ഗങ്ങൾ നന്നായി വിളയും എന്ന് എനിക്ക് മനസ്സിലായി… ചേനയും ചേമ്പും കാച്ചിലും നിറയെ വിളഞ്ഞു… വാഴകളിൽ വലിയ കുലകൾ ഇല്ലെങ്കിലും അതിന്റെ കൂമ്പും ഉണ്ണിപ്പിണ്ടിയും തോരനും പരിപ്പിട്ട് കറിയുമായി… വേനലിൽ പലതരത്തിലുള്ള മാങ്ങകൾ മൂവാണ്ടൻ, കൊച്ചി മാങ്ങ, കിളിച്ചുണ്ടൻ… തുടങ്ങി നാരുള്ളതും ഇല്ലാത്തതും ആയ മാങ്ങകൾ കൊണ്ട് വീട് നിറഞ്ഞു… പച്ച മാങ്ങ അച്ചാറും ഉണക്കിയതും ജ്യൂസ് ഒക്കെയായി മാങ്ങാക്കാലം കഴിഞ്ഞു… ചെറുതും വലുതുമായ ചക്കകൾ തോരനും ഉപ്പേരിയും പുഴുക്കും ആയി നിറഞ്ഞു….
ആദ്യത്തെ മാമ്പഴക്കാലം കഴിഞ്ഞതും ഞാൻ ഈ നാടിന്റെ ഭാഗമായി മാറി….
മുറ്റത്ത് ഉള്ള പഞ്ചാര മണലിൽ കൂടി ഉള്ള രാത്രിയിലെ ആമകളുടെ ഒരു കുളത്തിൽ നിന്ന് മറ്റെ കുളത്തിലേക്ക് ഉള്ള യാത്രയും …
പുളി മരത്തിൽ നിത്യവും വരുന്ന തത്തകളും വീടിനുള്ളിൽ വിരുന്ന് വരുന്ന വാവലുകളും രാത്രിയിൽ ചിലമ്പുമായി നടക്കുന്ന ഭഗവതിയും കുളത്തിനുള്ളിൽ നിന്ന് കേൾക്കുന്ന നിധിയുടെ ഗുളുഗുലു ശബ്ദവും കാണാതെ പോയ ഭഗവതിയുടെ കഥയും എല്ലാം എല്ലാം എനിക്ക് വിസ്മയകരമായ അനുഭവങ്ങൾ ഒരുക്കി.
ഭയത്തോടെയും സംശയത്തോടെയും പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച എനിക്ക് ഈ നാടും വീടും കുടുംബവും അങ്ങിനെ ജീവിതത്തിന്റെ ഭാഗം ആയി മാറി…
അതിജീവനത്തിന്റെ പാതയിൽ – 9
April 7
മണ്ണഞ്ചേരി ഒരു മഴച്ചേരി ആണ് എന്ന് അമ്മ എപ്പോഴും പറയും. വിവാഹത്തിന് ശേഷം ഇത്രയും ദൂരെ ആണെങ്കിലും ഒന്നോ രണ്ടോ മാസം കൂടുമ്പോൾ അച്ഛനും അമ്മയും അനിയത്തിയും നിറയെ പലഹാരങ്ങളും പച്ചക്കറികളും ഒക്കെയായി കാണാൻ എത്തും… വരുമ്പോൾ ഒക്കെ ഒരു രാത്രി വീട്ടിൽ തങ്ങി അടുത്ത ദിവസം കാലത്താണ് തിരിച്ചു പോവുക. എപ്പോൾ വന്നാലും എത്ര ചൂട് ആണെങ്കിലും രാത്രി മഴ പെയ്യും… കഠിനമായ തണുപ്പുള്ള ഡിസംബർ മാസത്തിലെ രാത്രികളിൽ പോലും ഇവിടെ മഴ പതിവാണ്…
ഇരുട്ട് നിറഞ്ഞു നിൽക്കുന്ന അടുക്കളയിൽ പകല് സമയങ്ങളില് പോലും വിളക്ക് കത്തിച്ചു ആണ് പാചകം. പൂജാമുറിയിലും അറയിലും എപ്പോഴും ഇരുട്ടും ഈർപ്പവും തങ്ങിനിൽക്കും…
വീടിന് പുറത്ത് ഒരു കൊച്ചു അടുക്കള വേറെ ഉണ്ട്… അതിലാണ് ചോറ് വയ്‌ക്കുന്നതും എണ്ണ പലഹാരങ്ങൾ തയ്യാറാക്കുന്നതും… പത്രോട എന്ന് വിളിക്കുന്ന ചേമ്പില അപ്പം, ഖീരി എന്ന് വിളിക്കുന്ന അട പായസം, കാച്ചിൽ പുഴുങ്ങി പൊടിച്ച് ഉണ്ടാക്കുന്ന ബോണ്ട ഇവയെല്ലാം അവിടെ ആണ് തയ്യാറാക്കുക…
രാവിലെ സമയങ്ങൾ അടുക്കളയിലും വീടിന് ഉള്ളിലും ഉച്ചയ്‌ക്ക് ശേഷം കുളപടവിലും മരച്ചുവട്ടിലും ഇരിക്കുന്നത് ഒരു ശീലം ആയി…
മാസങ്ങൾ കടന്നു പോയി… ചുറ്റും ഉള്ള വീടുകളും ആയി ഞാൻ അടുപ്പത്തിൽ ആയി. നിത്യവും ഉള്ള ജോലികൾക്ക് ശേഷം സ്ത്രീകൾ തൊണ്ട് തല്ലുകയും അത് പിരിച്ചു കയർ ആക്കുകയും വൈകിട്ട് അത് കൊച്ചു കടകളിൽ അല്ലെങ്കിൽ കയർ വാങ്ങാൻ വരുന്നവർക്ക് കൊടുത്ത് അടുത്ത ദിവസത്തെയ്‌ക്ക് ഉള്ള അരിയും ഉപ്പും മുളകും എല്ലാം വാങ്ങുകയും ചെയ്തു…
മിക്ക വീടുകളിലും രാവിലെ പ്രഭാത ഭക്ഷണം ഉണ്ടായിരുന്നില്ല…കട്ടൻ ചായയും കടയിൽ നിന്ന് വാങ്ങിയ നുറുക്ക് പാക്കറ്റും അവർ പങ്ക് വെച്ച് കഴിച്ചു… ഉച്ചയ്‌ക്ക് മീനും ചോറും വച്ചു….
ഏറ്റവും അത്ഭുതം തോന്നിയത് കുട്ടികളെ കുറിച്ചാണ്… സ്കൂളിൽ പോകുന്നത് പോലും നിർബന്ധിതമല്ലാത്തത് കൊണ്ട് ഉച്ചഭക്ഷണം മുൻ നിർത്തിയാണ് അവർ സ്കൂളിൽ പോകുന്നത് തന്നെ…
പഠനം എന്നത് ഒരു അവശ്യഘടകം പോലുമായി ആവർക്ക് തോന്നിയിരുന്നില്ല… അത്കൊണ്ട് തന്നെ കുട്ടികളെ ഉൾപ്പെടുത്തി ഉള്ള മോഷണം, കഞ്ചാവ് വിപണനം എന്നിവ ഒക്കെ സാധാരണമായിരുന്നു. ശരിയായി രീതിയിൽ ഉള്ള ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് ചെറു പ്രായത്തിൽ പെൺകുട്ടികൾ ഗർഭിണി ആവുകയും വീട്ടുകാർ ഇടപെട്ട് ഒന്നുകിൽ അവരെ വളരെ പ്രായം ചെന്നവർക്ക് വിവാഹം ചെയ്തു അയയ്‌ക്കുകയോ ചികിത്സക്ക് വിധേയരാക്കി അത് അലസിപ്പിക്കുകയോ ചെയ്യുന്നത് രഹസ്യമായ പരസ്യം ആയിരുന്നു.
കുട്ടി കുറ്റവാളികൾക്ക് താരതമ്യേന ശിക്ഷകൾ കുറവ് ആയിരുന്നതിനാലും കുട്ടികൾ ഉൾപ്പെടുന്ന കേസുകൾ പലപ്പോഴും ഒതുക്കി തീർക്കുകയും ചെയ്തിരുന്നത് കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ ഇവിടെ സുഗമം ആയി നടന്നു വന്നിരുന്നു.
ഭൂരിപക്ഷ സമുദായമായ മുസ്ലിം സമൂഹം ഗൾഫ് രാജ്യങ്ങലിലേയ്‌ക്ക് കുടിയേറുന്ന കാലമായിരുന്നു…. പുതിയ വാർത്ത വീടുകൾ ചുറ്റിനും ഉയർന്നു തുടങ്ങി … ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച പെൺകുട്ടികൾക്ക് രണ്ടും മൂന്നും കുഞ്ഞുങ്ങൾ… അവർക്ക് തമ്മിൽ അധികം പ്രായവിത്യാസം വളരെ കുറവ്… ഭർത്താവ് വിദേശത്തും… സ്വാഭാവികമായി കുട്ടികളുടെയും കുടുംബത്തിന്റെയും ചുമതല ഈ പെൺകുട്ടിയുടെ ചുമലിൽ…. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം മൂല്യങ്ങൾ എന്നിവ നൽകണം എങ്കിൽ അതിനുള്ള സാഹചര്യങ്ങൾ അപര്യാപ്തം..
ഇത്തരം ഒരു സാഹചര്യത്തിൽ ചെറിയ കുട്ടികൾക്ക് നല്ല മൂല്യങ്ങൾ പകർന്നു നൽകുന്ന ഒരു ചെറിയ play school തുടങ്ങണം എന്ന ഒരു ആശയം മനസ്സിൽ കടന്ന് വന്നിരുന്നു…
പക്ഷേ അത്തരത്തിൽ ഒന്ന് പ്രാവർത്തികമാക്കുവാൻ ഉള്ള കാര്യങ്ങള് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ജീവിതം മുന്നോട്ട് ഒഴുകി പോയി… രണ്ട് കുഞ്ഞുങ്ങളുടെ ആദ്യം ഒരു ആൺകുട്ടിയും പിന്നെ ഒരു പെൺകുട്ടിയുടെ അമ്മയും ആയി ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഞാൻ മുഴുകിപ്പോയി….
പക്ഷേ അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും… അത് എനിക്ക് ജീവിതം കാണിച്ചു തന്നു… അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
അതിജീവനത്തിന്റെ പാതയിൽ – 10
April 8
മോനെ സ്കൂളിൽ ചേർക്കാൻ പ്രായം ആയപ്പോൾ ആദ്യം ചേർത്തത് എല്ലാവരെയും പോലെ തൊട്ട് അടുത്തുള്ള എഴുത്ത് കളരിയിൽ ആയിരുന്നു… മണ്ണ് കൊണ്ട് പകുതി ചുമർ കെട്ടിയ ഓല മേഞ്ഞ ചെറിയ കെട്ടിടത്തിൽ രാവിലെ കൊണ്ട് ചെന്ന് ആക്കുകയും പിന്നീട് ഉച്ചയ്‌ക്ക് വിളിച്ച് കൊണ്ട് വരുകയും ചെയ്തിരുന്നു.
പിന്നീട് കുറച്ചു കൂടി വലുതായപ്പോൾ ആറ് കിലോമീറ്റർ ദൂരെ ഉള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു. എന്ത് കൊണ്ടോ അവനെ അത്ര ദൂരം വിടാൻ എനിക്ക് മടി തോന്നിയിരുന്നു. ഉച്ച കഴിഞ്ഞ് ആറ് മാസം പ്രായമുള്ള മോളുമായി ബസ്സ് കയറി അവനെ കാണാൻ പലപ്പോഴും പോയിരുന്നു… അങ്ങിനെ ഉള്ള യാത്രകളിൽ അവിടെ കണ്ട കാഴ്ചകൾ മനസ്സിനെ വല്ലാതെ വീർപ്പ് മുട്ടിച്ചു…
കുഞ്ഞുങ്ങൾക്ക് സ്നേഹവും പരിചരണവും ശ്രദ്ധയും ആവശ്യമായ സമയത്ത് അത് ശരിയായ രീതിയിൽ കിട്ടുന്നില്ല എന്ന് ഒരു തോന്നൽ ഉള്ളിൽ കയറി… ഉച്ച ഭക്ഷണ ഇടവേള സമയത്ത് കുട്ടികൾ ബഹളം വെക്കുകയും തട്ടി താഴെ വീണ ഭക്ഷണം നോക്കി കരയുകയും ചെയ്യുന്ന കാഴ്ച നൊമ്പരപ്പെടുത്തി.
മകളെ ഒരിക്കലും ഇത്രയും ദൂരെ അയക്കുക ഇല്ല എന്നും ഒന്നാം ക്ലാസ് വരെ വീട്ടിൽ ഇരുത്തി ഞാൻ തന്നെ പഠിപ്പിക്കും എന്നൊരു തീരുമാനവും ആ അവസരത്തിൽ ഉണ്ടായി.
ഈ സമയത്ത് തന്നെ വീടിന് ചുറ്റും ഉള്ള കുട്ടികളും ആയി ഒരു ചെറിയ സൗഹൃദം ഉണ്ടാവുകയും അവർക്ക് വൈകുന്നേരങ്ങളിൽ പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുവാനും തുടങ്ങിയിരുന്നു.
കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ മൂല്യങ്ങൾ പകർന്നു നൽകണം എന്നും അവരുടെ ബുദ്ധി വളര്‍ന്നു വരുന്ന മൂന്നു മുതൽ അഞ്ചു വരെ ഉള്ള കാലഘട്ടങ്ങളിൽ സ്വഭാവ രൂപീകരണം നടക്കും എന്നും അതിന് വേണ്ട രീതിയിൽ ഉള്ള വളർച്ച ഉറപ്പ് വരുത്തണം എന്നും അങ്ങിനെ ഉണ്ടായാൽ അവർ രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും അഭിമാനിക്കാവുന്ന രീതിയിൽ അവർ വളർന്ന് വരികയും ചെയ്യും എന്നും ഉള്ള ഒരു ഉൾക്കാഴ്ച എന്റെ മനസ്സിൽ ഉണ്ടാവുകയും അതിന് വേണ്ടി പ്രവർത്തിക്കണം എന്ന് ഉള്ള തോന്നൽ ഉള്ളിൽ ഉറയ്‌ക്കുകയും ഉണ്ടായി.
ഒരാളുടെ ഉള്ളിൽ ഒരു ശരിയായ ആഗ്രഹം ഉണ്ടാവുകയും അത് മാസങ്ങളും വർഷങ്ങളും കൊണ്ട് വ്യക്തമായി രൂപപ്പെടുകയും ചെയ്താൽ അത് സത്യമായി ഭവിക്കും എന്നത് സത്യമാണ്…. ഞാനും അങ്ങിനെ ഉള്ള അനുഭവത്തിൽ കൂടി കടന്ന് പോയി.
(തുടരും)
(തുടരും)
അതിജീവനത്തിന്റെ പാതയില്‍ – 4
പ്രതികരിക്കാൻ ഇവിടെ എഴുതുക: