തിരുവനന്തപുരം: ധീരദേശാഭിമാനി വീര സവര്‍ക്കറെക്കുറിച്ചുള്ള നാടകം സംസ്ഥാനത്ത് പ്രക്ഷേപണം ചെയ്യാതെ ആകാശവാണിയുടെ അവഗണന. ദേശീയ നാടകോത്സവവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും സവര്‍ക്കറെ കുറിച്ചുള്ള നാടകം പ്രക്ഷേപണം ചെയ്യാന്‍ ആള് ഇന്ത്യ റേഡിയോ (എഐആര്‍) നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തില്‍ ആകാശവാണിക്ക് എട്ട് സ്റ്റേഷനുകളാണ് ഉള്ളത്. നാടകങ്ങള്‍ തയ്യാറാക്കുന്നത് സ്റ്റേഷന് കേന്ദ്രീകരിച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ്. ഇക്കുറി കോഴിക്കോട് നിലയമാണ് നാടകം തയ്യാറാക്കേണ്ടത്. മാസങ്ങള്‍ക്ക് മുമ്പ് നാഷണല്‍ ഡ്രാമ പ്രോഗ്രാം എന്ന പേരില്‍ നാടകം ചെയ്യണമെന്ന് ദല്‍ഹിയില്‍ നിന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് വേണ്ടിയുള്ള മാനദണ്ഡങ്ങളും ഒപ്പം പുറപ്പെടുവിച്ചു. എന്നാല്‍ ഇന്ന് വൈകിട്ട് സംപ്രേഷണം ചെയ്യേണ്ട സവര്‍ക്കറുടെ നാടകം ചെയ്യാനാകില്ലെന്ന് കോഴിക്കോട് നിലയം ഇന്നലെയാണ് തിരുവനന്തപുരത്തെ അറിയിക്കുന്നത്.
നാടകത്തിന്റെ സ്ക്രിപ്റ്റും സംപ്രേഷണം ചെയ്യേണ്ട തീയതിയും ഉള്‍പ്പടെ ദല്‍ഹിയില്‍ നിന്നും മുന്‍കൂട്ടി ലഭിച്ചിരുന്നു. സ്ക്രിപ്റ്റ് പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി നാടകരൂപത്തിലാക്കുന്ന ചുമതലയാണ് അതത് സംസ്ഥാനത്തിനുള്ളത്. കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങള്‍ നിര്‍ദേശം അതേപടി പാലിച്ചു. കോഴിക്കോട് നിലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പിടിപ്പെട്ടതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സ്റ്റേഷന് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നാടകം തയ്യാറാക്കേണ്ട സ്റ്റേഷനില്‍ അസൗകര്യം ഉണ്ടെങ്കില്‍ മറ്റു സ്റ്റേഷനിലേക്ക് ഇത് കൈമാറാനുള്ള അധികാരം സ്റ്റേഷന് ഡയറക്ടര്‍മാര്‍ക്ക് ഉണ്ട്. ഏറ്റവും അടുത്ത ആഴ്ചയില്‍ തന്നെ നാടകം പ്രക്ഷേപണം ചെയ്യുമെന്നാണ് ആകാശവാണിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം.
സവര്‍ക്കറുടെ പുസ്തകം കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംസ്ഥാനത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. സവര്‍ക്കറുടെ നാടകം സംസ്ഥാനത്ത് പ്രക്ഷേപണം ചെയ്യപ്പെടരുതെന്ന രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള ഉദ്യോഗസ്ഥരുടെ ബോധപൂര്‍വ്വമായ ഇടപെടലുണ്ടെന്ന ആക്ഷേപവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: