മലപ്പുറം: എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ 12 പേര്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഉള്ളവരാണ് പരാതിക്കാര്‍. ബാങ്കില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ബാങ്കില്‍ വരണമെന്നുമുള്ള നിരന്തരമായ ഫോണ്‍ വിളിയെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാത്തവര്‍ പോലും ക്രെഡിറ്റ് കാര്‍ഡിനായി ബാങ്കിലെത്തി ബാങ്ക് മാനേജരുടെ നിര്‍ദ്ദേശപ്രകാരം ക്രെഡിറ്റ് കാര്‍ഡ് സര്‍വീസ് നല്‍കുന്ന കൗണ്ടര്‍ മുഖേന അപേക്ഷ നല്‍കി. തുടര്‍ന്ന് കാര്‍ഡ് ആവശ്യമില്ലാത്തവരും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് കണ്ടെത്തിയവരും കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് കിട്ടുന്നതിനായി ബാങ്കിനെ സമീപിച്ചു.
ബാങ്കില്‍ നിന്നും നിര്‍ദ്ദേശിച്ച എല്ലാ വിവരങ്ങളും പരാതിക്കാര്‍ നല്‍കിയശേഷം പരാതിക്കാരുടെ കാര്‍ഡ് ക്യാന്‍സല്‍ ചെയ്തു എന്നായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ചുമതയുള്ള ബാങ്ക് സ്റ്റാഫ് പരാതിക്കാരോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നും പരാതിക്കാരുടെ അക്കൗണ്ടില്‍ നിന്നും പരാതിക്കാര്‍ അറിയാതെ പണം നഷ്ടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് ജീവനക്കാരനായി പ്രവര്‍ത്തിച്ചയാള്‍ നിരവധി പേരുടെ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പരാതിക്കാര്‍ മനസ്സിലാക്കിയത്. എസ്.ബി.ഐ കാര്‍ഡ് അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാര്‍ക്ക് നോട്ടീസും ലഭിക്കുകയുണ്ടായി, തുടര്‍ന്നാണ് പരാതിക്കാര്‍ ഉപഭോക്തൃ കമ്മീഷന് പരാതി നല്‍കിയത്.
ബാങ്കില്‍ നിന്നും നഷ്ടപ്പെട്ട പണവും നഷ്ടപരിഹാരവും കോടതി ചെലവുമായി 20,08,747 രൂപ പരാതിക്കാര്‍ക്ക് 45 ദിവസത്തിനകം നല്‍കണമെന്നും വീഴ്ച വന്നാല്‍ വിധി സംഖ്യക്ക് 9 ശതമാനം പലിശ നല്‍കണമെന്നും പ്രസിഡന്റ് കെ.മോഹന്‍ദാസും മെമ്പര്‍മാരായ പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷന്‍ വിധിച്ചു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ കെ.എം. കൃഷ്ണകുമാര്‍, സൈനുല്‍ ആബിദീന്‍ കുഞ്ഞി തങ്ങള്‍, അഭിലാഷ്, ബീന ജോസഫ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: