തിരുവനന്തപുരം:മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്
ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച നാലംഗ വിദഗ്ധ സമിതി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഡിഎംഇ ആരോഗ്യമന്ത്രിക്ക് വ്യാഴാഴ്ച റിപ്പോര്‍ട്ട് കൈമാറും.ഉപകരണങ്ങളും മരുന്നും വാങ്ങുന്നതില്‍ അടക്കം മാറ്റങ്ങള്‍ ഉണ്ടാവണമെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
അതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രികളിലേക്ക് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് ഡോ ഹാരിസ് രംഗത്തുവന്നു. ഉന്നയിച്ച വിഷയം പരിഹരിക്കണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ആശുപത്രികളിലേക്ക് പ്രതിഷേധം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആരോഗ്യവകുപ്പിനേയോ സര്‍ക്കാരിനെയോ ആരോഗ്യവകുപ്പ് മന്ത്രിയെയോ അല്ല കുറ്റപ്പെടുത്തിയത്. ബ്യൂറോക്രസിയെക്കുറിച്ച് മാത്രമാണ് ചൂണ്ടിക്കാട്ടിയത്.
മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് പരസ്യമായി പറയേണ്ടി വന്നത്.ഇത് തന്റെ പ്രൊഫഷണല്‍ ആത്മഹത്യയായിരുന്നു. മുഖ്യമന്ത്രി കുറ്റപ്പെടുത്തിയെങ്കിലും തനിക്ക് വിരോധമില്ല. നടപടി ഉണ്ടാകുമെന്ന് കരുതി തന്നെയാണ് പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതെന്നും ഡോ ഹാരിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: