ലണ്ടന്‍: ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ്, എംഐ 6ന്റെ (മിലിട്ടറി ഇന്റലിജന്‍സ് സെക്ഷന്‍ 6) തലപ്പത്തേക്ക് ഇതാദ്യമായി വനിത എത്തുന്നു. നാല്‍പ്പത്തിയേഴുകാരിയായ ബ്ലെയ്സ് മെട്രെവെലിയെ എംഐ 6ന്റെ മേധാവിയായി പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറാണ് നാമനിര്‍ദേശം ചെയ്തത്. നിലവില്‍ ഏജന്‍സിയുടെ സാങ്കേതിക വിഭാഗം മേധാവിയാണ്.
എംഐ 6ന്റെ 116 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന റിച്ചാര്‍ഡ് മൂറിനു പകരമാണ് നിയമനം.
കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമൂഹിക നരവംശ ശാസ്ത്രത്തില്‍ ബിരുദധാരിയാണ് ബ്ലെയ്സ്. 1999ലാണ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ ചേര്‍ന്നത്. എംഐ 6ല്‍ ചേരുന്നതിന് മുന്‍പ് ബ്രിട്ടന്റെ ആഭ്യന്തര ഭീകരവിരുദ്ധ രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സിയായ എംഐ 5-ല്‍ ഡയറക്ടര്‍ ചുമതലകള്‍ വഹിച്ചിരുന്നു.
ക്യു എന്ന കോഡ് നെയിമിലാണ് ബ്ലെയ്സ് ഇപ്പോള്‍ അറിയപ്പെടുന്നത്. സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസിന്റെ മേധാവിയാകുന്നതോടെ കോഡ് നെയിം സി എന്നാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: