ഓസ് ലോ: ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്ന് ചെസ് ലോകം വിശേഷിപ്പിച്ച ലോകചെസ് ചാമ്പ്യനും ചെസിലെ വിശ്വപ്രതിഭയും തമ്മിലുള്ള പോരില്‍ മാഗ്നസ് കാള്സന് വിജയം. ലോകചെസ് ചാമ്പ്യനായ ഗുകേഷ് 55നീക്കത്തില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
സ്റ്റാവന്‍ഗറില്‍ നടക്കുന്ന നോര്‍വെ ക്ലാസിക് ചെസിലെ ആദ്യമത്സരമായിരുന്നു മാഗ്നസ് കാള്‍സന്‍- ഗുകേഷ് പോരാട്ടം. മത്സരം നാല് മണിക്കൂര്‍ നീണ്ടു.
ലോകചാമ്പ്യന്‍ പട്ടം നേടാന്‍ ഗുകേഷ് പോരെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ഗുകേഷ് ഒരു വിജയത്തിലൂടെ മധുരപ്രതികാരം നല്‍കുമെന്ന് ഇന്ത്യയിലെ ചെസ് പ്രേമികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷെ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച മാഗ്നസ് കാള്സന് വിജയം നേടി. ജോബാവ ലണ്ടന്‍ ഓപ്പണിങ്ങ് എന്ന ശൈലിയിലായിരുന്നു മാഗ്നസ് കാള്‍സന്‍ കളിച്ചത്. തുടക്കം മുതലേ കാള്‍സന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഗുകേഷ് പ്രതിരോധിച്ചു. പക്ഷെ കളി ഏതാണ് മധ്യഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ കാള്‍സന്‍ മുന്‍തൂക്കം നേടി. തുടക്കത്തില്‍ മുന്നില്‍ നിന്ന കാള്‍സനെ 11ാം നീക്കത്തില്‍ ഗുകേഷ് ഞെട്ടിച്ചിരുന്നു. പക്ഷെ പൊതുവെ കാലാളുകളുടെ ഘടന ദുര്‍ബലമായതാണ് ഗുകേഷിന്റെ പരാജയത്തിന് കാരണമായതെന്ന് 34കാരനായ കാള്‍സന്‍ പറഞ്ഞു.
2024 ഡിസംബറില്‍ ചൈനയുടെ ഡിങ്ങ് ലിറനെ മലര്‍ത്തിയടിച്ചാണ് ഗുകേഷ് ലോകചെസ് കിരീടം നേടിയത്. മാത്രമല്ല, ലോകചെസ് കിരീടം നേടാനുള്ള പ്രാപ്തിയില്ലെന്ന കാള്‍സന്റെ വിമര്‍ശനങ്ങളെ ഗുകേഷ് തള്ളിയിരുന്നു. ഇതോടെ ഇവര്‍ തമ്മിലുള്ള ഒരു പോരാട്ടത്തിന് ലോകം കാത്തിരിക്കുകയായിരുന്നു. പക്ഷെ മാഗ്നസ് കാള്‍സന്‍ പുതിയ ചെസ് രൂപമായ ഫ്രീസ്റ്റൈല്‍ ചെസിലേക്ക് കൂടുമാറുകയും ഗുകേഷ് ക്ലാസിക് ചെസ്സില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ ഇവര്‍ തമ്മിലുള്ള ഒരു പോരിന് സാധ്യതയില്ലായിരുന്നു.പൊതുവെ കരുനീക്കത്തിന് കൂടുതല്‍ സമയം അനുവദിക്കുന്ന ചെസ് രൂപമാണ് ക്ലാസിക് ചെസ്. ക്രിക്കറ്റില്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണിത്.
എന്നാല്‍ നോര്‍വ്വെ ചെസ് ഇതിന് വേദിയാകുകയായിരുന്നു. ഗുകേഷുമായി ഏറ്റുമുട്ടാന്‍ വേണ്ടി മാത്രമാണ് മാഗ്നസ് കാള്‍സന്‍ ക്ലാസിക് ചെസ് ടൂര്‍ണ്ണമെന്‍റായ നോര്‍വ്വെ ചെസ്സില്‍ മത്സരിക്കാനെത്തിയത്.
2013ല്‍ ആദ്യമായി ലോകചാമ്പ്യനാവുമ്പോള്‍ മാഗ്നസ് കാള്‍സന്റെ പ്രായം 22 ആയിരുന്നു. പിന്നീട് അഞ്ച് തവണ ലോകചെസ് കീരിടം ചൂടിയിട്ടുണ്ട് മാഗ്നസ് കാള്‍സന്‍. എന്നാല്‍ തനിക്ക് പോന്ന എതിരാളികളില്ലെന്ന് പറഞ്ഞ് ലോക ചെസ് കിരീടത്തിന് മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് മാഗ്നസ് കാള്‍സന്‍ തന്റെ കിരീടം കാത്ത് സൂക്ഷിക്കാന്‍ താല്‍പര്യമില്ലെന്ന് അറിഞ്ഞ് ഒഴിയുകയായിരുന്നു. അതിന് ശേഷം 2023ല്‍ ചൈനയുടെ ഡിങ്ങ് ലിറനാണ് ലോകചെസ് ചാമ്പ്യന്‍ ആയത്. 2024ല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടിയ ഗുകേഷ് ലോക ചാമ്പ്യന്‍ ഡിങ്ങ് ലിറനെ വെല്ലുവിളിക്കുകയായിരുന്നു. ആ മത്സരത്തില്‍ ജയിച്ചാണ് ഗുകേഷ് ലോകചാമ്പ്യന്‍ പട്ടം നേടിയത്.
ലോകചെസ് ചാമ്പ്യന്‍ ഗുകേഷ് ആണെങ്കിലും ഇപ്പോഴും മികച്ച ലോക ചെസ് വേദിയില്‍ കിരീടം വെയ്‌ക്കാത്ത രാജാവ് മാഗ്നസ് കാള്‍സന്‍ തന്നെ. ലോകറേറ്റിംഗില്‍ കഴിഞ്ഞ ഒരു ദശകമായി മുന്നിട്ട് നില്‍ക്കുകയാണ് മാഗ്നസ് കാള്‍സന്‍. 2831 ആണ് ഇദ്ദേഹത്തിന്റെ ഫിഡെ ഇഎല്‍ഒ റേറ്റിംഗ്. ലോകറാങ്കിങ്ങിലും കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മാഗ്നസ് കാള്‍സന്‍ തന്നെയാണ്. അതെ സമയം ഗുകേഷാകട്ടെ, 18ാം ലോകചെസ് കിരീടം 18ാം വയസ്സില്‍ നേടുക വഴി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ എന്ന നേട്ടം സ്വന്തമാക്കിയ കളിക്കാരനാണ്.ഗുകേഷിന്റെ ഫിഡെ ഇഎല്‍ഒ റേറ്റിംഗ് 2787 ആണ്. ഇപ്പോള്‍ ഫിഡെയുടെ ലോകറാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനാണ് ഗുകേഷ്.
എന്തായാലും ആദ്യ റൗണ്ടില്‍ ജയിച്ച മാഗ്നസ് കാള്‍സന് മൂന്ന് പോയിന്‍റായി. മറ്റൊരു കളിയില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോല്‍പിച്ച് ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയും മൂന്ന് പോയിന്‍റ് നേടി. ലോക നാലാം റാങ്ക് താരമായ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി ചൈനയുടെ വെയ് യിയുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതേ തുടര്‍ന്നുള്ള ആമഗെഡോണ്‍ സ്പീഡ് ചെസ്സില്‍ അര്‍ജുന്‍ എരിഗെയ്സി വിജയിച്ചു. ഇതോടെ അര്‍ജുന് ഒന്നരപോയിന്‍റും വെയ് യിക്ക് ഒരു പോയിന്‍റുമായി.
വനിതകളുടെ മത്സരത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപി ഇന്ത്യയുടെ വൈശാലിയെ തോല്‍പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: