കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു. മിക്ക കണ്ടെയ്നറുകളും ഒഴിഞ്ഞനിലയിലെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചിയിൽ മറിഞ്ഞ എംഎസ്സി എൽസ 3 ചരക്കുകപ്പലിൽ ഉണ്ടായിരുന്ന കണ്ടയ്‌നറുകളിൽ 13 എണ്ണം നീണ്ടകര, ശക്തികുളങ്ങര ഭാഗങ്ങളിൽ ഒഴുകിയെത്തി. ഇനിയും കൂടുതൽ കണ്ടെയ്നറുകൾ കൊല്ലം തീരത്തേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് വിവരം. ആലപ്പുഴ തീരത്തേക്കും കണ്ടെയ്നറുകൾ ഒഴുകിയെത്തുന്നുണ്ട്. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ കടൽ വെള്ളത്തിൽ അപകടരമായ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നുള്ള പരിശോധന തുടങ്ങി. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേർന്ന് സാമ്പിള്‍ ശേഖരിക്കുകയാണ്. അടുത്ത ഘട്ടമായി മത്സ്യത്തിന്റെ സാമ്പിളുകളും ശേഖരിക്കും.
ആലപ്പുഴ ആറാട്ടുപുഴ തീരത്തടിഞ്ഞ കണ്ടെയ്‌നർ കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. സാധനങ്ങൾ മുഴുവൻ കടലിൽ ഒഴുകി നടക്കുകയാണ്. രണ്ട് കണ്ടെയ്‌നർ കൂട്ടിച്ചേർത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്‌സിനു മുകളിൽ സോഫി ടെക്‌സ് (SOFI TEX) എന്നാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.
തീരുവ അടയ്‌ക്കാതെ കൊണ്ടുവന്നിട്ടുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇതിൽനിന്ന് ചരക്കുകൾ മാറ്റുന്നത് നിയമവിരുദ്ധമാണ്. കണ്ടെയ്നറുകൾ കണ്ടെത്താനും നിരീക്ഷിക്കാനും കസ്റ്റംസ് മറൈൻ ആൻഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിട്ടുണ്ട്. കരതൊടുന്നതനുസരിച്ച് സംഘമെത്തി കണ്ടെയ്നറുകൾ പരിശോധിക്കുകയും അപകടകരമല്ലാത്ത വസ്തുക്കളുള്ളത് കൊച്ചി തുറമുഖത്തേക്ക് എത്തിക്കും. ഇല്ലെങ്കിൽ സമീപത്തെ കസ്റ്റംസ് ഓഫീസിന്റെ കസ്റ്റഡിയിലാകും.
നീണ്ടകര പരിമണം ക്ഷേത്രത്തിന് എതിർവശത്ത് രണ്ട്, പരിമണത്തെ ഹോട്ടലിന് പിറകുവശത്ത് മൂന്ന്, നീണ്ടകര ഹാർബറിന് സമീപം അഞ്ച്, കരിത്തുറ ഭാഗത്ത് ഒന്ന്, ശക്തികുളങ്ങര മദാമ്മതോപ്പ് ഭാഗത്ത് ഒന്ന് എന്നിങ്ങനെയാണ് കണ്ടെയ്നറുകൾ ഒഴുകിയെത്തിയത്. കരിത്തുറ ഭാഗത്തു കണ്ട കണ്ടെയ്നർ തീരം തൊട്ടിട്ടില്ല. ഞായറാഴ്ച രാത്രി ചെറിയഴീക്കൽ തീരത്ത് ഒരു കണ്ടെയ്നർ എത്തിയിരുന്നു.
കണ്ടെയ്നറുകൾ എല്ലാം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പോലീസും ഫയർഫോഴ്സും ചേർന്ന് കയറുകൊണ്ട് ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടെയ്നറുകൾ ഏറ്റെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ ഉച്ചയോടെ എത്തും. തീരത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. നിലവിൽ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോകുന്നത് വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: