ന്യൂദൽഹി : മാവോയിസ്റ്റ് കോട്ടകൾ തകർന്നടിഞ്ഞ ബസ്തറിൽ ഇനി വികസനത്തിന്റെയും തൊഴിലിന്റെയും സ്വാശ്രയത്വത്തിന്റെയും പുതിയ മാതൃക . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന നീതി ആയോഗിന്റെ ഭരണസമിതി യോഗത്തിലാണ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് ഛത്തീസ്ഗഡിന്റെ ദീർഘവീക്ഷണമുള്ള വികസന മാതൃക അവതരിപ്പിച്ചത്. ഒരുകാലത്ത് നക്സൽ അക്രമങ്ങൾക്ക് പേരുകേട്ട ബസ്തറിനായി 75 ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥ എന്ന ദീർഘകാല ലക്ഷ്യം വച്ചുള്ള പദ്ധതിയാണ് അവതരിപ്പിച്ചത് .
ഛത്തീസ്ഗഢ് അഞ്ചോർ വിഷൻ ഡോക്യുമെന്റ്’ എന്നാണ് പദ്ധതിയ്‌ക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വികസനത്തിനായുള്ള സമഗ്രമായ പദ്ധതി ഇതിൽ ഉൾക്കൊള്ളുന്നു.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ഐടി, ടൂറിസം, നൈപുണ്യ വികസനം തുടങ്ങിയ 13 പ്രധാന മേഖലകൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്ന് വിഷ്ണുദേവ് സായ് പറഞ്ഞു. ഈ മേഖലകളെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനായി 10 പ്രത്യേക ദൗത്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ബസ്തർ ഇപ്പോൾ പോരാട്ടങ്ങളുടെ മേഖലയല്ല, സാധ്യതകളുടെ മേഖലയായി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസ്തറിലെയും പരിസര പ്രദേശങ്ങളിലെയും 32 ബ്ലോക്കുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്, അവിടെ യുവാക്കൾക്ക് കമ്പ്യൂട്ടറുകൾ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സംസ്കരണം, സാങ്കേതികവിദ്യ എന്നിവയിൽ പരിശീലനം നൽകുന്നു. ഇപ്പോള്‍ ഇവിടുത്തെ കുട്ടികള്‍ കാട്ടില്‍ നിന്ന് വിറകു ശേഖരിക്കുന്നതിനു പകരം ലാപ്‌ടോപ്പുകളും മെഷീനുകളും പ്രവര്‍ത്തിപ്പിക്കുന്നു.
ബസ്തറിലേക്ക് ഇപ്പോള്‍ വലിയ നിക്ഷേപങ്ങള്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവ റായ്പൂരിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സെമികണ്ടക്ടർ യൂണിറ്റും AI ഡാറ്റാ സെന്ററും ബസ്തറിലും മുഴുവൻ സംസ്ഥാനത്തും വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇപ്പോൾ ബസ്തർ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ക്ക് അനുയോജ്യമായ സ്ഥലമായി മാറുകയാണ്
2026 മാർച്ചോടെ ഛത്തീസ്ഗഢിനെ നക്സൽ മുക്തമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സായ് പറഞ്ഞു. കീഴടങ്ങിയ നക്സലൈറ്റുകൾക്കായി പുനരധിവാസം, പരിശീലനം, സ്വയം തൊഴിൽ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ ബസ്തറിലെ ആദിവാസികൾക്ക് സ്വയംതൊഴിൽ, പരിശീലനം, വിപണി സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നു. പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ തൊഴിലവസരങ്ങളുടെ പുതിയ വാതിലുകൾ തുറക്കപ്പെടുന്നു. ബസ്തറിലെ ധുദ്മരസ് ഗ്രാമത്തെ ഐക്യരാഷ്‌ട്രസഭയുടെ ‘മികച്ച ടൂറിസ്റ്റ് ഗ്രാമങ്ങളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: