എഴുതരുതുകവിതയെന്നാരു ചൊന്നൂ, നിങ്ങ-
ളെഴുതാത്തതെന്താണതാണു ചോദ്യം
എഴുതണം പതിവല്ലതായിരുന്നോ, പണ്ട്-
കളിയാക്കി കവിപോലുമെന്നതോര്‍ക്കൂ
‘എവിടെയൊരു യുദ്ധമുണ്ടെന്നുകേട്ടാ-
ലുടന്‍ കവിതയെഴുതിക്കാശുവാങ്ങുമെന്നാ’
കവി പറഞ്ഞെന്നാലതല്ല കാര്യം, കവിത-
വരവ് മുട്ടാതായതല്ല പ്രശ്‌നം
കവിതയ്‌ക്കുപണ്ടുതൊട്ടങ്ങനാണേ,യതു-
കനിവുകിനിയാത്തോരോടു ശണ്ഠകൂടും
കവികള്‍ക്കുമങ്ങനെതന്നെ ശീലം, ആദി-
കവിതയും വേട്ടയോടേറ്റുതിര്‍ന്നു
കവികളെല്ലാരും മറന്നുവെന്നോ, യിന്നു-
മറവിയില്‍ മാനവീയം മരിച്ചോ
മതികെട്ടുപോയോ മടുത്തുപോയോ, എന്ത്?
മതിലെഴുത്തും കൂടി മാഞ്ഞുപോയോ!
ഒരുമരം വെട്ടി വീഴ്‌ത്തീടുമെപ്പോ,ളന്നു-
കവിതയക്കാട്ടില്‍ വിരിഞ്ഞിരുന്നു
പലകാട് മരുഭൂമിയായിടുന്നൂ, ഇന്ന്-
കവികളോ കണ്ണടച്ചാണിരിപ്പൂ!
തെരുവില്‍ തരുണനെ കുത്തിവീഴ്‌ത്തി,ക്കാണ്‍ക-
തെരുതെരെ ദുര്‍വാര്‍ത്ത ചീഞ്ഞുനാറി
കവിതകളൊന്നും പിറന്നതില്ല, യെന്ത്?
കവികള്‍ക്ക് കണ്ഠം തുറപ്പതില്ല!
നിറതോക്കുപൊക്കിപ്പിടിച്ചു നിന്നൂ, ചീറി-
നിറമറ്റുചോരയുതിര്‍ന്നു വീണു
അവിടെയും കവിതയുയിര്‍ത്തതില്ല,യൊറ്റ-
ക്കവിയെയും കാണ്‍മാന്‍ കഴിഞ്ഞുമില്ല.
കവിയോടു മതമൊന്നും കേട്ടതില്ല, ആരും-
കവിമതം കേള്‍ക്കുവാന്‍ ചെന്നുമില്ല
കവികള്‍ക്ക് വാക്കൊടുങ്ങീട്ടുമില്ല, നാക്കില്‍-
കവിതയൊന്നും പിറക്കുന്നുമില്ല.
കവിതയ്‌ക്ക് മതമില്ലയില്ല സത്യം, നോക്കു-
കവികള്‍ക്ക് മതമതുണ്ടായി കഷ്ടം
കഥകെട്ടിടാതുള്ള സത്യമൊന്നും, ആരും-
പറയുവാന്‍ കൈ നടത്തുന്നുമില്ല.
കവിതയില്‍ ‘സാംസ്‌കാരികാധിവേശം,’ ശാപം,
വിതതെറ്റി, ‘സെക്യുലര്‍ബാധബോധം’
വഴിതെറ്റി രാഷ്‌ട്രീയ ഭിന്നഭാവം, ഇന്നു-
വിലയറ്റു പോയി സംസ്‌കാരലോകം
മതമായിരുന്നെങ്കിലിത്രയില്ല, വന്നു-
മദമിളക്കംപോലെ മാറിയേനെ
മതികെട്ടുപോയി രാഷ്‌ട്രാവബോധം, ഇന്നി-
മതിയാക്കിടേണമീ ശാപപാപം
മതിമയക്കീടുന്ന രാസകാലം, ഇല്ല-
യതിനില്ലയിത്രയും തീവ്രതാപം
അതിലൊക്കെ മേലേ വളര്‍ന്നുപോയീ, ഘോര-
മതിനീചരാഷ്‌ട്ര വിരോധ ശാപം
അണിചേരുവാന്‍ മടിച്ചീടുവോരോ,ടിന്നി-
യധികമൊന്നും വിയര്‍ക്കുന്നുമില്ല
അഴലോടെ കേണുയാചിച്ചിടുന്നൂ, വന്നി-
ങ്ങണിയറവിട്ടണിചേര്‍ന്നു നില്‍ക്കാം
അടിവച്ചുറച്ചു നമുക്കുനീങ്ങാം, നമ്മ-
ളണിയുന്ന സിന്ദൂരം കാത്തുനില്‍ക്കാം
അഴിയാതെ മുടികെട്ടിച്ചേര്‍ന്നുനില്‍ക്കാ,മിന്നി-
യടിപതറാതെ ജയിച്ചുകേറാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: