1970-കളില്‍ എപ്പോഴോ ആണ് ആരും പെട്ടെന്ന് ആകൃഷ്ട്ടരാകുന്ന, പുരുഷത്വം തുടിക്കുന്ന, ഘനത്തിന്റെ സൗഷ്ഠവം ഗൗരവം പകരുന്ന പുതുക്കോട് കൃഷ്ണമൂര്‍ത്തി എന്ന പുണ്യശ്ലോകന്റെ സംഗീതം എന്റെ ശ്രദ്ധയില്‍ പെട്ടത്. ആഢ്യത്വത്തിന്റെ പ്രതീകം എന്നു പറയാവുന്ന ആസ്തിക സമാജത്തിന്റെ പൊയസ്സ് ഗാര്‍ഡനടുത്തുള്ള ലളിതമായ അരങ്ങായിരുന്നു വേദി. കൃഷ്ണമൂര്‍ത്തി സാര്‍ പ്രധാന ഇനമായി ബേഗഡ അവതരിപ്പിച്ച് സൃഷ്ടിച്ച സുന്ദരമായ അന്തരീക്ഷം തികച്ചും ആസ്വദിച്ചു കൊണ്ട് തനിയാവര്‍ത്തനം വേണ്ടാ എന്ന് വിനീതനായി പറയുന്ന ഉമയാള്‍പുരം ശിവരാമന്റെ അന്നത്തെ മുഖം കര്‍ണ്ണാടക സംഗീതലോകത്തിലെ സാത്വിക ഭാവത്തിന്റെ തിലകക്കുറിയായി ഇന്നും അനുഭവപ്പെടുന്നു.
കഴിഞ്ഞ തലമുറയിലെ കേരള സംഗീതജ്ഞരുടെ ഇടയില്‍ സൈദ്ധാന്തികന്‍ എന്ന നിലയില്‍ ഒരു വടവൃക്ഷമായി പ്രശോഭിച്ച പാലക്കാട് (മുണ്ടായ) രാമ ഭാഗവതരായിരുന്നു പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ ആദ്യഗുരു. ഘനസാന്ദ്രമായ തന്റെ ശബ്ദത്തിന് അനുയോജ്യമായ ആലാപനാശൈലി വളര്‍ത്തുന്നതില്‍ ഒരു പരിധി വരെ അന്തര്‍മുഖനായിരുന്ന രാമഭാഗവതരുടെ ശിഷ്യത്വം പുതുക്കോട് കൃഷ്ണമൂര്‍ത്തിയെ സഹായിച്ചിരിക്കണം.
കേരളത്തിലെ വിവിധ സംഗീത കോളേജുകളില്‍ അദ്ധ്യാപകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചതു വഴി പുതുക്കോട് കൃഷ്ണമൂര്‍ത്തിയ്‌ക്ക് ശക്തമായ പാഠാന്തരത്തില്‍ അധിഷ്ഠിതമായ വേറിട്ട ആലപനാശൈലി വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. സാവകാശത്തിലും വൈശദ്യത്തിലും എം.ഡി. രാമനാഥന്റേതിനോട് കുറച്ചൊക്കെ സമാനതകളുള്ള ഈ ശൈലിയ്‌ക്ക് ധാരാളം ആരാധകരുണ്ടായിരുന്നൂ എന്ന സത്യം ബോധ്യമായത് കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ബേബി ശ്രീറാം എന്ന പ്രധിഭാധനികയായ ഗായിക പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ രചനകള്‍ യൂട്യൂബിലും ഫേസ്ബുക്കിലും അവതരിപ്പിച്ചപ്പോഴാണ്.
1976-ല്‍ കേരള സര്‍ക്കാരന്റെ സേവനത്തില്‍ നിന്നു പിരിഞ്ഞ പുതുക്കോട് കൃഷ്ണമൂര്‍ത്തി ചെന്നെത്തിയത് അഡയാറിലെ വിശ്രുതമായ കലാക്ഷേത്രത്തിലായിരുന്നു. അവിടെ കൃഷ്ണമൂര്‍ത്തിയ്‌ക്ക് അടുത്ത സഹപ്രവര്‍ത്തകനായി ലഭിച്ചതോ എം.ഡി. രാമനാഥനെ തന്നെയായിരുന്നു. എം.ഡി. രാമനാഥന്റെയും പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടേയും രചനകള്‍ തമ്മിലുള്ള സാമ്യതകള്‍ ഇരുവരും തമ്മിലുള്ള മാനസിക സമാനതയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് ബേബി ശ്രീറാം നിരീക്ഷിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
ഇരുന്നൂറില്‍ ഏറെ കൃതികളാണ് പുതുക്കോട് കൃഷ്ണമൂര്‍ത്തി തന്റെ തിരക്കേറിയ അദ്ധ്യാപന വൃത്തിക്കിടയില്‍ രചിച്ചത് എന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് കിട്ടാവുന്ന മികച്ച സര്‍ട്ടിഫിക്കറ്റ് തന്നെയാണ്. ഗുരുവായൂരപ്പന്‍, നെല്ലുവായയിലെ പ്രസിദ്ധമായ ധന്വന്തരീ പ്രതിഷ്ഠ, തൃശൂര്‍ വടക്കുന്നാഥന്‍, സ്വദേശമായ പുതുക്കോട് അന്നപൂര്‍ണ്ണേശ്വരീ ദേവി തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന അനേകം ക്ഷേത്രങ്ങളെ കുറിച്ച് മലയാളത്തിലും മണിപ്രവാളത്തിലുമുള്ള പുതുക്കോടിന്റെ കൃതികള്‍ സ്ഥലപുരാണങ്ങളുടെയും പ്രതിഷ്ഠകളെ കുറിച്ചുള്ള വര്‍ണ്ണനകളുടെയും അക്ഷയഖനികളാണ്.
ദേവീ ഉപാസകനായിരുന്ന പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ കൃതികള്‍ക്ക് മറ്റൊരു ശ്രീശാരദാ ഉപാസകനായിരുന്ന ശ്യാമാ ശാസ്ത്രി കൃതികളുമായും സാധര്‍മ്മ്യം വന്നത് മനസ്സിലാക്കാവുന്നതേയുള്ളു.
ശ്യാമാ ശാസ്ത്രികള്‍ക്ക് കാഞ്ചീപുരം പോലെയായിരുന്നു പുതുക്കോട് കൃഷ്ണമൂര്‍ത്തിക്ക് പുതുക്കോട് എന്നു പറയാം. ഔദ്യോഗിക സേവനത്തിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലുള്ള ചെമ്പൈ സംഗീത കോളേജില്‍ എന്ന പോലെ തെക്കന്‍ തിരുവിതാംകൂറിലെ സ്വാതി തിരുനാള്‍ സംഗീത കോളേജിലും പഠിപ്പിച്ച് അനുഭവമുള്ള പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ പരിചയസീമകളുടെയും അനുഭവവൈവിധ്യങ്ങളുടെയും ധാരാളിത്തം അദ്ദേഹത്തിന്റെ കൃതിലോകത്തിലും പ്രതിഫലിച്ചു കാണാം.
വളരെ സാത്വികനും ശാന്തനുമായിരുന്ന പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ അദ്ധ്യാപന രീതി ലാളിത്യത്തിന്റ്റെയും കാര്‍ക്കശ്യത്തിന്റ്റെയും രസകരമായ മേളനമായിരുന്നൂവെന്ന് കലാക്ഷേത്രത്തില്‍ അക്കാലത്ത് പഠിച്ചിരുന്ന ശിഷ്യകളില്‍ ചിലര്‍ അനുസ്മരിച്ചിട്ടുണ്ട്. ശ്രുതി ചേര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഘനഗംഭീരവും അനുരണനതീവ്രവുമായ ശബ്ദം അഭൗമവും അലൗകികവുമായൊരു അന്തരീക്ഷമാണ് സൃഷ്ട്ടിച്ചിരുന്നതത്രേ.
കലാക്ഷേത്രത്തിലെ അദ്ധ്യാപനം മതിയാക്കി ഉപാസനയും സാധകവുമായി തിരുവനന്തപുരത്ത് കരമനയില്‍ താമസിക്കുമ്പോഴാണ് പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ അന്ത്യം 1985-ല്‍ സംഭവിച്ചത്. സന്ധ്യയ്‌ക്ക് സാധാരണ പോലെ വീട്ടിലെ പൂജാകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ പുതുക്കോട് കൃഷ്ണമൂര്‍ത്തി കര്‍പ്പൂരം ഉഴിഞ്ഞ ശേഷം നിത്യതയിലേയ്‌ക്ക് വിലയം പ്രാപിക്കുകയാണ് ഉണ്ടായത്….ആ നാദം പോലെ തന്നെ അത്ഭുതവും ആരാധനയും ആദ്ധ്യാത്മിക ഗൗരവവും സൃഷ്ട്ടിച്ച അന്ത്യമായിരുന്നൂ അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: