കുട്ടികളുടെ സമഗ്ര ക്ഷേമത്തിനായി 2001-ല്‍ രൂപീകരിച്ചതാണ് സൗരക്ഷിക. കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ കേരളീയ സമൂഹത്തില്‍ അറിയപ്പെടുന്ന ബാലാവകാശ സംഘടനയായി സൗരക്ഷിക മാറിക്കഴിഞ്ഞു. കുട്ടികളെ ബാധിക്കുന്ന അനവധി വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മൊബൈലിന്റെ ദുരുപയോഗത്തെ കുറിച്ചുള്ള ‘വലയില്‍ വീഴാതെ വളരാം’ എന്ന ക്യാമ്പയിന്‍ വിദ്യാലയങ്ങളില്‍ കഴിഞ്ഞ 4 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നിനെതിരെ, പോഷകാഹാരത്തിന്റെ ആവശ്യകത, കുട്ടികളിലെ പരീക്ഷാപേടി തുടങ്ങിയുള്ള വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുന്നു.
ബാലസൗഹൃദ കേരളമാണ് സൗരക്ഷികയുടെ ലക്ഷ്യം. കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ ലഭ്യമാക്കുക, അവരെ ചൂഷണം ചെയ്യുന്നത് തടയുക, വേണ്ട പരിഗണന കിട്ടുക തുടങ്ങി കുട്ടികളുടെ ഉന്നമനത്തിനും വളര്‍ച്ചയ്‌ക്കും കാര്യപ്രാപ്തിക്കും വേണ്ടുന്നത് ചെയ്യുകയെന്നതാണ് സൗരക്ഷികയുടെ പ്രവര്‍ത്തനം. ബാലാവകാശ ത്തോടൊപ്പം തങ്ങളുടെ കടമയും കര്‍ത്തവ്യവും കുട്ടികള്‍ അറിഞ്ഞു വളരണമെന്നാണ് സൗരക്ഷിക ആഗ്രഹിക്കുന്നത്. ശബ്ദമില്ലാത്ത ബാല്യത്തിന്റെ മണിനാദമാണ് സൗരക്ഷിക. കുട്ടിയുടെ ആരോഗ്യം, മനസ്സ്, ബുദ്ധി, ആത്മീയത, നൈസര്‍ഗ്ഗീയത, നിര്‍മലത എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. ഇന്ന് പിഞ്ചുകുഞ്ഞുങ്ങളോടു പോലും കാണിക്കുന്ന പൈശാചികത ഞെട്ടിപ്പിക്കുന്നതാണ്. മയക്കുമരുന്നിന്റെ ഉപയോഗം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുന്നു. ഇവിടെയാണ് സൗരക്ഷികയുടെ പ്രസക്തിയും ആവശ്യകതയും. വനവാസ മേഖലകളിലും കുട്ടികളുടെ ക്ഷേമം അന്വേഷിച്ച് സൗരക്ഷിക എത്താറുണ്ട്. ആഗോള തലത്തിലും ദേശീയതലത്തിലും കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ദിനങ്ങള്‍ സൗരക്ഷിക ആചരിക്കുന്നു. വിദ്യാലയത്തില്‍ എല്ലാ കുട്ടികള്‍ക്കും പഠിക്കുവാനുള്ള അവകാശത്തിന് വേണ്ടി മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരം പ്രസക്തമാണല്ലോ. ആദ്യത്തെ ബാലാവകാശ സമരമെന്ന നിലയ്‌ക്ക് ജൂണ്‍ 16 ബാലാവകാശദിനമായി സൗരക്ഷിക കഴിഞ്ഞവര്‍ഷം മുതല്‍ ആഘോഷിക്കുകയാണ്. ഈ വര്‍ഷം മുതല്‍ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി മാതൃകാപരമായി പ്രവര്‍ത്തിച്ച വ്യക്തിക്ക് പഞ്ചമി പുരസ്‌കാരവും സമര്‍പ്പിക്കും.
ലഹരിവിമുക്ത വീടും വിദ്യാലയവും കുട്ടികളുടെ അവകാശമെന്നത് സൗരക്ഷിക മുന്നോട്ട് വച്ച സന്ദേശമാണ്. മയക്കുമരുന്നിനെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കുന്ന പ്രവര്‍ത്തനത്തിന് സൗരക്ഷികയും ഒട്ടും പിന്നിലല്ല. ജീവിതം പാഴാക്കികളയുന്ന കൗമാര പ്രായക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ആശങ്ക പരത്തുന്നതാണ്. കഴുകന്‍ കണ്ണുകളുമായി കുട്ടികളെ ലക്ഷ്യമിട്ടു പറക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുവാന്‍ നാം
ഓരോരുത്തരും ജാഗരൂകരായിരിക്കേണ്ട സമയമാണിത്. ബാലസുരക്ഷയ്‌ക്കായി പ്രവര്‍ത്തിക്കുന്ന സൗരക്ഷിക വാര്‍ഷിക സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും അധികാരികളിലേയ്‌ക്ക് എത്തിക്കാറുമുണ്ട്. ഇതുവഴി പല കാര്യങ്ങളും നടപ്പിലാക്കിയിട്ടുമുണ്ട്.
ഇന്നത്തെ കുട്ടികള്‍ നാളെയുടെ കരുത്താണ്, ശക്തിയാണ്. യുവാക്കള്‍ രാഷ്‌ട്രത്തിന്റെ ചാലകശക്തിയാണ്. അതിനാല്‍ ഇന്ന് കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യത്തിന് പോക്ഷകാഹാരവും വ്യായാമവും ആവശ്യമാണ്. കുട്ടികളുടെ അവകാശങ്ങളിലൊന്നാണ് പോഷകങ്ങളടങ്ങിയ ഭക്ഷണം ലഭിക്കുകയെന്നത്. വിദ്യാലയങ്ങളില്‍ ശുചിത്വമുള്ള ക്ലാസ്സ്മുറികള്‍, ശുചിമുറികള്‍, ഭക്ഷണശാലകളില്‍ കുട്ടികളുടെ ഉയരത്തിനൊത്തുള്ള വാഷ്‌ബേസിനുകള്‍, വാഹനങ്ങളില്‍ സുരക്ഷിതമായ യാത്ര തുടങ്ങിയുള്ള കാര്യങ്ങളില്‍ അധികൃതരുടെ ശ്രദ്ധ പതിക്കുകയെന്നത് അത്യാവശ്യമാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും പൊതു കളിസ്ഥലം ഒരുക്കേണ്ടതുണ്ട്. ഓടിച്ചാടി കളിക്കാനുള്ളയിടം അനിവാര്യമാണ്. അതുപോലെതന്നെ അത്യാവശ്യമായ കാര്യമാണ് ഗ്രാമീണ വായനശാലകള്‍. മൊബൈല്‍ വായന മതിയാക്കി കുട്ടികളെ പുസ്തകങ്ങളിലേയ്‌ക്ക് ആകര്‍ഷിക്കണം. ഭാഷയും സംസ്‌കാരവും പുസ്തക വായനകളില്‍കൂടി വളര്‍ത്തുവാന്‍ സാധിക്കും. ഇന്ന് എല്ലാ ജില്ലയിലും സൗരക്ഷിക പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലകളില്‍ നിന്ന് താലൂക്കുകളിലേയ്‌ക്കും പഞ്ചായത്തുകളിലേയ്‌ക്കും പ്രവര്‍ത്തനവും പ്രവര്‍ത്തകരുമെത്തണം. ജനിക്കുന്ന ഓരോ കുഞ്ഞും ദേശീയ ബോധവും മൂല്യബോധത്തോടും കൂടി വളര്‍ന്നുവരേണ്ടതാണ്. ഒരു കുട്ടി പോലും അവഗണിക്കപ്പെട്ടുപോകരുത്. വഴിതെറ്റിപോകരുത്. ഇതാണ് സൗരക്ഷികയുടെ ലക്ഷ്യം.
(സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: