ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് വിവാഹദല്ലാളെ ബന്ധുവായ യുവാവ് കുത്തിക്കൊന്നു. വാമഞ്ചൂർ സ്വദേശി സുലൈമാനാണ് (50) മരിച്ചത്. സംഭവത്തിൽ ബന്ധുവായ മുസ്തഫയെ (30) മംഗളൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.ഏഴുവർഷം മുൻപ് സുലൈമാന്റെ ബന്ധുവായ ഷഹീനാസ് എന്ന യുവതിയെ മുസ്തഫ കല്യാണം കഴിച്ചിരുന്നു.
സുലൈമാനായിരുന്നു ഇതിൽ ഇടനിലക്കാരൻ.എന്നാൽ രണ്ടുമാസം മുൻപ് ദാമ്പത്യപ്രശ്നങ്ങൾ കാരണം ഷഹീനാസ് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഈ വിഷയം സംസാരിക്കാനായി കഴിഞ്ഞ ദിവസം രാത്രി സുലൈമാൻ തന്റെ രണ്ട് ആൺമക്കളോടൊപ്പം മുസ്തഫയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. സുലൈമാൻ, മുസ്തഫയോട് സംസാരിച്ച ശേഷം റോഡിൽ കാത്തുനിന്ന മക്കളുടെ അടുത്തേക്ക് തിരിച്ചെത്തിയപ്പോൾ കത്തിയുമായി ഓടിയെത്തിയ മുസ്തഫ സുലൈമാന്റെ കഴുത്തിൽ കുത്തുകയായിരുന്നു.
രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മക്കളായ റിയാബ്, സിയാബ് എന്നിവർക്കും പരുക്കേറ്റു. നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റ സുലൈമാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: