കുന്നത്തൂര്‍ (കൊല്ലം): കുന്നത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പാകിസ്ഥാന്‍മുക്കിന്റെ പേരു മാറ്റാനുള്ള നടപടികളാകുന്നു. പാകിസ്ഥാനെതിരേ ഭാരതത്തിലുടനീളം ശക്തമായ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണിത്.
ജന്മഭൂമി ആരംഭിച്ച കാമ്പയിന്‍ കൂടിയാണ് ഫലപ്രാപ്തിയിലെത്തുന്നത്. സ്ഥലത്തിന്റെ പേര് അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഐവര്‍കാല ഏരിയ കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.ജി അനീഷ്യ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കിയിരുന്നു. ഇന്നലെ പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് നിവേദനം ചര്‍ച്ചചെയ്തു. ഭരണസമിതിയിലെ 17 അംഗങ്ങളും പേര് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചു.
കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി ഗ്രാമമാണിത്. പല ബസുകളുടെയും ബോര്‍ഡില്‍ ഈ പേരുണ്ട്. ഐവര്‍കാലയ്‌ക്കും കടമ്പനാടിനും ഇടയ്‌ക്കുള്ള പ്രദേശമാണ് പാകിസ്ഥാന്‍മുക്ക്. അഞ്ചു പതിറ്റാണ്ടിലേറെയായെങ്കിലും ഈ സ്ഥലം ഇങ്ങനെയാണ് അറിയപ്പെടുന്നത്.
കുന്നത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖല അറിയപ്പെടുന്നത് ഐവര്‍കാല എന്നാണ്. എന്നാല്‍ ഐവര്‍കാല എന്ന പേരില്‍ ഒരു ജങ്ഷനോ ബസ് സ്റ്റോപ്പോ ഇല്ല. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍മുക്ക് എന്നു വിളിക്കുന്ന പ്രദേശത്തെ ഐവര്‍കാല ജങ്ഷന്‍ എന്നാക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഭരണസമിതി തീരുമാനം ബന്ധപ്പെട്ട വകുപ്പു മേലധികാരികള്‍ക്കും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: