കൊച്ചി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എത്തിയത് ചാരപ്രവര്‍ത്തനത്തിനോ എന്ന് ആശങ്ക. ഉയര്‍ന്ന സുരക്ഷയുള്ള കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ലൊക്കേഷനുകളില്‍ ഇവര്‍ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇവരെ ചാരപ്രവര്‍ത്തനത്തിന് ഏല്‍പിച്ച പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ്ഐ ഇവരോട് നിര്‍ദേശിച്ചിട്ടുള്ളത് ഇന്ത്യയിലെ പല ലൊക്കേഷനുകളില്‍ നിന്നുള്ള വ്യക്തമായ വീഡിയോകള്‍ നല്‍കാനാണത്രെ. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിനും കപ്പല്‍ അറ്റകുറ്റപ്പണിയ്‌ക്കും പേര് കേട്ട കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ഏറ്റവുമൊടുവില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരു മലപ്പുറംകാരനെ അറസ്റ്റ് ചെയ്തത് 2023ലാണ്.
പാകിസ്ഥാന്‍ ദീര്‍ഘകാലസ്വത്തായി കണ്ട ചാരവനിത
ജ്യോതി മല്‍ഹോത്രയ്‌ക്ക് ഇന്ത്യന്‍ സേനയിലെ രഹസ്യങ്ങള്‍ അറിയാനുള്ള ബന്ധങ്ങള്‍ ഇപ്പോഴില്ല. പക്ഷെ അവര്‍ക്ക് അത്തരം ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവുണ്ട്. ചാരവനിതകള്‍ക്ക് ആവശ്യമായ മാദകത്വവും സ്മാര്‍ട് നെസുമാണ് ജ്യോതി മല്‍ഹോത്രയെ ദീര്‍ഘകാലത്തേക്കുള്ള ഒരു അമൂല്യ സ്വത്തായി പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐ പരിഗണിക്കാന്‍ കാരണം. ന്യൂദല്‍ഹിയിലുള്ള പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായ എഹ്സാന്‍ ഉര്‍ റഹിം എന്ന ഡാനിഷ് ആണ് പാകിസ്ഥാനിലേക്കുള്ള വിസയ്‌ക്ക് അപേക്ഷിക്കാന്‍ എത്തിയ ജ്യോതി മല്‍ഹോത്രയുമായി അടുപ്പത്തിലായതും അവര്‍ മുന്‍പില്‍ ചാരപ്രവര്‍ത്തനത്തിനുള്ള വാതില്‍ തുറന്നിട്ടുകൊടുത്തതും.
ചൈനയും പാകിസ്ഥാനും സന്ദര്‍ശിച്ച അവര്‍ പാകിസ്ഥാനിലെ സൈനികോദ്യോഗസ്ഥരുമായും അവിടുത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പാര്‍ട്ടിനേതാക്കളെയും പാക് രഹസ്യസേനയായ ഐഎസ് ഐ ഉദ്യോഗസ്ഥരെയും കണ്ടിട്ടുണ്ട്. ചൈനയില്‍ രഹസ്യ ഏജന്‍സി ഉദ്യോഗസ്ഥരെ കണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരനായി കയറിയ മലപ്പുറം സ്വദേശിയുടെ അറസ്റ്റ്
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ജ്യോതി മല്‍ഹോത്ര കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എത്തിയത്. എന്തായിരുന്നു ഇവരുടെ സന്ദര്‍ശനോദ്ദേശ്യം എന്നറിയില്ല. എന്തായാലും ചൈനയ്‌ക്കും പാകിസ്ഥാനും ഒരുപോലെ താല്‍പര്യമുള്ള കേന്ദ്രമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. 2023ല്‍ മലപ്പുറം സ്വദേശിയായ ശ്രീനിഷ് പൂക്കോടനെ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന നാവിക സേനായുദ്ധക്കപ്പലിന്റെ ചില വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറ്റത്തിന്റെ പേരിലാണ് ശ്രീനിഷ് പൂക്കോടന്‍ എന്ന മലപ്പുറം കാരനെ 2023 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനിഷ് പൂക്കോടന്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഈ കപ്പലിന്റെ ലൊക്കേഷന്‍, മെയിന്‍റനന്‍സ് ജോലികള്‍,വിവിഐപികളുടെ സന്ദര്‍ശന സമയങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഫോട്ടോകളും ഏഞ്ചല്‍ പായല്‍ എന്ന ഒരു അജ്ഞാത സമൂഹമാധ്യമ അക്കൗണ്ടിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു ശ്രീനിഷ് പൂക്കോടന്‍. പൊലീസും കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ആഭ്യന്തര അന്വേഷണവുമാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ കേസ് പിന്നീട് എന്‍ഐഎയും അന്വേഷിച്ചിരുന്നു.
കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ചാരപ്രവര്‍ത്തനം
ഇതിന് മുന്‍പ് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ വിശദാംശങ്ങള്‍ പാകിസ്ഥാന് നല്‍കിയ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. അഭിലാഷ് എന്ന കൊച്ചിന്‍ സ്വദേശിയെ ഈയിടെയാണ് എന്‍ഐഎ ഈ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ട് കൂട്ടുപ്രതികളും ഉണ്ടായിരുന്നു. ഉത്തരകന്നഡയില്‍ നിന്നുള്ള അക്ഷയ് രവി നായിക്കും കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നുള്ള വെഹ്റ്റന്‍ ലക്ഷ്മണ്‍ തണ്ടേലുമായിരുന്നു ഇവര്‍. ഇവര്‍ രണ്ടു പേരും അഭിലാഷില്‍ നിന്നുള്ള വിവരങ്ങള്‍ പാകിസ്ഥാന് കൈമാറുകയായിരുന്നു. കൊച്ചിന്‍ ഷിപ് യാര്‍ഡിലെ പ്രതിറോധ സന്നാഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാനിലെ രഹസ്യ ഏജന്‍റിനാണ് ഇവര്‍ കൈമാറിയത്.
അഭിലാഷ് തന്നെ നാവികകപ്പലുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ഏതാനും സമൂഹമാധ്യമ അക്കൗണ്ടുകളിലേക്കും കൈമാറിയിരുന്നു.
ജ്യോതി മല്‍ഹോത്രയുടെ കൊച്ചിന്‍ ഷിപ് യാര്‍ഡ് സന്ദര്‍ശനം-ഭയപ്പെടാനെന്ത്?
ഈ പശ്ചാത്തലത്തിലാണ് ജ്യോതി മല്‍ഹോത്രയുടെ കൊച്ചിന്‍ ഷിപ് യാര്‍ഡ് സന്ദര്‍ശനത്തില്‍ ആശങ്ക ഉയരുന്നത്. കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുകയും അറ്റകുറ്റപ്പണി നിര്‍വ്വഹിക്കുകയും ചെയ്യുന്ന കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നിന്നും ഇന്ത്യയുടെ യുദ്ധക്കപ്പലുകളുടെ രഹസ്യങ്ങള്‍ അറിയുക എന്നത് പാകിസ്ഥാനും ചൈനയ്‌ക്കും ഏറെ താല്‍പര്യമുള്ള വിഷയങ്ങളാണ്. കാരണം ഇന്ത്യന്‍ നാവിക യുദ്ധക്കപ്പലിന്റെ ദൗര്‍ബല്യങ്ങള്‍ അറിഞ്ഞാല്‍ അതിനെ തകര്‍ക്കാനുള്ള ആക്രമണതന്ത്രങ്ങള്‍ ശത്രുക്കള്‍ക്ക് മെനയാം.
2021ലെ വിശാഖപട്ടണം ചാരവൃത്തിക്കേസ് പ്രമാദമാണ്. അന്ന് പ്രതികള്‍ ഐഎന്‍എസ് വിക്രാന്ത് എന്ന നാവികസേനയുടെ യുദ്ധക്കപ്പലിന്റെ മൈക്രോപ്രോസസര്‍, ഹാര്‍ഡ് ഡിസ്ക്, റാം എന്നിവയാണ് ചാരന്മാര്‍ മോഷ്ടിച്ച് കടത്തിയത്. ബീഹാറിലെ സുമന്ത് കുമാര്‍ സിങ്ങും രാജസ്ഥാനിലെ ദയാ റാമും അന്ന് കോടതിയില്‍ കുറ്റം ഏറ്റ് പറഞ്ഞ് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: