കൊച്ചി: നാരായണീയത്തിലെ യോഗീന്ദ്രാണാം എന്ന് തുടങ്ങുന്ന ശ്ലോകം അതിമനോഹരമായി ആലപിച്ച സീരിയല്‍ നടന്‍ ക്രിസ് വേണുഗോപാലിന് സമൂഹമാധ്യമത്തില്‍ കയ്യടി. യൂട്യൂബിലെ ഈ വീഡിയോ കണ്ട് നൂറുകണക്കിന് അഭിനന്ദന പ്രതികരണങ്ങളാണ് വരുന്നത്. ‘വളരെ ഭക്തിമയമായി ചൊല്ലി’ എന്നും ‘സത്യം ഇത് കേട്ടാൽ ആരോടായാലും കരഞ്ഞു പോകും’- ഇങ്ങിനെ പോകുന്നു പ്രതികരണങ്ങള്‍.
കൃഷ്ണഭക്തി നിറഞ്ഞുതുളുമ്പുന്ന രീതിയിലായിരുന്നു ക്രിസ് വേണുഗോപാലിന്റെ ആലാപനം. മേല്‍പത്തൂര്‍ രചിച്ച നാരായണീയത്തിലെ നൂറാം ദശകത്തിലെ പത്താം ശ്ലോകമാണ് യോഗീന്ദ്രാണാം എന്ന് തുടങ്ങുന്ന ശ്ലോകം.
യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം
മുക്തിഭാജാം നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം
നാഥ തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ
കൃഷ്ണ കാരുണ്യസിന്ധോ
ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം
(ഈ ശ്ലോകത്തിന്റെ അര്‍ത്ഥം ഇങ്ങിനെയാണ്: ഗുരുവായുപുരേശനായിരിക്കുന്ന ലോകേശ ! യോഗീശ്വരന്മാർക്കു നിന്തിരുവടിയുടെ ഭംഗിയേറിയ അവയവങ്ങളിൽവെച്ചു അതിയായ മാധുര്യത്തോടു കൂടിയതും മുക്തിയെ ആഗ്രഹിക്കുന്നവർക്ക് ആശ്രയസ്ഥാനവും, ഭക്തന്മാർക്കു അഭീഷ്ടങ്ങളെ വർശിക്കുന്നതിൽ കല്പകവൃക്ഷത്തിന്റെ തളിരായി പരിലസിക്കുന്നതുമായ നിന്തിരുവടിയുടെ തൃക്കാലടി എല്ലാനേരത്തും എന്റെ ഹൃദയത്തിൽ വർദ്ധിക്കുന്നതായി ദയാവാരിദിയായ ഹേ കൃഷ്ണ ! എന്റെ സകലവിധ താപങ്ങളെയും നീക്കം ചെയ്തു പരമാനന്ദസമൂഹസമൃദ്ധിയെ നൽകുമാറു അനുഗ്രഹിച്ച അരുളേണമേ..).
കൃഷ്ണഭക്തിയില്‍ അങ്ങേയറ്റം മതിമറക്കുന്ന മേല്‍പത്തൂരിനെയാണ് ഈ ശ്ലോകത്തില്‍ കാണുക. യേശുദാസ് ഉള്‍പ്പെടെ പലരും ഈ ശ്ലോകം ആലപിച്ചിട്ടുള്ളതിനാല്‍ ജനപ്രിയവുമാണ് യോഗീന്ദ്രാണാം എന്ന് തുടങ്ങുന്ന ശ്ലോകം.
ക്രിസ് വേണുഗോപാലിനെ അറിയാത്തവര്‍ ചുരുക്കം. തൂവെള്ളത്താടിയും കഷണ്ടിയുമായ ആജാനബാഹുവായ ആ ടിവി സീരിയല്‍ നടന്‍ ഇതിനോടകം എത്രയോ സീരിയലുകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഈയിടെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത് സീരിയല്‍ നടിയും രണ്ടു മക്കളുടെ അമ്മയുമായ ദിവ്യശ്രീധറുമായുള്ള തന്റെ വിവാഹത്തിലൂടെയാണ്. ദിവ്യ ശ്രീധറിന്റെ രണ്ടാം വിവാഹമായിരുന്നു അത്.
എന്നാല്‍ ക്രിസിന്റെ നരച്ചു നീണ്ട താടിയും കഷണ്ടിയും ഒടുവില്‍ അഭിനയിച്ച പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛന്‍ വേഷവും കൂടിവായിച്ച പ്രേക്ഷകര്‍ ഇദ്ദേഹം വളരെ പ്രായം ഉള്ള ആളാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പിന്നീടാണ് ക്രിസ് വേണുഗോപാലിന് 49 വയസ്സേ പ്രായമുള്ളൂ എന്ന് ലോകം അറിഞ്ഞത്. ദിവ്യക്ക് 43 വയസ്സും. ഒരു സീരിയൽ നടൻ മാത്രമല്ല ക്രിസ് വേണുഗോപാൽ. ടിവിയിൽ നിരന്തരം കാണുന്ന ഒരുപാട് കൊമേഴ്‌സ്യൽ ആഡ്‍സിന് ശബ്ദം നൽകിയിരിക്കുന്നത് ഇദ്ദേഹമാണ്. നേരത്തെ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഹപ്രവേശത്തിന് മുന്നേ അനൗൺസറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ് വേണുഗോപാൽ.
ക്രിസ് വേണുഗോപാലിന്റെ നാരായണീയത്തിലെ ശ്ലോകാലാപനം കാണാം:
https://www.youtube.com/watch?v=zbG2nchS5ow
പ്രതികരിക്കാൻ ഇവിടെ എഴുതുക: