തിരുവനന്തപുരം: ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ ഇരുപത് മണിക്കൂറോളം സമയം ക്രൂര പീഡനത്തിനിരയാക്കിയ സംഭവം പുറത്തായതോടെ മുഖം രക്ഷിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ആദ്യപടിയായി പേരൂർക്കട എസ് ഐ പ്രസാദിനെ സസ്പെൻ്റ് ചെയ്ത് കമ്മിഷണർ. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പോലീസില്‍ മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് പോലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്ഐയും സംഘവും ബിന്ദു ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്ന് മാത്രമല്ല, പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകണമെന്നും പറഞ്ഞു. എസ് ഐ പ്രസാദ്, പ്രസന്നൻ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്. പരാതി ഉണ്ടെങ്കിൽ പോലീസ് പിടിച്ചോളുമെന്നായിരുന്നു പി.ശശി യുവതിയോട് പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് മുഖം രക്ഷിക്കൽ നടപടികളുമായി സർക്കാർ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: