മോസ്കോ: ട്രാൻസ്-അഫ്ഗാനിസ്ഥാൻ റെയിൽവേ പദ്ധതിക്കായി അഫ്ഗാനിസ്ഥാനിൽ സാധ്യതകൾ പരിശോധിച്ച് റഷ്യയും ഉസ്ബെക്കിസ്ഥാനും. ഇതിനുള്ള സർവേകൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ശരിയാണെങ്കിൽ കരയാൽ ചുറ്റപ്പെട്ട മധ്യേഷ്യൻ രാജ്യങ്ങൾക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശനം ഉറപ്പാക്കാൻ ഇത് സഹായിക്കും. വെള്ളിയാഴ്ചയാണ് ഉന്നത റഷ്യൻ മന്ത്രിമാർ ഈ വിവരം നൽകിയത്.
ട്രാൻസ്-അഫ്ഗാൻ റെയിൽവേയ്‌ക്കായുള്ള സർവേകൾ 2026 ൽ പൂർത്തിയാകുമെന്ന് 16-ാമത് അന്താരാഷ്‌ട്ര സാമ്പത്തിക ഫോറമായ ‘റഷ്യ-ഇസ്ലാമിക് വേൾഡ്: കസാൻ ഫോറം 2025’ ൽ ഉപപ്രധാനമന്ത്രി അലക്സി ഓവർചുക്ക് പറഞ്ഞു.
യൂറോപ്യൻ യൂണിയൻ , റഷ്യ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ട്രാൻസ്-അഫ്ഗാൻ ഗതാഗത ഇടനാഴി. ഉസ്ബെക്കിസ്ഥാന്റെ തെക്കൻ നഗരമായ ടെർമെസ്, അന്നത്തെ സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഒരു റെയിൽവേ വഴി വടക്കൻ അഫ്ഗാനിസ്ഥാനിലെ ഖൈരാറ്റാനുമായി ഇതിനകം ബന്ധിപ്പിച്ചിരിക്കുന്നുണ്ട്.
അതേ സമയം റെയിൽവേ വിദഗ്ധർ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
റഷ്യയിൽ നിന്നും ഉസ്ബെക്കിസ്ഥാനിൽ നിന്നുമുള്ള റെയിൽവേ വിദഗ്ധർ സംയുക്തമായി ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതിയുടെ സാധ്യതാ സർവേ തയ്യാറാക്കുകയാണ്. 2026 ന്റെ തുടക്കത്തിൽ സർവേ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഓവർചുക് പറഞ്ഞതായി വാർത്താ ഏജൻസി ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു.
അതേ സമയം ട്രാൻസ്-അഫ്ഗാൻ പാത മുഴുവൻ മേഖലയുടെയും ഭൂമിശാസ്ത്രത്തെയും ഗതാഗത ഭൂമിശാസ്ത്രത്തെയും മാറ്റിമറിക്കുമെന്ന് റഷ്യൻ ഡെപ്യൂട്ടി ഗതാഗത മന്ത്രി ദിമിത്രി സ്വെരേവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: