കണ്ണൂര്‍: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുരഭി നഗറിലെ രമേഷിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പതിനേഴ് പവന്‍ സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആഭരണങ്ങള്‍ മോഷണം പോയ വിവരം വീട്ടുകാരറിയുന്നത്. വീടിന് പുറക് വശത്തെ ജനല്‍ ചില്ല് തകര്‍ത്ത് കമ്പികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാര കുത്തിതുറന്ന് 17 പവന്‍ സ്വര്‍ണം മോഷ്ടിച്ച് കള്ളന്‍മാര്‍ കടന്നു കളയുകയായിരുന്നു.
രമേഷ് പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ദിവസങ്ങളായി വീട് പൂട്ടിയിട്ട നിലയിലായിരുന്നു.ഭാര്യ സുപ്രിയ രമേശനൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കുകയായരുന്നു. ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന കാര്യം മനസിലായത്.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗധരും പരിശോധന നടത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം വരെ പൊലീസ് നായ മണം പിടിച്ചെത്തി. ഫോറന്‍സിക് പരിശോധനയില്‍ സംശയാസ്പദമായി രണ്ട് വിരലടയാളങ്ങളും കണ്ടെത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: