ന്യൂദല്‍ഹി: ഭാരത പാക് സംഘര്‍ഷാനന്തരം ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു. ഭാരതം ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത് തടയാന്‍ ചൈനയുടെ വ്യോമ പ്രതിരോധത്തിനു കഴിഞ്ഞില്ല. ചൈനയുടെ ഫൈറ്റര്‍ ജെറ്റുകള്‍ക്കും ഭാരതത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാനായില്ല. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രതിരോധ ഓഹരികള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.
കണക്കുകള്‍ പ്രകാരം, ഹാങ്‌സെങ് ചൈന എ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫെന്‍സ് സൂചിക മൂന്ന് ശതമാനം ഇടിവ് നേരിട്ടു. ഭാരതം തകര്‍ത്ത ജെ 10 സി യുദ്ധവിമാനങ്ങളുടെ നിര്‍മാതാക്കളായ എവിക് ചെങ്ദു, ഷുഷൗ ഹോങ്ഡ എന്നിവ യഥാക്രമം 8.6 ശതമാനം, 6.3 ശതമാനം തകര്‍ന്നു. 2020-24 കാലയളവില്‍ പാകിസ്ഥാന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിറ്റത് ചൈനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. നെതര്‍ലാന്‍ഡ് (5.5%), തുര്‍ക്കി (3.8%) എന്നിങ്ങനെയാണ് പാകിസ്ഥാന്റെ ആയുധ കച്ചവടത്തിലെ വിഹിതം. ഭാരത പാക് സംഘര്‍ഷം യുദ്ധസമാനമായി മാറുന്ന സമയത്ത് ചൈനയിലെ പ്രതിരോധ ഓഹരികള്‍ കുതിച്ചുയര്‍ന്നിരുന്നു. ഈ സമയം നിരവധി ആളുകളാണ് ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. സംഘര്‍ഷത്തെ ചൈന പാകിസ്ഥാന് നല്‍കിയ പുത്തന്‍ ടെക്നോളജി അധിഷ്ഠിത ആയുധങ്ങളുടെ പരീക്ഷണകാലമായാണ് ചൈനീസ് കമ്പനികള്‍ കണ്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: