അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്നലെ രാത്രിയിൽ ജമ്മുവിന്റെ അതിർത്തി മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജമ്മു, സാംബ, കത്വവ, പഠാൻ കോട്ട് എന്നിവിടങ്ങളിലായിരുന്നു ഡ്രോണുകൾ എത്തിയത്.
എന്നാൽ ഡ്രോണുകൾ ഒന്നും തന്നെ അതിർത്തി കടന്നിട്ടില്ലെന്നും അതിർത്തി നിലവിൽ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു. സംഘർഷം ഒഴിഞ്ഞതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് രാത്രിയോടെ അടക്കുകയായിരുന്നു.
അതേസമയം, എയർ ഇന്ത്യയും വിമാന സർവ്വീസുകൾ നിറുത്തിവച്ചു. പാക് ഡ്രോണുകൾ കണ്ടതിനെ തുടർന്ന് ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള ഇന്നത്തെ സർവ്വീസുകൾ റദ്ദാക്കി. ഇന്നത്തെ ഇൻഡിഗോ വിമാന സർവ്വീസുകളും റദ്ദാക്കിയിരുന്നു. ജമ്മു, അമൃത്സർ, ലേ,രാജ്കോട്ട്, ജോധ്പുർ, ശ്രീനഗർ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്ന് സർവ്വീസില്ല.
ഡ്രോണുകൾ വന്ന സാഹചര്യം സേന വിലയിരുത്തുകയാണ്. പാകിസ്ഥാനെ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പാക് അതൃപ്തി പ്രകടമാക്കുന്നതെന്നാണ് വിലയിരുത്തൽ. സിന്ധു നദീജല കരാർ ഇന്ത്യ പാലിക്കണമെന്ന് പാകിസ്ഥാൻ ധനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: