ജയലക്ഷ്മി ടീച്ചര്‍ക്ക് വയസ് 72 കഴിഞ്ഞു. എന്നാലും ടീച്ചര്‍ എഴുത്ത് തുടരുകയാണ്. 2003 ലാണ് ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് പ്രായം 51. ബാലസാഹിത്യമായിരുന്നു. എത്രയോ രചനകള്‍ നടത്തി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച് കാലങ്ങള്‍ക്ക് ശേഷമാണ് പുസ്തകം അച്ചടിച്ചത്. 1952 ആഗസ്ത് ഒന്നിന് കണ്ണൂര്‍ ഇരിക്കൂറിനടുത്ത് ചേടിച്ചേരി ഗ്രാമത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.ടി. കേപ്പുക്കുട്ടി നായനാരുടേയും കനകത്തിടത്തില്‍ രോഹിണി അക്കമ്മയുടെയും ആറാമത്തെ കുട്ടിയായി ജനനം. പ്രാഥമിക വിദ്യാഭ്യാസം അച്ഛന്‍ സ്ഥാപിച്ച ചേടിച്ചേരി ദേശമിത്രം യുപി സ്‌കൂളില്‍. ഇരിക്കൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൂടാളിയിലുണ്ടായിരുന്ന വാല്മീകി സംസ്‌കൃത മഹാവിദ്യാലയത്തില്‍ ചേര്‍ന്ന് സംസ്‌കൃതാദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി.
1974 ല്‍ തറവാട് സ്‌കൂളായ ചേടിച്ചേരി ദേശമിത്രം യുപി സ്‌കൂളില്‍ സംസ്‌കൃതാദ്ധ്യാപികയായി. 1978 ല്‍ സംസ്‌കൃതം വിദ്വാന്‍ പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ചു. 1980 ല്‍ ബിഎ ഇംഗ്ലീഷും, 1985 ല്‍ സംസ്‌കൃതം എംഎയും 1991 ല്‍ ചൊവ്വ ബിഎഡ് സെന്ററില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ബിഎഡും പാസ്സായി. 1993 ല്‍ അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്ന് എംഎഡും നേടി. 1992 മുതല്‍ 1996 വരെ ചൊവ്വ ബിഎഡ് സെന്ററില്‍ ഗസ്റ്റ് അദ്ധ്യാപികയായി. 1996 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തിലും ബിരുദാനന്തര ബിരുദം നേടി. 2007 ല്‍ ചേടിച്ചേരി ദേശമിത്രം യുപി സ്‌കൂളിന്റെ പ്രഥമാദ്ധ്യാപികയായി. രണ്ട് വര്‍ഷത്തിന് ശേഷം വിരമിച്ചു. അന്നുവരെ സ്വന്തം ഗ്രാമത്തില്‍ താമസിച്ചിരുന്ന ടീച്ചര്‍ കുടുംബ സമേതം തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഋഷിദീപത്തിലേക്ക് താമസം മാറ്റി.
സര്‍വീസില്‍നിന്ന് വിരമിച്ച ശേഷവും 2008 മുതല്‍ 2011 വരെ കണ്ണൂര്‍ പിലാത്തറയിലുള്ള ഭാരതീയ സംസ്‌കൃത മഹാവിദ്യാലയത്തില്‍ അദ്ധ്യാപികയായും തുടര്‍ന്ന് രണ്ട് വര്‍ഷം അവിടെ പ്രിന്‍സിപ്പലായും സേവനം നടത്തി. സംസ്‌കൃതത്തോടുള്ള അതിരറ്റ സ്‌നേഹം കാരണം നിരവധി വിദ്യാലയങ്ങളിലും, കോളേജുകളിലും ടീച്ചറുടെ നേതൃത്വത്തില്‍ സംസ്‌കൃത സംഭാഷണ ശിബിരങ്ങള്‍ നടത്തി. ഇപ്പോഴും ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ശിബിരങ്ങള്‍ നടത്തും. മകനോടൊപ്പം തിരുവനന്തപുരത്താണ് ഇപ്പോള്‍ താമസം.
ദേശമിത്രം യുപി സ്‌കൂളിലെ സേവനത്തിനിടയില്‍ 5 വര്‍ഷം കണ്ണൂര്‍ ആകാശവാണിയില്‍ സുഭാഷിതം അവതരിപ്പിച്ചിട്ടുണ്ട്. ചര്‍ച്ച, പ്രഭാഷണം എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. ബാലഗോകുലം പ്രസിദ്ധീകരണമായ ‘മയില്‍പ്പീലി’യിലെ സ്ഥിരം എഴുത്തുകാരിയായിരുന്നു. നിരവധി ആനുകാലികങ്ങളിലും രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003 ല്‍ പ്രസിദ്ധീകരിച്ച ബാലസാഹിത്യത്തിന് ശേഷം 2007 ല്‍ ആയിരം കണ്ണുള്ള പീലി, 2013 ല്‍ ആനക്കൊരുമ്മ, 2014 ല്‍ സംസ്‌കൃതം ബാലകവിത, 2018 ല്‍ അക്ഷരപ്പാട്ട് എന്നിങ്ങനെ 5 ബാലസാഹിത്യങ്ങളും പ്രസിദ്ധീകരിച്ചു. 2005 ല്‍ നൂല്‍പ്പാലം കടക്കുന്ന പെണ്‍കുട്ടി, 2009 ല്‍ സിലബസില്‍ ഇല്ലാത്തത്, 2018 ല്‍ സാക്ഷി, 2021 ല്‍ എന്റെ കൃഷ്ണകഥ, 2024 ല്‍ തിരക്കുകള്‍ക്കിടയില്‍ എന്നിങ്ങനെ 5 കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
നല്ലൊരു പ്രഭാഷക കൂടിയാണ് ടീച്ചര്‍. മുപ്പതില്‍പ്പരം വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ബാലഗോകുലത്തിന്റെ പയ്യന്നൂര്‍ ജില്ല രക്ഷാധികാരിയായിരുന്ന ടീച്ചര്‍ ഗോകുലങ്ങളില്‍ പോകുമ്പോഴുണ്ടാകുന്ന സന്തോഷത്തിന് അതിരില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. കവിതാ രചനയാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. രചന കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിന് തുടക്കം കുറിച്ച ഡിപിഇപിയില്‍ ആരംഭിച്ച കുട്ടികളുടെ ആല്‍ബ നിര്‍മാണം ആരുടേയും നിര്‍ദ്ദേശമില്ലാതെ ടീച്ചര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. സംസ്‌കാരം, സാഹിത്യം, കല-കായികം, സാഹിത്യകാരന്മാരുടെ ചിത്രങ്ങളും ലഘു വിവരങ്ങളും, കൈയ്യെഴുത്തുകള്‍, മഹാത്മാഗാന്ധി തുടങ്ങി പ്രശസ്തരുടെ വിശേഷങ്ങള്‍, കൗതുക വാര്‍ത്തകള്‍, ചിത്രങ്ങള്‍, വിവിധ രാജ്യങ്ങളിലെ വിവാഹ വിശേഷങ്ങള്‍, പ്രശസ്ത വ്യക്തികളുടെ വിവാഹ ഫോട്ടോകള്‍, പക്ഷികളും, മൃഗങ്ങളും, ചെടികളും നിറഞ്ഞ പ്രകൃതിയുടെ ചിത്രങ്ങള്‍ എന്നീ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പന്ത്രണ്ടോളം ആല്‍ബങ്ങള്‍ തയ്യാറാക്കിയത് ഇന്നും ഒരു കേടും കൂടാതെ സൂക്ഷിച്ചിട്ടുണ്ട്.
കണ്ണൂര്‍ ചെറുശ്ശേരി സാഹിത്യവേദി ടീച്ചറെ അനുമോദിച്ചിട്ടുണ്ട്. കേരള വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസിക അവാര്‍ഡ്, തിരുവനന്തപുരം സംസ്‌കൃതി കലാനിധിയുടെ അക്ഷരശ്രീ കവിതിലകം അവാര്‍ഡ്, തിരുവനന്തപുരം ബുക്ക് കഫെയുടെ പെണ്‍പെരുമ, പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാലയുടെ 2024 ലെ ആദരവ് എന്നീ അംഗീകാരങ്ങള്‍ ഇതിനോടകം ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.
എസ്.കെ. കുഞ്ഞികൃഷ്ണനാണ് ഭര്‍ത്താവ്. നൂറോളം കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അടുത്തുതന്നെ ഇത് പ്രസിദ്ധീകരിക്കും. രണ്ട് ആണ്‍മക്കളില്‍ മൂത്തയാള്‍ കേരള സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ സുദീപ്, രണ്ടാമന്‍ ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായ ഋഷികേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: