പെഷവാർ : ബലൂചിസ്ഥാനെതിരെയുള്ള അടിച്ചമർത്തൽ നടപടികൾ പാകിസ്ഥാൻ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.
ക്വറ്റയിലെ സിവിൽ ആശുപത്രിയിലെ മോർച്ചറിയിൽ പാകിസ്ഥാൻ സൈന്യം വികൃതമാക്കിയ ബലൂചിസ്ഥാൻ സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വ്യാജ ഏറ്റുമുട്ടലുകളിൽ ഇതുവരെ കൊല്ലപ്പെട്ട 50-ലധികം പേരുടെ അഴുകിയ മൃതദേഹങ്ങൾ മോർച്ചറിയിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നതിന്റെ ഭയാനകമായ ഫോട്ടോകൾ ഇതിനോടകം പുറത്ത് വന്നു. ബലൂച് നാഷണൽ മൂവ്മെന്റിന്റെ (ബിഎൻഎം) മനുഷ്യാവകാശ വകുപ്പ് ആശുപത്രിയിലെ മോർച്ചറിയിൽ വികൃതമാക്കിയ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിക്കുകയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് മാന്യമായ ശവസംസ്കാരം നൽകണമെന്ന് മനുഷ്യാവകാശ സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് വികൃതമാക്കിയ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സംഘടന പങ്കിട്ടത്. കഴിഞ്ഞ മാസം പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിൽ രണ്ട് ഡസനിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും, അതിൽ ഒരു ഡസനോളം പേരെ അവരുടെ കുടുംബങ്ങൾ തിരിച്ചറിഞ്ഞ് സംസ്കരിച്ചിട്ടുണ്ടെന്നും, ബാക്കിയുള്ളവർക്ക് ശവസംസ്കാര ചടങ്ങുകൾ നിഷേധിക്കപ്പെട്ടതായും സംഘടന കുറ്റപ്പെടുത്തി.
പാകിസ്ഥാൻ സർക്കാരിനോടും ബന്ധപ്പെട്ട എല്ലാ മനുഷ്യാവകാശ സംഘടനകളോടും അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് സംഘടസംഘടന ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ സംഭവം എന്ന് സംഘടന പറഞ്ഞു. ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം ക്രൂരവും അക്രമാസക്തവുമായ അടിച്ചമർത്തൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ സുരക്ഷാ സേന മറ്റ് സഖ്യകക്ഷി സായുധ സംഘങ്ങളുമായി സഹകരിച്ച് ആളുകളെ വലിയ തോതിൽ തട്ടിക്കൊണ്ടുപോകൽ നടത്തിയതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇതിൽ പ്രധാനമായും വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ, സാധാരണ പൗരന്മാർ എന്നിവരെയാണ് ലക്ഷ്യമിട്ടത്.
അതേ സമയം മാർച്ചിൽ ബലൂചിസ്ഥാനിൽ 181 പേരെ നിർബന്ധിതമായി കാണാതാക്കുകയും 12 പേർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് സംഘടന അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: