ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാവലയം തീര്‍ത്ത് പോലീസും സൈന്യവും. ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയുമായി കശ്മീര്‍ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തു. 90 പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി. പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു. പതിനാലാം ദിവസവും ഭീകരര്‍ക്കായി അതിശക്തമായി തിരച്ചില്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് കശ്മീര്‍ ഐജി വി.കെ. ബിര്‍ദി. കസ്റ്റഡിയിലെടുത്ത 2800ല്‍ 90 പേര്‍ക്കെതിരേ പിഎസ്എ നിയമ പ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടപടികള്‍ തുടരുകയാണെന്നും ഐജി അറിയിച്ചു. പ്രശ്ന ബാധിത മേഖലകളില്‍ സുരക്ഷാ വിന്യാസം ശക്തമാക്കി. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ഇന്നലെ പൂഞ്ചിലെ സുരാന്‍കോട്ടില്‍ കരസേനയും കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തത്. കശ്മീര്‍ ഐജി വിളിച്ച സംയുക്ത സുരക്ഷാ അവലോകന യോഗത്തിന് പിന്നാലെയാണ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത നടപടിയുണ്ടായത്. പോലീസ്, സൈന്യം, രഹസ്യാന്വേഷണ ഏജന്‍സികള്‍, സിആര്‍പിഎഫ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, കശ്മീരില്‍ ഭീകരര്‍ക്കായി 14-ാം ദിവസവും തിരച്ചില്‍ തുടരുകയാണ്. അനന്ത്നാഗ് മേഖലയിലാണ് തിരച്ചില്‍. അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷാ വിന്യാസവും തുടരുന്നു. പാകിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: