ന്യൂദല്‍ഹി: പാകിസ്ഥാനെതിരെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ചെനാബ് നദിയുടെ ജലപ്രവാഹം ഇന്ത്യ തടഞ്ഞുവെച്ചതായാണ് റിപ്പോർട്ട്. ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ത്യ താഴ്ത്തി. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടികൾ ആസൂത്രണം ചെയ്യുന്നതായാണ് പിടിഐ റിപ്പോർട്ട്.
ഇന്ത്യയുടെ ഈ നീക്കം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെയാണ് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറില് നിന്നെത്തുന്ന ജലമാണ്. ബഗ്ലിഹാർ അണക്കെട്ട് ഇരു രാജ്യങ്ങൾക്കും ഇടയിൽ വളരെക്കാലമായി നിലനിൽക്കുന്ന തർക്ക വിഷയമാണ്. തർക്കം പരിഹരിക്കാൻ പാകിസ്ഥാൻ മുമ്പ് ലോകബാങ്കിന്റെ മധ്യസ്ഥത തേടിയിരുന്നു. ഝലം നദിയുടെ പോഷകനദിയായ നീലം നദിയിൽ അണക്കെട്ട് സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച് കിഷൻഗംഗ അണക്കെട്ടും നിയമപരവും നയതന്ത്രപരവുമായ പരിശോധനകൾക്ക് വിധേയമായിട്ടുണ്ട്.
റഷ്യയിലെ പാകിസ്ഥാൻ സ്ഥാനപതി മുഹമ്മദ് ഖാലിദ് ജമാലി ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇന്ത്യ നീരൊഴുക്ക് തടസപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ആക്രമണത്തിന് മുതിരുകയോ പാകിസ്ഥാനിലേക്കുള്ള ജല വിതരണം തടസപ്പെടുത്തുകയോ ചെയ്താൽ ആണവായുധം അടക്കമുള്ള മുഴുവൻ സൈനിക പടക്കോപ്പുകളും ഉപയോഗിക്കുമെന്നായിരുന്നു മുഹമ്മദ് ഖാലിദ് ജമാലിയുടെ ഭീഷണി.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്കിക്കൊണ്ടിരിക്കുന്നത്. സിന്ധു നദിയില്‍ ഡാം പണിത് പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയുമെന്നതായിരുന്നു ആദ്യ പ്രതികരണം. പിന്നീട് പാക് പൗരന്മാരെ തിരിച്ചയക്കല്‍, വിസ റദ്ദാക്കലും അനുവദിക്കാതിരിക്കലും, വാണിജ്യ ബന്ധം നിര്‍ത്തല്‍ തുടങ്ങിയ കടുത്ത നടപടികളും ഇന്ത്യ കൈക്കൊണ്ടു.പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാത്തരം ഇറക്കുമതിയും ഇന്നലെ അവസാനിപ്പിച്ചിരുന്നു. പാകിസ്ഥാന് കപ്പലുകള്‍ക്കും ഇന്ത്യന്‍ തുറമുഖത്ത് വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാനില്‍ നിന്നുള്ള തപാല്‍, പാഴ്സല്‍ ഇടപാടുകളും റദ്ദാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാജസ്ഥാന് അതിര്‍ത്തിയില്‍നിന്ന് ഒരു പാകിസ്താന് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റേഞ്ചര്‍ ഇന്ത്യയുടെ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള ശനിയാഴ്ച രാത്രിയിലെ പാക് പ്രകോപനം. അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പൂര്‍ണംകുമാര്‍ സാഹു നിലവില്‍ പാകിസ്ഥാന്റെ പിടിയിലാണുള്ളത്. ഏപ്രില്‍ 23-നാണ് ഇദ്ദേഹം പാകിസ്ഥാന്റെ പിടിയില്‍ അകപ്പെടുന്നത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് റേഞ്ചറെ ഇന്ത്യ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: