തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിന് താന്‍ അഴിമതി ആരോപണമുന്നയിച്ച വി ഡി സതീശന്റെ കാരുണ്യത്തിനു കാത്ത് നിലമ്പൂര്‍ സിംഹം പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേറ്ററും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വറെ എങ്ങിനെ യുഡി എഫുമായി സഹകരിപ്പിക്കണമെന്ന് ഇനി പ്രതിപക്ഷ നേതാവ് തീരുമാനിക്കും. മുന്നണിയില്‍ സഹകരിപ്പിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന യുഡി എഫ് യോഗം തീരുമാനിച്ചുവെങ്കിലും അത് എങ്ങിനെ വേണം എന്നത് സതീശന് വിട്ടിരിക്കയാണ്.
കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്മാരില് നിന്ന് 150 കോടി രൂപ കൈപ്പറ്റിയെന്ന് മുന്‍പ് സതീശനെതിരെ കടുത്ത അഴിമതി ആരോപണം ഉന്നയിച്ച അന്‍വറെ സതീശന് വേണം ഇനി കൈപിടിച്ചു മുന്നണിയിലെത്തിക്കാന്‍. അന്‍വറിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വിശദമായി സംസാരിച്ചുവെന്നും തീരുമാനമായതായും നേരത്തെ വി.ഡി. സതീശന് വ്യക്തമാക്കിയിരുന്നു. മുന്നണിയില്‍ കയറിക്കൂടിക്കഴിഞ്ഞാല്‍ ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്തതുപോലെയാവുമോ എന്നതാണ് യുഡിഎഫിന്റെ ഭയം. പാലുകൊടുത്ത പിണറായിയുടെ കൈക്കിട്ടു കൊത്തിയിട്ടാണ് യുഡിഎഫിലേക്ക് അന്‍വറുടെ വരവ് . എങ്കിലും 9 വര്‍ഷം എംഎല്‍എ ആയിരുന്ന അന്‍വറിന്റെ പിന്തുണ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കടക്കാന്‍ തങ്ങളെ സഹായിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: