കോട്ടയം: അയര്‍ക്കുന്നത്ത് യുവ അഭിഭാഷക രണ്ട് പെണ്മക്കളുമായി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും 14 ദിവസം റിമാന്റ് ചെയ്തു. ജിസ്മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മിയും അച്ഛന് ജോസഫുമാണ് റിമാന്‍ഡിലായത്.
രണ്ട് പേരെയും ഇന്നലെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവര്‍ക്കുമെതിരെ നിര്‍ണായക തെളിവുകള്‍ കിട്ടിയിരുന്നു നടപടി. ഗാര്‍ഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയാണ് അറസ്റ്റ്.
ഹൈക്കോടതി അഭിഭാഷകയായിരുന്ന ജിസ്മോളെ ശാരീരികവും മാനസികവുമായി ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്നായിരുന്നു കുടുംബം പൊലീസിന് നല്കിയ പരാതി.നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തരം അപമാനിക്കപ്പെട്ടു.
ജിസ്മോളുടെയും ജിമ്മിയുടെയും ജോസഫിന്റെയും ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നതോടെ തെളിവുകള്‍ ശക്തമായി. മാനസിക പീഡനം വ്യക്തമാകുന്ന ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം.തുടര്‍ന്നാണ് ഏറ്റുമാനൂര്‍ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. നാല് മണിക്കൂറിലേറെ വിശദ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
കൂട്ട ആത്മഹത്യക്ക് തൊട്ടുപിറകെതന്നെ ജിസ്മോളുടെ കുടുംബം കോട്ടയം എസ് പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കേസില്‍ നടപടി വൈകുന്നെന്നാരോപിച്ച് നാട്ടുകാരും പ്രതിഷേധ സമരം നടത്തിയിരുന്നു. തൊട്ടുപുറകെ, മുഖ്യമന്ത്രിക്കും ജിസ്മോളുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: