തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതികള്‍ നീണ്ടു പോകുന്നെന്നും പരാതിക്കാരന് നീതി ലഭിക്കുന്നില്ലെന്നും ഉള്ള പരാതികള്‍ ഇനി ഉണ്ടാകില്ല. പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതും എന്നാല്‍ പിന്നീട് ക്രിമിനല്‍ കേസ് ആകാന്‍ സാധ്യതയുള്ളതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാര് ലീഗല്‍ സര്‍വീസ് അതോറിറ്റി അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് സമയം. ഇതിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 3 ന് രാവിലെ 10 ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റിസ് ഡോ. കൗസര്‍ ഇടപ്പഗത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സ്പെഷ്യല്‍ ജഡ്ജുമായ എസ്.ഷംനാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് , റുറല്‍ എസ്പി കെ.കെ.എസ് സുദര്ശനന് എന്നിവര്‍ പങ്കെടുക്കും.
സിവില്‍വ്യവഹാരങ്ങളും, നിസാരമായ ക്രിമിനല്‍ തര്‍ക്കങ്ങള്‍ എന്നിവയില്‍ പോലീസിന് വേഗത്തില്‍ കേസ് എടുത്ത് വാദിക്ക് അനുകൂലമായ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ കക്ഷികള്‍ പ്രശ്നം സങ്കീര്‍ണ്ണമാക്കി വലിയ കേസുകളിലേക്ക് പോകുന്ന സാഹചര്യം സംസ്ഥാനത്ത് കൂടുതല്‍ ആയി വരുന്ന സാഹചര്യത്തിലാണ് സമയത്തിന് പ്രധാന്യം നല്കി കൊണ്ട് നീതി വേഗത്തില്‍ കക്ഷികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കിയാല് പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതും പിന്നീട് ക്രിമിനല്‍ കേസ് ആകാന്‍ സാധ്യതയുള്ള കേസുകളില്‍ മധ്യസ്ഥത വഹിച്ച് തീര്‍പ്പാക്കമെന്ന് കേരള പോലീസ് ആക്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈക്കാര്യം മനസിലാകാതെ കക്ഷികള്‍ തന്നെ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് ഉള്ളത്.ഈ സാഹചര്യത്തില്‍ എസ്എച്ച്ഒ മാര്‍ക്ക് കേസ് ഉടന്‍ തന്നെ ഡിഎല്‍എസ്എ ക്കോ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി കൈമാറാം. തുടര്‍ന്ന് ഡിഎല്‍എസ്എയിലോ, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയിലേയോ ബന്ധപ്പെട്ട കണ്‍സിലിയേറ്റര്‍ (പരിശീലനം ലഭിച്ച പാനല്‍ ലോയര്‍) ഇരുകക്ഷികളുമായി മധ്യസ്ഥത ചര്‍ച്ച നടത്തി പ്രശ്നം ഇരു കക്ഷികള്‍ക്കും സ്വീകാര്യമായ രീതിയില്‍ ഒരു കരാറില്‍ ഏര്‍പ്പെടുകയും, ആ കരാര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തില്‍ ജഡ്ജ്മെന്റായി പുറപ്പെടുവിക്കും. അത് ഒരു കോടതി വിധി പോലെ തുല്യമായിരിക്കും. മാത്രമല്ല അതിന് മേല്‍, മേല്‍ കോടതികളില്‍ അപ്പീല്‍ നല്കാന് സാധ്യമല്ല. ഇരുകക്ഷികളും വന്ന് ചേരുന്ന ആദ്യ ദിവസം തന്നെ ഇതിലൂടെ പ്രശ്നം. പരിഹരിക്കാനാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
കേരള ഹൈക്കോടതി അധ്യക്ഷനും, കെല്‍സ എക്സിക്യൂട്ടീവ് ചെയര്മാന് നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന തലത്തിലെ സമയം പദ്ധതിയുടെ സ്റ്റിയറിംഗ് കമ്മിറ്റി. ഒരു അഭിഭാഷകനായിരിക്കും പദ്ധതിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സംസ്ഥാന ജില്ലാ തലത്തിലും പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര് നോഡല്‍ ഓഫീസറായിരിക്കും. ഇവരെ സംസ്ഥാന പോലീസ് മേധാവിയാകും നിയമിക്കുക. കൂടാതെ പോലീസ് സ്റ്റേഷന് തലത്തിലും നോഡല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരിക്കും. ജില്ലാ തലത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറ്റിയും താലൂക്ക് തലത്തില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുമായിരിക്കും ഇതിന്റെ നടത്തിപ്പ് എന്ന് സിറ്റി പോലീസ് ഓഫീസില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സ്പെഷ്യല്‍ ജഡ്ജുമായ എസ്.ഷംനാദ്, ഡി സി പി ( അഡ്മി) എസ്.എം സഹിര്‍ , സൈബര്‍ സിറ്റി എ സി പി ജെ.കെ. ഡി നില് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: