തൃശൂര്‍: തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സുകാന്തിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് അറിയുന്നത്.ചാവക്കാട് സ്റ്റേഷനില്‍ ഇരുവരും ഹാജരാവുകയായിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു. ഇന്നാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.
ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്ത്തകന് സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്ത് വിവാഹ വാഗ്ദാനം നല്കി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തതിലെ മാനസിക പ്രയാസമാണ് യുവതി ജീവനൊടുക്കാന്‍ കാരണമെന്നാണ് ആരോപണം.യുവതി ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകളും ലഭിച്ചിരുന്നു.മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: