കോട്ടയം: ഇടുക്കി ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകരടക്കം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിവാദ ഉത്തരവ്. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഉത്തരവിറക്കിയത്. ചൊവ്വാഴ്ച രാവിലെ ചെറുതോണിയില്‍ നടക്കുന്ന ഘോഷയാത്രയിലും മറ്റും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദേശം. കട്ടപ്പനയിലെ പത്തു സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഉത്തരവ് കൈമാറിയിരിക്കുന്നത്. സാധാരണ വാക്കാല്‍ നിര്‍ദേശം നല്‍കാറുണ്ടെങ്കിലും ഇത് ഉത്തരവായി പുറത്തിറക്കുന്നത് അപൂര്‍വമാണ്. വാര്‍ഷികാഘോഷം ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ നേട്ടത്തിനുള്ള പരിപാടിയാണെന്ന് ഇടതുനേതാക്കള്‍ തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും മറ്റും നിര്‍വഹണ ഉദ്യോഗസ്ഥരെന്ന നിലയ്ക്ക് പരിപാടിയില്‍ സജീവമാണെങ്കിലും ഘോഷയാത്രയില്‍ ആളെക്കൂട്ടാന്‍ അധ്യാപകരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നത് വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരവായി ഇറങ്ങിയ നിലയ്ക്ക് പരിപാടിക്ക് എത്താതിരുന്നാല്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് അധ്യാപകരുടെ ഭയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: