തൃശൂര്‍ : ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയതില്‍ മുഖ്യപ്രതി നാരായണദാസ് പൊലീസ് കസ്റ്റഡിയിലായതോടെ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷീല സണ്ണി. നാരായണദാസിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ട്.
തന്റെ ബാഗിലും സ്കൂട്ടറിലും വ്യാജ ലഹരി വസ്തു വച്ചതിന് പിന്നില്‍ മരുമകളും അവരുടെ സഹോദരിയും ആണെന്ന് ഷീല സണ്ണി പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ് അന്വേഷണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്തത്.മുഖ്യ പ്രതി നാരായണ ദാസിനായി രണ്ടു മാസമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത്.
ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്.ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കള്‍ ഷീലാ സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും വച്ചത് ആരാണെന്ന് വ്യക്തമാകുമെന്നാണ് കരുതുന്നത്.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചെന്ന് കേസില്‍ ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്.ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരം അനുസരിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 72 ദിവസമാണ് ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞത്. സംഭവത്തില്‍, എക്സൈസിന് വ്യാജ വിവരം നല്‍കിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: