ഇടവക്കോട്: നഗരസഭയിലെ ഏറ്റവും മോശപ്പെട്ട റോഡിനുള്ള അവാര്‍ഡ് ഉണ്ടെങ്കില്‍ അത് ഉറപ്പായും ഇടവക്കോടിനായിരിക്കുമെന്ന് ജനസദസ്സ്. വാര്‍ഡിലെ ഏതാണ്ട് എല്ലാ റോഡുകളും പൊട്ടിപ്പൊളിഞ്ഞതാണ്. കാല് നടപോലും ദുരിതമാകുന്ന റോഡുകളും ഉണ്ട്. കുടിവെള്ളം, ഡ്രയിനേജ്, ഗ്യാസ് പൈപ്പ് എന്നിവയ്ക്കായി റോഡ് കുത്തിപ്പൊളിക്കും. ഒരു കൂട്ടര് പൊളിച്ച് മാസങ്ങള്‍ക്കുശേഷം മൂടും. അപ്പോള്‍ അടുത്ത കൂട്ടര് പൊളിക്കാനെത്തും. അതും മൂടാന്‍ മാസങ്ങളെടുക്കും. ഫലത്തില്‍ വര്‍ഷം മുഴുവന്‍ റോഡ് കുത്തിപ്പൊളിഞ്ഞ നിലയിലായിരിക്കും. നാലുവര്‍ഷമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡും ഉണ്ട്. ഓട്ടോ റിക്ഷാ പിടിച്ചാല്‍ പോലും ഇടവക്കോട് എന്നു പറയുമ്പോള്‍ വരില്ല. റോഡ് മോശമായതിനാല്‍ ചവറു ശേഖരണവും കാര്യക്ഷമമല്ല.
ഇടവക്കോട് ചെമ്പക റോഡിന്റെ ദുസ്ഥിതിയെപറ്റി പരാതി പറഞ്ഞ് മടുത്തതായും ഇടവക്കോട് കല്ലമ്പള്ളി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുപോലും മോശമായികിടക്കുന്നതായും ജനസഭയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. റോഡ് മണ്ണിട്ട് മൂടാന്‍ അനുവാദം നല്കിയാല് വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന റോഡുകള്‍ നാട്ടുകാര്‍ നേരിട്ട് ശരിയാക്കാം. ആരും ചോദ്യം ചെയ്യുന്നില്ല എന്നതാണ് ദുരിതത്തിന് കാരണം എന്ന വിമര്‍ശനവും ഉയര്‍ന്നു.
പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം പാഴാകുന്നത്ത നിത്യ സംഭവമാണ്. റോഡില്‍ വെള്ളക്കെട്ടു വന്നാലും പൈപ്പ് മാറ്റല്‍ നടക്കാറില്ല. മുളമൂട് ആട്ടറത്തതറ ഭാഗത്തെ 125 കുടുംബങ്ങള്‍ക്ക് കുടിവെള്ളം പ്രശ്നമാണ്. റോഡ് സംബന്ധിച്ച കേസ് ഉണ്ടായിരുന്നതിനാല്‍ പൈപ്പ് സ്ഥാപനം മുടങ്ങിയതാണ്. കേസ് തീര്‍പ്പായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ പൈപ്പ് വന്നില്ല.
ശ്രീകാര്യം കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന്, ശ്രീകാര്യത്ത് പൊതു ചന്ത, മണ്ഡലത്തില്‍ മെഡിക്കല്‍ എയിഡ്പോസ്റ്റ്, കഴക്കൂട്ടം കേശവദാസപുരം റോഡ് വികസനം, പൊതുകളിസ്ഥലം, ക്യാമറ നിരീക്ഷണം ശക്തമാക്കല്‍, വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹനം.. തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു. മയക്ക് മരുന്ന് ഉപയോഗിക്കുന്ന സംഘങ്ങളുടെ സാന്നിധ്യം തലവേദന ഉണ്ടാക്കുന്നതായും സൂചിപ്പിക്കപ്പെട്ടു. റസിഡന്‍സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ആര് ജ്യോതീഷ് അധ്യക്ഷം വഹിച്ചു. ജി. രമാദേവി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ഓണ്‍ ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: